Breaking NewsBusinessIndiaLead NewsNEWSNewsthen SpecialpoliticsTRENDINGWorld
Trending

ചൈനയുടെ ഉപരോധം; ഇന്ത്യന്‍ ഇലക്‌ട്രോണിക്‌സ് മേഖല വന്‍ പ്രതിസന്ധിയില്‍; 32 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന് മുന്നറിയിപ്പ്; ജപ്പാനില്‍നിന്ന് ഇറക്കുമതി നാലിരട്ടി വിലയ്ക്ക്; മോദിയുടെ സന്ദര്‍ശനത്തിനു മുമ്പായി ഉന്നയിച്ച മൂന്ന് ആവശ്യങ്ങളും ചൈന തള്ളി

ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ.) സമ്മിറ്റില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളില്‍ ഒന്നില്‍പ്പോലും പഹല്‍ഗാം ആക്രമണത്തെ അപലപിച്ചുകൊണ്ടുള്ള ഒരു വരിപോലും എഴുതിച്ചേര്‍ക്കാന്‍, രാജ്നാഥ് സിംഗ് മുതല്‍ എസ് ജയശങ്കര്‍ വരെയുള്ളവര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും, ചൈനീസ് അധികൃതര്‍ അനുവദിച്ചില്ല

ന്യൂഡല്‍ഹി: 2020ലെ സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ ചൈനീസ് ഉത്പന്നങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയ നടപടികള്‍ ഇന്ത്യക്കുതന്നെ തിരിച്ചടിയാകുന്നെന്നു റിപ്പോര്‍ട്ട്. ഇന്ത്യക്കെതിരേ അനൗദ്യോഗികവും കൃത്യമയാ ലക്ഷ്യമിട്ടും ചൈന ഏര്‍പ്പെടുത്തിയ വ്യാപാര ഉപരോധം ഇന്ത്യയുടെ സ്മാര്‍ട്ട് ഫോണ്‍, ഇലക്‌ട്രോണിക് വ്യവസായത്തെ ഗുരുതരമായി ബാധിച്ചെന്നാണു റിപ്പോര്‍ട്ട്.

ചൈനയുമായി ബന്ധപ്പെട്ട സമീപകാലത്ത് ഇന്ത്യ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധിക്കാന്‍ പോലും ചൈനീസ് അധികൃതര്‍ തയാറായില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. എട്ടു ദിവസത്തിനിടെ അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്നും ചെന്നിടങ്ങളിലെല്ലാം ദേശീയ ബഹുമതികള്‍ നല്‍കി ഇന്ത്യന്‍ പ്രധാനമന്ത്രിയെ ആദരിച്ചെന്നും പ്രചാരണം ശക്തമാകുമ്പോഴാണ് ഇന്ത്യന്‍ മന്ത്രിമാരുടെ സന്ദര്‍ശനങ്ങള്‍ പ്രത്യേകിച്ചു ഗുണമുണ്ടാക്കുന്നില്ലെന്ന ആരോപണം ഇന്ത്യന്‍ വ്യവസായ മേഖലകളില്‍നിന്നുതന്നെ ഉയരുന്നത്.

Signature-ad

സെല്ലുലാര്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷന്‍ (ഐസിഇഎ) സര്‍ക്കാരിനു നല്‍കിയ കത്തിലാണ് ഇന്ത്യന്‍ ഇലക്‌ട്രോണിക്‌സ് മേഖല അനുഭവിക്കുന്ന ഗുരുതര പ്രതിസന്ധികള്‍ പുറത്തുവരുന്നത്. ഈ നിലയില്‍ മുന്നോട്ടുപോയാല്‍ 32 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നഷ്ടമുണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു. ചൈനയില്‍നിന്നുള്ള ഉപകരണങ്ങള്‍, പ്രത്യേക മെഷീനുകള്‍, നിര്‍ണായക പാര്‍ട്‌സുകള്‍ എന്നിവയ്ക്കാണ് ചൈന അനൗദ്യോഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പല ചരക്കുകളും ചൈനീസ് തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുകയാണ്. ജപ്പാന്‍, സൗത്ത് കൊറിയ എന്നിവിടങ്ങളില്‍നിന്ന് ഇലക്‌ട്രോണിക്‌സ് മേഖലയ്ക്ക് ആവശ്യമായ ഇറക്കുമതി ചെയ്താല്‍ അതു നാലു മടങ്ങ് വിലകൂടുതലാണെന്നും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ എട്ടുമാസമായി കയറ്റുമതിയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഠ ഇന്ത്യ കിണഞ്ഞു പരിശ്രമിച്ചു, നടന്നില്ല

ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ.) സമ്മിറ്റില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളില്‍ ഒന്നില്‍പ്പോലും പഹല്‍ഗാം ആക്രമണത്തെ അപലപിച്ചുകൊണ്ടുള്ള ഒരു വരിപോലും എഴുതിച്ചേര്‍ക്കാന്‍, രാജ്നാഥ് സിംഗ് മുതല്‍ എസ് ജയശങ്കര്‍ വരെയുള്ളവര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും, ചൈനീസ് അധികൃതര്‍ അനുവദിച്ചില്ല.

ചൈനയിലെ യാര്‍ലംഗ് സാംഗ്പോ നദിയില്‍ (ഇന്ത്യയുടെ ബ്രഹ്‌മപുത്ര) തിബത്തന്‍ മേഖലയില്‍ 167 ബില്യണ്‍ ഡോളറിന്റെ വന്‍കിട അണക്കെട്ടുകള്‍ പണിയാനുള്ള തീരുമാനവുമായി ചൈനീസ് ഭരണകൂടം മുന്നോട്ടുപോകുകയാണ്. ഇതു സംബന്ധിച്ചുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ പ്രതിഷേധങ്ങള്‍ പരിഗണിക്കാന്‍ ചൈനീസ് അധികൃതര്‍ തയാറായിട്ടില്ല. മാത്രമല്ല, ബ്രഹ്‌മപുത്ര നദിയുമായി ബന്ധപ്പെട്ട ഹൈഡ്രോളജിക്കല്‍ ഡാറ്റാ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിക്കാനും ചൈനീസ് അധികൃതര്‍ തയ്യാറല്ലെന്നതാണ് മനസിലാകുന്നത്.

ഏറ്റവും ഒടുവില്‍, ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വില്‍ക്കുന്നതില്‍ ചൈനീസ് അധികൃതര്‍ അനൗദ്യോഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് ഇന്ത്യയുടെ സെല്ലുലാര്‍ ആന്റ് ഇലക്ട്രോണിക് അസോസിയേഷന്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇലക്ട്രോണിസ് ഉപകരണ വില്പനയുമായി ബന്ധപ്പെട്ട് ഏതാണ്ട് 32 ബില്യണ്‍ ഡോളറിന്റെ കച്ചവട സ്വപ്നങ്ങളുടെ കടയ്ക്കലാണ് ഇതുവഴി ചെനീസ് ഭരണകൂടം കത്തിവെച്ചിരിക്കുന്നത്.

ഇന്ത്യന്‍ പ്രധാനമന്ത്രി ചൈന സന്ദര്‍ശിക്കാനുള്ള നടപടികള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് മേല്‍പ്പറഞ്ഞ മൂന്ന് സുപ്രധാന രാഷ്ട്രീയ തീരുമാനങ്ങള്‍ ചൈന കൈക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ നരേന്ദ്ര മോദിയുടെ ‘ഇമേജ്’ വര്‍ധിപ്പിക്കാനുള്ള സൂത്രപ്പണികള്‍ക്ക് അപ്പുറത്ത് രാജ്യ താത്പര്യം സംരക്ഷിക്കുന്നതോ ഉയര്‍ത്തിപ്പിടിക്കുന്നതോ ആയ യാതൊരു ഫലവും സൃഷ്ടിക്കുന്നു എന്നതിനു തെളിവുകളില്ല. മോദിക്കു വിദേശ രാജ്യങ്ങളില്‍നിന്നു ലഭിക്കുന്ന ബഹുമതികള്‍ക്കപ്പും ഇന്ത്യയുടെ വാണിജ്യ-നയതന്ത്ര വിജയങ്ങളായി മാറ്റാവുന്നതൊന്നും അദ്ദേഹത്തിന്റെ സന്ദര്‍ശങ്ങള്‍ കൊണ്ട് ഉണ്ടാകുന്നില്ല എന്നു വ്യക്തമാക്കുന്നതാണു ചൈനയുടെ നടപടികളെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ഠ നിയന്ത്രണം നീക്കണം: നിതി ആയോഗ്

ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനുള്ള കര്‍ശന വ്യവസ്ഥകളില്‍ ഇളവു നല്‍കണമെന്ന് നിതി ആയോഗ് ശിപാര്‍ശ ചെയ്ത് കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണെന്നാണു റിപ്പോര്‍ട്ട്. നിലവില്‍ ഇന്ത്യന്‍ കമ്പനികളില്‍ ചൈനീസ് നിക്ഷേപത്തിനു മുന്നോടിയായി ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെ അനുമതി ആവശ്യമാണ്. എന്നാല്‍, 24 ശതമാനംവരെയുള്ള നിക്ഷേപങ്ങള്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ അനുവദിക്കണമെന്നും നിതി ആയോഗിലെ പേരുവെളിപ്പെടുത്താത്ത മൂന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യയിലേക്കു നേരിട്ടുള്ള നിക്ഷേപം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണു നിര്‍ദേശം നല്‍കിയതെന്നും വ്യവസായ വകുപ്പ്, ധനവകുപ്പ്, വിദേകാര്യ വകുപ്പ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ഇതേക്കുറിച്ചു പഠിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു.

നിതി ആയോഗ് സമര്‍പ്പിക്കുന്ന എല്ലാ റിപ്പോര്‍ട്ടുകളും അതേപടി സര്‍ക്കാര്‍ പരിഗണിക്കാറില്ല. എന്നാല്‍, 2020ല്‍ ഉണ്ടായ സംഘര്‍ഷത്തിനുശേഷം ഇന്ത്യയും ചൈനയും പരസ്പര ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് എന്നതാണു ശ്രദ്ധേയം. എന്തു തീരുമാനമുണ്ടാകണമെങ്കിലും അതിനു മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും. രാഷ്ട്രീയക്കാരും ഇത് ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്. വ്യവസായ വകുപ്പ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തണമെന്ന നിലപാടുള്ളവരാണ്. എന്നാല്‍, മറ്റു വകുപ്പുകള്‍ ഇതുവരെ വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടില്ല. നിതി ആയോഗ്, മന്ത്രിമാര്‍, ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവര്‍ ഇക്കാര്യത്തില്‍ ഔദേ്യാഗികമായി പ്രതികരിച്ചിട്ടില്ല.

2020ലെ അതിര്‍ത്തി സംഘര്‍ഷത്തിനു പിന്നാലെയാണ് ഇന്ത്യ ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്‌കരണവും നിക്ഷേപങ്ങളില്‍ നിയന്ത്രണവും കൊണ്ടുവന്നത്. ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയുടെ നിയന്ത്രണം പ്രതിസന്ധിയുണ്ടായിരുന്നു. ഈ ലാക്കുനോക്കി യൂറോപ്പ് അടക്കം മറ്റു രാജ്യങ്ങളില്‍നിന്നുള്ള കമ്പനികള്‍ ഇവിടെ നിക്ഷേപം വ്യാപിപ്പിച്ചു. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളാണ് ഏറെയും എത്തിയത്. പ്രതിരോധം, ബാങ്കിംഗ്, മാധ്യമങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ നിയന്ത്രണങ്ങളോടെയുള്ള നിക്ഷേപങ്ങളുമുണ്ടായി.

2023ല്‍ ചൈനയുടെ ബിവൈഡി ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് ഒരുങ്ങിയിരുന്നു. ലോകത്തെ മുന്‍നിര ഇലക്ട്രിക് കാര്‍ കമ്പനിയുടെ വാഗ്ദാനങ്ങള്‍ നിയന്ത്രണം കടുപ്പിച്ചതോടെ അലമാരയ്ക്കുള്ളിലായി. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനു പിന്നാലെ വിദേശ നിക്ഷേപങ്ങള്‍ ആഗോളതലത്തില്‍ മന്ദീഭവിച്ചിട്ടുണ്ട്. ചൈനയില്‍നിന്നുള്ള നിക്ഷേപത്തില്‍ നിയന്ത്രണംവന്ന് ഇന്ത്യയെയും ബാധിച്ചു. വിദേശത്തുനിന്നുള്ള നേരിട്ടുള്ള നിക്ഷേപം റെക്കോഡ് താഴെയായി. 2021ല്‍ 43.9 ബില്യണ്‍ ഡോളര്‍ നിക്ഷേപമുണ്ടായപ്പോള്‍ കഴിഞ്ഞവര്‍ഷം ഇത് 353 ദശലക്ഷം ഡോളര്‍ മാത്രമായി കുത്തനെ ഇടിഞ്ഞു.

Back to top button
error: