ഇന്ത്യയില്‍ പകരം വയ്ക്കാനില്ലാത്ത ഉലക നായകന്; ആവര്‍ത്തിച്ചു കാണുമ്പോഴൊക്കെ പുതിയ അര്‍ഥം ലഭിക്കുന്ന സിനിമകള്‍; ഇനി അവാര്‍ഡ് നല്കരുതെന്നു കത്തെഴുതി ഞെട്ടിച്ചയാള്‍; സിനിമയ്ക്കായി നടന്നത് ആരും സഞ്ചരിക്കാത്ത വഴികളില്‍; കമല്‍ ഹാസന് ഓസ്കറിലേക്ക് എത്തുമ്പോള്‍
തമിഴ്മക്കളുടെ കണ്‍കണ്ട ദൈവമായ സാക്ഷാല്‍ എം.ജി.ആര്. മുഖ്യമന്ത്രിയായിരിക്കുന്ന കാലം. കമല്‍ ഹാസനെ അദ്ദേഹം രഹസ്യമായി വിളിപ്പിച്ചുചോദിച്ചു, താങ്കള്‍ക്ക് രാഷ്ട്രീയമോഹമുണ്ടോ എന്ന്. കുശാഗ്രബുദ്ധിയായ എം.ജി.ആറിനോട് കമല്‍ മറുപടി പറഞ്ഞു, ഇല്ല. തനിക്ക് ഒരു വെല്ലുവിളിയാണ് കമല്‍ ഹാസന് എന്ന് മറ്റാരേക്കാള്‍ കൂടുതല്‍ എംജിആറിന് അറിയാമായിരുന്നു.

സി. വിനോദ് കൃഷ്ണന്
ഒസ്കര് പുരസ്കാരങ്ങള്‍ നല്‍കുന്നതിനുള്ള വോട്ടിംഗ് പാനലിലേക്ക് നടന് കമല്‍ ഹാസന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഹിന്ദി നടന് ആയുഷ്മാന്‍ ഖുറാനയും പാനലിലുണ്ട്. ഇന്ത്യന്‍ സിനിമയ്ക്ക് സ്വപ്നസമാനമായിരുന്ന ഒസ്കര്, അതില്‍നിന്നുമാറി നിരന്തര പരിചയമായിട്ടു അധികമായില്ല. ഗാന്ധി സിനിമയും ഭാനു അതയ്യയും പിന്നെ സത്യജിത് റേയ്ക്കു ആദരപൂര്‍വം ലഭിച്ച പുരസ്കാരവുമായിരുന്നു നമുക്ക് ഒസ്കര്.
സ്ലം ഡോഗ് മില്യണയര്‍ വേണ്ടിവന്നു ചരിത്രം കുറിക്കാന്‍. മലയാളത്തില്‍ തുടങ്ങി ഇന്ത്യന്‍ സിനിമയുടെ മൊസാര്‍ട്ട് ആയി മാറിയ എ.ആര്. റഹ്മാന്, മലയാളിയായ റസൂല്‍ പൂക്കുട്ടി, ഹിന്ദി ഗാനരചയിതാവ് ഗുല്‍സാര്‍ എന്നിവര്‍ ഓസ്കര് കരസ്ഥമാക്കി. ചെറിയൊരു ഇടവേളയ്ക്കുശേഷം ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാസംഗീതം വീണ്ടും ആദരിക്കപ്പെട്ടു. കീരവാണിയും രചയിതാവ് ചന്ദ്രബോസും ഒസ്കര് കൊണ്ടുവന്നു. ഇതൊക്കെയാണെങ്കിലും ഒരുകാലത്തു ഇന്ത്യയിലേക്ക് ഓസ്കര് കൊണ്ടുവരും എന്ന് ഏവരും ഉറ്റുനോക്കിയിരുന്ന ഒരു നടനുണ്ട്. മറ്റാരുമല്ല, കമല്‍ ഹാസന്.
കമല്‍ ഹാസനൊപ്പം തെരഞ്ഞെടുക്കപ്പെട്ട, നടനെ ഞാന്‍ വിശേഷിപ്പിച്ചത് ഹിന്ദി നടന് എന്നാണ്. അവിടെ തുടങ്ങുന്നു കമല്‍ ഹാസന്റെ ‘ഒഡിസി’ യും. കമലിനെ ഏതു ഭാഷയിലെ നടന് എന്ന് വിശേഷിപ്പിക്കും..! ഒരു തമിഴ് നടന് എന്ന് പറഞ്ഞാല്‍ തമിഴര്‍തന്നെ പുച്ഛിക്കും. കാരണം അവരുതന്നെയാണല്ലോ കമല്‍ ഹാസനെ ‘ഉലകനായകന്’ എന്നു വിശേഷിപ്പിച്ചത്. കണ്ണും കരളും, കന്യാകുമാരി എന്നിവയിലൂടെ പിച്ചവച്ചു മദനോത്സവവും വയനാടന്‍ തമ്പാനും സത്യവാന് സാവിത്രിയുമടക്കം മലയാളികള്‍ക്ക് നവ്യാനുഭവംപകര്ന്ന ഈ നടന് മലയാളിയല്ലെന്നു പറയുന്നവന് മലയാളിയല്ലെന്നു വരും.

മറോ ചരിത്രയും സ്വാതിമുത്യവും സിലങ്കൈ ഒലിയുമടക്കം ബമ്പര്‍ ഹിറ്റുകള്‍ നല്കിയ കമല്‍ ഗാരുവിനെ തെലുങ്കര്‍ മറക്കുന്നതെങ്ങിനെ? ഏക് ദുജേ കേലിയെ യും സാഗറുമടക്കം ഏറെ ചര്‍ച്ചചെയ്യപ്പെട്ട സിനിമകളിലെ മീശവച്ച നായകനെ ബോളിവുഡായി വിരാജിക്കുന്ന ഹിന്ദി സിനിമാലോകം തെല്ല് അസൂയയോടെയല്ലേ കണ്ടത്. ഇതാണ് കമല്‍ ഹാസന്. ഒരു വരിക്കുവേണ്ടി ഇത്രയധികം ആലോചിക്കേണ്ടി വന്നു. ഇതിന്റെ എത്രയോ ഇരട്ടി ആലോചന വേണ്ടിവന്നു അയാളുടെ ഓരോ സിനിമയും മനസിലാക്കാന്‍. അതില്‍ത്തന്നെ എത്രപേര്‍ക്ക് കൃത്യമായ ഉത്തരം കിട്ടി!
‘ഉണ്ടകൈകൊണ്ടു ഉരുള വാങ്ങണം’ എന്ന് പറയുംപോലെ ഇന്ത്യന്‍ സിനിമയിലെ അതികായന്, എ.വി.എം. സ്റ്റുഡിയോയുടെ അധിപന് സാക്ഷാല്‍ എ.വി. മെയ്യപ്പ ചെട്ടിയാരാണ് കമല്‍ എന്ന ആറുവയസുകാരനെ സിനിമയിലേക്കു കൈപിടിച്ച് നടത്തിയത്. കളത്തൂര്‍ കണ്ണമ്മ എന്ന തമിഴ് ചിത്രത്തില്‍ കാതല്‍ മന്നന് ജെമിനി ഗണേശനും നടികള്‍ തിലകം സാവിത്രിക്കുമൊപ്പം കമല്‍ അഭിനയിച്ചു. ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും മാസ്റ്റര്‍ കമല്‍ ഹാസന് നേടി. പിന്നീട് ഷണ്മുഖം ചെട്ടിയാരുടെ നാടക കമ്പനിയിലും പ്രവര്‍ത്തിച്ചു.
ഡാന്‍സര്‍ തങ്കപ്പന് മാസ്റ്ററുടെ കീഴില്‍ നൃത്തസംവിധാന സഹായിയായി വീണ്ടും സിനിമയിലേക്ക്. സംവിധാനസഹായിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായി. തുടര്‍ന്ന് കെ. ബാലചന്ദറിന്റെ അപൂര്‍വരാഗങ്ങളിലെ നായകവേഷം വഴിത്തിരിവായി. അതിലൂടെ ആദ്യ ഫിലിംഫെയര്‍ അവാര്‍ഡ് കമലിനെ തേടിയെത്തി. ഫിലിംഫെയറിന്റെ ചരിത്രത്തില്‍ പിന്നീട് ഇന്നോളം ഒരു നടനും മറികടന്നിട്ടില്ലാത്ത ഒരു റിക്കാര്‍ഡാണ് അന്ന് ആരംഭിച്ചത്. മികച്ച നടനുള്ള 20 ഫിലിം പുരസ്കാരങ്ങള്‍ കമലിനെ തേടിയെത്തി. 25 വര്‍ഷം മുന്‍പ്, ഇനി തന്നെ പരിഗണിക്കേണ്ടതില്ലെന്നു കത്തെഴുതിയതിനുശേഷമാണ് ഫിലിംഫെയര്‍ പുരസ്കാരം നല്‍കുന്നത് അവസാനിപ്പിച്ചത്.
കൈയെത്തി പിടിക്കാനാകാത്ത നേട്ടം
1977 -78 കാലം, മറ്റൊരു നടനും അന്നും ഇന്നും കൈയെത്തിപിടിക്കാത്ത നേട്ടമായിരുന്നു കമലിന്റേത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളില്‍ ഒരേസമയം സൂപ്പര്‍ഹിറ്റുകള്‍. ഓരോ ഭാഷയിലെയും സൂപ്പര്‍താരങ്ങളുടെ സിംഹാസനമാണ് അക്കാലത്ത് കമല്‍ ഇളക്കിയത്. അഞ്ചു ഭാഷയിലും സ്വയം ഡബ് ചെയ്തു. യുവാക്കളും സ്ത്രീകളും കുടുംബങ്ങളും ഒരേസമയം കമല്‍ ഹാസന് എന്ന നവഭാവുകത്വത്തെ വരവേറ്റു.
തന്റെ സിനിമ ജീവിതത്തില്‍ ഗുരുസ്ഥാനീയനായി കാണുന്ന കെ. ബാലചന്ദറിന് പുറമേ കെ. വിശ്വനാഥ്, ബാലു മഹേന്ദ്ര, ഭാരതിരാജ തുടങ്ങിയ അക്കാലത്ത് തമിഴ്, തെലുങ്ക് സിനിമകളുടെ മുഖച്ഛായമാറ്റിയ പ്രതിഭാധനരുടെ ചിത്രങ്ങളിലൂടെ കമല്‍ പ്രേക്ഷകരെയും സിനിമാലോകത്തെയും സ്തബ്ധരാക്കി. അങ്ങനെ ആദ്യ പാന്‍ ഇന്ത്യന്‍ സ്റ്റാറായി മാറിയ കമലിന്റെ ഇമേജ് വൈകാതെ കമല്‍തന്നെ തകര്‍ക്കാന്‍ തുടങ്ങി. അന്നുവരെ ഒരു നടനും ചെയ്യാനും ആലോചിക്കാന്‍പോലും ധൈര്യപ്പെടാത്ത കഥാപാത്രങ്ങളിലേക്ക് കമല്‍ ആവേശപൂര്‍വം എടുത്തുചാടി.

അതില്‍ പ്രധാനമാണ് ഭാരതിരാജയുടെ സിഗപ്പു റോജാക്കളിലെ നായകന്. സമൂഹത്തില്‍ എന്നും വെറുക്കപ്പെടുന്ന ഒരു കഥാപാത്രവുമായി കമല്‍ വെള്ളിത്തിരയിലെത്തി. ശാരീരികബന്ധത്തിനുശേഷം സ്ത്രീകളെ കൊല്ലുന്ന ഒരു സീരിയല്‍ കില്ലറുടെ വേഷം. അതിനുമുമ്പ് അങ്ങനൊന്നുചെയ്യാന് ഇന്ത്യന്‍ സിനിമയില്‍ പ്രശസ്തിയാര്‍ജിച്ച ഒരു നടനും തയാറായിട്ടില്ല. വീണ്ടും പറയുന്നു, ഈ സിനിമ സംഭവിച്ചത് ലോകത്തിന്റെ മറ്റേത് കോണിലായാലും അത്ഭുതമില്ല. സ്ക്രീനില്‍ പുകവലിക്കുകയും മദ്യപിക്കുകയും പോലും ചെയ്യാത്ത എംജിആറിനെ ദൈവമായി കാണുന്ന തമിഴ്മക്കളുടെ മുന്നില്‍, തമിഴ് വീരപുരുഷന്മാരെ അഭ്രപാളിയിലെത്തിച്ച് ദൈവസമാനമായ നടികര്‍തിലകം ശിവാജി ഗണേശന് നിറഞ്ഞു നില്ക്കുന്ന കാലത്താണ് ഈ സിനിമ സംഭവിക്കുന്നത്.
രണ്ടുവര്‍ഷംകഴിഞ്ഞ് ഭാരതിരാജ ഈ ചിത്രം റെഡ് റോസ് എന്ന പേരില്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്തെപ്പോള്‍ നായകനായ അന്നത്തെ സൂപ്പര്‍സ്റ്റാര്‍ രാജേഷ് ഖന്ന റോളില്‍ ഭേദഗതിവരുത്തി. അതിനു പറഞ്ഞ കാരണം കമലഹാസനെ പ്പോലെ ഈ വേഷം ചെയ്യാന്‍ തനിക്കാവില്ല എന്നതായിരുന്നു. മലയാളത്തില്‍ ഇറങ്ങിയ വയനാടന്‍ തമ്പാനിലെ നായകവേഷത്തിനും സ്ത്രീകളോടുള്ള ക്രൂരതയ്ക്ക് ഒട്ടും കുറവില്ലായിരുന്നു. ഇവിടെ കുടുംബനായകനായ പ്രേംനസീര്‍ യുഗത്തിലായിരുന്നു ഇത്.

1982 ലാണ് തമിഴിലും ഹിന്ദിയിലും പ്രശസ്തമായ മൂണ്ട്രാം പിറൈ എന്ന ചിത്രം പുറത്തിറങ്ങുന്നത്. കമലം ശ്രീദേവിയും തകര്‍ത്തഭിനയിച്ച ഈ ബാലു മഹേന്ദ്ര ചിത്രത്തിലൂടെ കമലിന് ദേശീയ പുരസ്കാരം ലഭിച്ചു. ശിവാജി ഗണേശനെപ്പോലെ അത്ഭുത വേഷങ്ങള്‍ പകര്‍ന്നാടിയ നടന് മരിക്കുംവരെയും അങ്ങനെ ഒരു പുരസ്കാരം ലഭിച്ചില്ല എന്നുള്ളപ്പോഴാണ് കമലഹാസന് ഇളം പ്രായത്തില്‍ നേടിയ പുരസ്കാരത്തിന് മതിപ്പേറുന്നത്. ശിവാജി ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ പിന്നീട് രണ്ട് ദേശീയ പുരസ്കാരം കൂടി കമലഹാസനു ലഭിക്കുകയുണ്ടായി.
അധികമാരും അറിയാത്ത മറ്റൊരു സംഭവം ഈ സമയത്ത് നടന്നു. തമിഴ്മക്കളുടെ കണ്‍കണ്ട ദൈവമായ സാക്ഷാല്‍ എം.ജി.ആര്. മുഖ്യമന്ത്രിയായിരിക്കുന്ന കാലം. കമല്‍ ഹാസനെ അദ്ദേഹം രഹസ്യമായി വിളിപ്പിച്ചുചോദിച്ചു, താങ്കള്‍ക്ക് രാഷ്ട്രീയമോഹമുണ്ടോ എന്ന്. കുശാഗ്രബുദ്ധിയായ എം.ജി.ആറിനോട് കമല്‍ മറുപടി പറഞ്ഞു, ഇല്ല. തനിക്ക് ഒരു വെല്ലുവിളിയാണ് കമല്‍ ഹാസന് എന്ന് മറ്റാരേക്കാള്‍ കൂടുതല്‍ എംജിആറിന് അറിയാമായിരുന്നു. (അന്ന് സമാന്തരമായി ജ്വലിച്ചുയര്‍ന്ന താരം രജനീകാന്ത് തിരശീലയില്‍ മദ്യപാനത്തിലും പുകവലിയിലും പല ജാലവിദ്യകളും കാണിക്കുന്നതുകണ്ട് തമിഴ് യുവാക്കള്‍ ഇഷ്ടപ്പെട്ടെങ്കിലും എം.ജി.ആറിന് രജനിയോട് ഒട്ടും താല്പര്യമില്ലായിരുന്നു എന്ന സത്യവും പ്രസിദ്ധമാണ്).
അന്നും ഇന്നും ഇന്ത്യന്‍ ചലച്ചിത്ര പരമ്പരയില്‍ വേറിട്ടുനില്‍ക്കുന്ന ചിത്രമാണ് രണ്ടാമതും ദേശീയ പുരസ്കാരം നേടിയ മണിരത്നം സംവിധാനംചെയ്ത ‘നായകന്’. അന്നു മുംബൈ അധോലോകം ഭരിച്ചിരുന്ന വരദരാജ മുതലിയാരെ നേരില്‍ കണ്ടാണ് കമല്‍ നായകനുവേണ്ട രൂപഭാവം വരുത്തിയത്.
കാരണം പലതാണ്. അഭിനയത്തില്‍ ശിവാജി ഗണേശനുമായാണ് കമലിനെ താരതമ്യം ചെയ്യാറുള്ളതെങ്കിലും വ്യക്തിപരമായ അഭിപ്രായത്തില്‍ എം.ജി.ആര്. ആണ് കമല്‍ ഹാസനമായി ചേര്ന്നുനില്ക്കുന്നത്. എം.ജി.ആറിന്റെ തങ്കമുഖവും സ്വര്ണശരീരവും അന്നും കമലഹാസനു മാത്രമാണുള്ളത്. അഭിനയശേഷി, തമിഴ് വികാരം, ദ്രാവിഡ – പെരിയോര്‍ ശൈലി, സര്‍വോപരി ഭാര്യമാരുടെ എണ്ണത്തില്‍വരെ എംജിആറുമായി തുല്യം കമല്ഹാസന് മാത്രം. എംജിആറിന് കമലിനോട് വാത്സല്യവും സ്നേഹവുമായിരുന്നുതാനും. കൂട്ടത്തില്‍ ഒന്നുകൂടി പറയട്ടെ എംജിആറിനുശേഷം കമല്‍ ഹാസനെ സ്വന്തമായി രാഷ്ട്രീയപാര്‍ട്ടി ആരംഭിക്കാന്‍ മറ്റൊരാള്‍ നിര്‍ബന്ധിച്ചു. മറ്റാരുമല്ല, സംഗീത സംവിധായകന് ഇളയരാജ.
അന്നും ഇന്നും ഇന്ത്യന്‍ ചലച്ചിത്ര പരമ്പരയില്‍ വേറിട്ടുനില്‍ക്കുന്ന ചിത്രമാണ് രണ്ടാമതും ദേശീയ പുരസ്കാരം നേടിയ മണിരത്നം സംവിധാനംചെയ്ത ‘നായകന്’. അന്നു മുംബൈ അധോലോകം ഭരിച്ചിരുന്ന വരദരാജ മുതലിയാരെ നേരില്‍ കണ്ടാണ് കമല്‍ നായകനുവേണ്ട രൂപഭാവം വരുത്തിയത്. ഒരു നായകന് ഒരേ സമയം ഏറ്റവും കുറഞ്ഞത് മൂന്നുചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന കാലം. ഒരു വര്‍ഷം കുറഞ്ഞത് 20 ചിത്രമെങ്കിലും ഒരു അഭിനേതാവിന്റെ പുറത്തിറങ്ങും. അക്കാലത്താണ് കമല്‍ ഹാസന് ഞെട്ടിക്കുന്ന ഒരു തീരുമാനമെടുത്തത്. ഒരു സമയം ഒരു ചിത്രം മാത്രം. ഒരുചിത്രം പൂര്‍ത്തിയായശേഷം മാത്രം അടുത്തത്.

കമലിന്റെ ജനപ്രീതി പാരമ്യത്തില്‍ എത്തിത്തുടങ്ങി. അതാ അടുത്ത ഞെട്ടിക്കുന്ന തീരുമാനം. അന്നും ഇന്നും ആരാധകക്കൂട്ടങ്ങളെ ‘രസിക മണ്ട്രങ്ങള്’ എന്ന പേരില്‍ നിലനിര്‍ത്തുന്ന തമിഴ് താരങ്ങള്‍ക്കിടയില്‍, കമല്‍ ഹാസന് രസിക മണ്ട്രങ്ങള് മൊത്തം പിരിച്ചുവിട്ടു. തനിക്കുവേണ്ടി പോസ്റ്റര്‍ ഒട്ടിക്കാനും കട്ടൗട്ട് സ്ഥാപിക്കാനും നടക്കുന്നതിനുപകരം പഠിച്ചും ജോലി ചെയ്തും കുടുംബം നോക്കാന്‍ ആരാധകരെ ഉപദേശിച്ചു. ഇവയ് ക്കുപകരം ‘നന്പണിസംഘം’ എന്ന കൂട്ടായ്മ രൂപീകരിച്ചു.രക്തദാനം, നേത്രദാനം തുടങ്ങിയ സാമൂഹിക ക്ഷേമകരമായ കാര്യങ്ങള്‍ ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. സ്വന്തം കണ്ണും ശരീരവും മരണശേഷം പഠനത്തിനായി വിട്ടുകൊടുത്തുകൊണ്ട് കമല്ഹാസന് പ്രഖ്യാപനം നടത്തി. എയ്ഡ്സ് രോഗം ആസ്പദമാക്കി ഒരു ചിത്രം എടുക്കാനും കമല്‍ മുന്നോട്ടുവന്നു.
ഇന്ത്യയിലെത്തന്നെ ആദ്യ എയ്ഡ്സ് രോഗ ചികിത്സാവിദഗ്ധനായ ഡോ. കാന്തരാജിനെയാണു സമീപിച്ചത്. പക്ഷേ തമിഴനായ കാന്തരാജ് കമലിനെ വിലക്കുകയായിരുന്നു. ചിത്രമെടുത്താല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് എംജിആറിന്റെ സുഹൃത്തും സഹമന്ത്രിയും ആയിരുന്ന രാജാറാമിന്റെ സഹോദരന് കാന്തരാജിന് കൃത്യമായി അറിയാമായിരുന്നു. അതിന് പകരമായി കാന്തരാജ് ഒരു ഡോക്യുമെന്ററി നിര്‍മിച്ചു. അതിലൂടെ സമൂഹത്തെ ഉപദേശിക്കാന്‍ പല താരങ്ങളെയും ക്ഷണിച്ചെങ്കിലും ആകെ മുന്നോട്ടുവന്നത് കമല്‍ ഹാസനും ശിവാജി ഗണേശനും മാത്രമായിരുന്നു.

