വിദേശ നിക്ഷേപം തവിടുപൊടി; ചൈനയുമായുള്ള വ്യാപാരം പുനസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി നിതി ആയോഗ്; കര്‍ശന വ്യവസ്ഥകള്‍ നീക്കണം; വ്യവസായ വകുപ്പിന് അനുകൂല നിലപാട്; ജയ്ശങ്കറിന്റെ യാത്രയ്ക്കു പിന്നാലെ പ്രതീഷിക്കുന്നത് വന്‍ മാറ്റങ്ങള്‍

ന്യൂഡല്‍ഹി: ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനുള്ള കര്‍ശന വ്യവസ്ഥകളില്‍ ഇളവു നല്‍കണമെന്ന് നിതി ആയോഗ് ശിപാര്‍ശ ചെയ്‌തെന്നു റിപ്പോര്‍ട്ട്. ചില നിര്‍ണായക ഇടപാടുകളില്‍ ഇത്തരം അനാവശ്യ നിയന്ത്രണങ്ങള്‍ പ്രതിസന്ധിയുണ്ടാക്കുന്നെന്നും മൂന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ ഇന്ത്യന്‍ കമ്പനികളില്‍ ചൈനീസ് നിക്ഷേപത്തിനു മുന്നോടിയായി ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെ അനുമതി ആവശ്യമാണ്. എന്നാല്‍, 24 ശതമാനംവരെയുള്ള നിക്ഷേപങ്ങള്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ അനുവദിക്കണമെന്നും നിതി ആയോഗിലെ പേരുവെളിപ്പെടുത്താത്ത മൂന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യയിലേക്കു നേരിട്ടുള്ള നിക്ഷേപം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണു നിര്‍ദേശം നല്‍കിയതെന്നും വ്യവസായ വകുപ്പ്, ധനവകുപ്പ്, വിദേകാര്യ വകുപ്പ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ഇതേക്കുറിച്ചു പഠിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു.
നിതി ആയോഗ് സമര്‍പ്പിക്കുന്ന എല്ലാ റിപ്പോര്‍ട്ടുകളും അതേപടി സര്‍ക്കാര്‍ പരിഗണിക്കാറില്ല. എന്നാല്‍, 2020ല്‍ ഉണ്ടായ സംഘര്‍ഷത്തിനുശേഷം ഇന്ത്യയും ചൈനയും പരസ്പര ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് എന്നതാണു ശ്രദ്ധേയം. എന്തു തീരുമാനമുണ്ടാകണമെങ്കിലും അതിനു മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും. രാഷ്ട്രീയക്കാരും ഇത് ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്. വ്യവസായ വകുപ്പ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തണമെന്ന നിലപാടുള്ളവരാണ്. എന്നാല്‍, മറ്റു വകുപ്പുകള്‍ ഇതുവരെ വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടില്ല. നിതി ആയോഗ്, മന്ത്രിമാര്‍, ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവര്‍ ഇക്കാര്യത്തില്‍ ഔദേ്യാഗികമായി പ്രതികരിച്ചിട്ടില്ല.
2020ലെ അതിര്‍ത്തി സംഘര്‍ഷത്തിനു പിന്നാലെയാണ് ഇന്ത്യ ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്‌കരണവും നിക്ഷേപങ്ങളില്‍ നിയന്ത്രണവും കൊണ്ടുവന്നത്. ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയുടെ നിയന്ത്രണം പ്രതിസന്ധിയുണ്ടായിരുന്നു. ഈ ലാക്കുനോക്കി യൂറോപ്പ് അടക്കം മറ്റു രാജ്യങ്ങളില്‍നിന്നുള്ള കമ്പനികള്‍ ഇവിടെ നിക്ഷേപം വ്യാപിപ്പിച്ചു. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളാണ് ഏറെയും എത്തിയത്. പ്രതിരോധം, ബാങ്കിംഗ്, മാധ്യമങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ നിയന്ത്രണങ്ങളോടെയുള്ള നിക്ഷേപങ്ങളുമുണ്ടായി.
2023ല്‍ ചൈനയുടെ ബിവൈഡി ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് ഒരുങ്ങിയിരുന്നു. ലോകത്തെ മുന്‍നിര ഇലക്ട്രിക് കാര്‍ കമ്പനിയുടെ വാഗ്ദാനങ്ങള്‍ നിയന്ത്രണം കടുപ്പിച്ചതോടെ അലമാരയ്ക്കുള്ളിലായി. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനു പിന്നാലെ വിദേശ നിക്ഷേപങ്ങള്‍ ആഗോളതലത്തില്‍ മന്ദീഭവിച്ചിട്ടുണ്ട്. ചൈനയില്‍നിന്നുള്ള നിക്ഷേപത്തില്‍ നിയന്ത്രണംവന്ന് ഇന്ത്യയെയും ബാധിച്ചു. വിദേശത്തുനിന്നുള്ള നേരിട്ടുള്ള നിക്ഷേപം റെക്കോഡ് താഴെയായി. 2021ല്‍ 43.9 ബില്യണ്‍ ഡോളര്‍ നിക്ഷേപമുണ്ടായപ്പോള്‍ കഴിഞ്ഞവര്‍ഷം ഇത് 353 ദശലക്ഷം ഡോളര്‍ മാത്രമായി കുത്തനെ ഇടിഞ്ഞു.
സൈനിക നടപടികള്‍ക്കുശേഷം ഇരു രാജ്യങ്ങളും സമവായത്തിലേക്ക് എത്തിയതിനു പിന്നാലെ ചൈനയിലേക്കു നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചു. അതിര്‍ത്തി സംബന്ധിച്ച വിഷയത്തില്‍ സ്ഥിരമായ പരിഹാരമുണ്ടാകണമെന്നും ഇന്ത്യ നിര്‍ദേശിച്ചു. അഞ്ചുവര്‍ഷത്തിനിടെ കഴിഞ്ഞയാഴ്ച ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ചൈനയില്‍ സന്ദര്‍ശനം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാനും വ്യാപാരത്തിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നടപടിയുണ്ടാകണമെന്ന് നിര്‍ദേശിച്ചെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. അപൂര്‍വ മൂലകങ്ങളുടെ കയറ്റുമതി ചൈന നിരോധിച്ചതടക്കം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. നേരിട്ടുള്ള വിദേശ നിക്ഷേപം തീരുമാനിക്കുന്ന ബോര്‍ഡിനെ പുനക്രമീകരിക്കണമെന്നും നിതി ആയോഗ് ആവശ്യപ്പെട്ടിട്ടുണ്ട്. indias-top-think-tank-recommends-easing-investment-rules-chinese-firms-sources






