‘അവശിഷ്ട മദ്യ’ത്തിന്റെ സ്വാധീനമില്ലെന്ന് പൊലീസ് ഉറപ്പാക്കണം, പരിശോധനയ്ക്ക് മുന്‍പ് ബ്രെത്ത്അലൈസര്‍ റീഡിങ് 0.000 ആകണമെന്ന് ഹൈക്കോടതി

കൊച്ചി: ഡ്രൈവര്‍മാരെ ബ്രെത്ത്അലൈസര്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് മുന്‍പ് ഉപകരണത്തിന്റെ റീഡിങ് പൂജ്യമാണെന്ന് ഉറപ്പാക്കാന്‍ പൊലീസിന് ബാധ്യതയുണ്ടെന്ന് കേരള ഹൈക്കോടതി. ബ്രെത്ത്അലൈസര്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുന്‍ പരിശോധനകളില്‍ നിന്നുള്ള ഏതെങ്കിലും അവശിഷ്ട മദ്യത്തിന്റെ സ്വാധീനമില്ലെന്ന് ഉറപ്പാക്കണം എന്നുമാണ് കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ മതിയായ നടപടികള്‍ സ്വീകരിക്കണം എന്നാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം.
തിരുവനന്തപുരം സ്വദേശി ശരണ്‍ കുമാര്‍ എസ് എന്നയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്. 2024 ഡിസംബര്‍ 30 ന് രാത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്-കുമാരപുരം റോഡില്‍ വാഹന പരിശോധനയ്ക്കിടയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ഹര്ജിക്കാരന് മദ്യം കഴിച്ചിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ബ്രെത്ത്അലൈസര്‍ പരിശോധന നടത്തിയ ശേഷം കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, അന്തിമ റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കിയ ബ്രെത്ത്അലൈസര്‍ പരിശോധനയുടെ പ്രിന്റൗട്ടില്‍, ഹര്‍ജിക്കാരന്റെ ശ്വസന സാമ്പിള്‍ എടുക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ ബ്ലാങ്ക് ടെസ്റ്റിലെ റീഡിംഗ് 412 എംജി /100 എംഎല് ആണെന്നാണ് കാണിക്കുന്നത് എന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടുന്നു.
ഇക്കാര്യം പരിശോധിച്ച ശേഷമാണ് കോടതി ബ്രെത്ത് ആല്‍ക്കഹോള്‍ പരിശോധനാ ഉപകരണം ഉപയോഗിച്ച് ബ്രെത്ത് സാമ്പിള്‍ എടുക്കുന്നതിന് മുമ്പ് എയര്‍ ബ്ലാങ്ക് ടെസ്റ്റ് നടത്തുകയും കാലിബ്രേഷന്‍ ‘പൂജ്യം’ ആണെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണെന്നും ചൂണ്ടിക്കാട്ടിയത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഇത്തരം മാനദണ്ഡമാണ് പിന്തുടരുന്നത് എന്നും കോടതി ചൂണ്ടിക്കാട്ടി. ഡിജിസിഎ പരിശോധന നടത്തുന്ന ഉപകരണത്തില്‍ എയര്‍ ബ്ലാങ്ക് ടെസ്റ്റ് നടത്തുകയും ഓരോ ബ്രെത്ത്അലൈസര്‍ പരിശോധനയ്ക്ക് മുമ്പും ‘0.000’ റീഡിംഗ് നേടുകയും ചെയ്യേണ്ടത് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും കോടതി അറിയിച്ചു.