തന്റെ നൂറാം ചിത്രമായ രാജപാര്‍വെയില്‍ അന്ധനായ ഒരു കഥാപാത്രത്തെയാണ് കമല്‍ അവതരിപ്പിച്ചത്. സ്വന്തം നിര്‍മാണ കമ്പനിയായ രാജ്കമല് ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിച്ചത്. അന്ധനായ നായകനെ അവതരിപ്പിച്ചാല്‍ തമിഴ് മക്കള്‍ സ്വീകരിക്കില്ലെന്ന് തന്റെ അഭിനയഗുരുവായ ശിവാജി ഗണേശന് പോലും മുന്നറിയിപ്പുനല്‍കിയിട്ടും കമല്‍ പിന്മാറിയില്ല. സകലകലാവല്ലഭന്, വിക്രം, അപൂര്‍വ സഹോദരങ്ങള്‍, മൈക്കിള്‍ മദന്കാമരാജന്, പുന്നകൈ മന്നന്, ഇന്ത്യന്‍, അവ്വൈ ഷണ്മുഖി, തെനാലി, വിശ്വരൂപം തുടങ്ങിയ ചിത്രങ്ങള്‍ തമിഴ്നാട്ടില്‍ വലിയ പണംവാരിയപ്പോള്‍ ഗുണ, സത്യ, മഹാനദി, കുരുതിപ്പുനല്‍, ആളവന്താന്, വിരുമാണ്ടി തുടങ്ങിയ കലാമേന്മയുള്ള ചിത്രങ്ങളിലൂടെ നിരൂപകരേയും പുതിയ സിനിമാ തലമുറയേയും കമല്‍ ആരാധകരാക്കി.
അഭിനയം മാത്രമല്ല 12 ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിക്കുകയും അഞ്ച് ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയുംചെയ്ത കമല്മുപ്പതിലേറെ ചിത്രങ്ങളില്‍ ഗാനവുമാലപിച്ചു. രചന നിര്‍വഹിച്ച ഭരതന് ചിത്രമായ തേവര്മകനിലൂടെയാണ് ദേശീയതലത്തില്‍ ശിവാജി ഗണേശന് സ്പെഷല്‍ ജൂറി പുരസ്കാരം ലഭിച്ചത്. ശിവാജി ഗണേശനോട് ആ പുരസ് കാരം നിരസിക്കാന്‍ നിര്‍ദേശിച്ചതും കമല്‍ ഹാസന്തന്നെ.
സംവിധാനം ചെയ്ത ആദ്യ ചിത്രമായ ഹേ റാം ദേശീയതലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റി. ഏതു ചലച്ചിത്രകാരനും തൊടാന്‍ ഭയക്കുന്ന ഗാന്ധിവധമായിരുന്നു മുഖ്യ ഇതിവൃത്തം. താന്‍ ഇടയ്ക്കിടെ കാണുന്ന രണ്ട് ചിത്രങ്ങളില്‍ ഒന്ന് ഹേ റാമാണെന്ന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് പ്രഖ്യാപിച്ചിട്ടുണ്ട്. കമല്‍ രണ്ടാമത് ചെയ്ത വിരുമാണ്ടി തമിഴ്നാട്ടില്‍ ഇന്നൊരു കള്‍ട്ട് ക്ലാസിക്കാണ്. രണ്ട് ഭാഗങ്ങളിലായി ചെയ്ത വിശ്വരൂപം എന്ന ചിത്രം ഏറെ വിവാദം ക്ഷണിച്ചുവരുത്തി.

തമിഴ്നാട്ടില്‍ ചിത്രം മുഖ്യമന്ത്രി ജയലളിത നിരോധിക്കുകവരെ ചെയ്തു. സമവായത്തിനായി ജയലളിതയെ നേരിട്ട് കാണാന്‍ ഉപദേശിച്ച നടികര്‍സംഘം പ്രധാനികളെ കമലഹാസന് തന്റെ വിശ്വരൂപംകാട്ടി ഓടിപ്പിച്ചു. തുടര്‍ന്ന് ഇന്ത്യയൊട്ടാകെ (മലയാളമൊഴികെ)യുള്ള ചലച്ചിത്രലോകം കമലിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ഏതൊരു ലോകോത്തര സംവിധായകനോടും കിടപിടിക്കുംവിധമാണ് വിശ്വരൂപം അണിയിച്ചൊരുക്കിയത്. ബിന്‍ ലാദനും അമേരിക്കയും ഭീകരതയും മറ്റുമായി എത്ര കൃതഹസ്തനായ സംവിധായകന് പോലും പകച്ചുപോകുന്ന ആവിഷ്കാരം. കമല്‍ അഭിനയിച്ച ചിത്രങ്ങളേക്കാള്‍ എത്രയോ മടങ്ങാണ് രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ചിത്രങ്ങളുടെ ആവിഷ്കാര ശൈലിയിലെ അഗാധത. ഓരോ സീനും പത്തുപ്രാവശ്യം കണ്ടാല്‍ പത്ത് രീതിയില്‍ വ്യാഖ്യാനിക്കാം. അല്ലെങ്കില്‍ കഥ മുഴുവനായി മനസിലാകണമെങ്കില്‍ കുറഞ്ഞത് ഒരു പത്തുപ്രാവശ്യമെങ്കിലും ചിത്രം കാണണം.

ഇതോടൊപ്പം മേക്കപ്പിലും കമല്‍ ഉപരിപഠനം നടത്തി. ഓസ്കര് ജേതാവായ പ്രശസ്ത ഹോളിവുഡ് മേക്കപ്പ് മാന്‍ മൈക്കിള്‍ വെസ്റ്റ്മോര്‍ കമല്‍ഹാസന്റെ അടുത്ത സുഹൃത്താണ്. ഹോളിവുഡ് ചിത്രമായ റാംബോ ത്രീയില്‍ സില്‍വര്‍സ്റ്റര്‍ സ്റ്റാലനെ മേക്കപ്പ് ചെയ്ത സംഘത്തില്‍ കമലുമുണ്ടായിരുന്നു. കമലിന്റെ മേക്കപ്പ് പാണ്ഡിത്യം മുഴുവന്‍ പുറത്തെടുത്ത ചിത്രമാണ് പത്ത് വേഷങ്ങളിലെത്തിയ ദശാവതാരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പത്തുപേരായി കമല്ഹാസന് പകര്‍ന്നാടി. ഇന്ത്യന്‍ സിനിമയിലെ ആദ്യ സംഭവം. പത്തു ഭാഷകള്‍, പത്തു ശൈലിയിലുള്ള സംഭാഷണ രീതികള്‍, ആംഗ്യവിക്ഷേപം, ശരീരചലനങ്ങള്‍ ഉള്‍പ്പെടെ പത്തുപേരായി തന്നെയാണ് കമല്‍ ചിത്രത്തില്നിറഞ്ഞുനിന്നത്.
ശിവാജി ഗണേശനുശേഷം ഫ്രഞ്ച് സര്‍ക്കാരിന്റെ ബഹുമതിയായ ഷെവലിയര്‍ കമലിനെ തേടിയെത്തി. ശിവാജിക്ക് അന്ന് ബ്രഹ്മാണ്ഡ സ്വീകരണം ഒരുക്കിയ ജയലളിത മുഖ്യമന്ത്രിയായിരുന്നിട്ടുകൂടി കമലിനെ ആദരിച്ചില്ല എന്നതും ശ്രദ്ധേയം. പത്മശ്രീ, പത്മഭൂഷണ്‍ തുടങ്ങി അസംഖ്യം ബഹുമതികളും ലഭിച്ചു. ന്യൂജനറേഷന് സുപരിചിതമായ ലിവിംഗ് ടുഗദര്‍ എന്ന സമ്പ്രദായം പരസ്യമാക്കിയ ആദ്യ നായകനടന് കമലഹാസന് ആയിരിക്കും.
കമലിന്റെ പല ചിത്രങ്ങളും ഇന്ന് തമിഴിലെയും മറ്റു ഭാഷകളിലെയും യുവ സംവിധായകര്‍ക്ക് പാഠപുസ്തകങ്ങളാണ്. രാജ്യം മുഴുവന്‍ ആദരിക്കപ്പെടുന്ന സംവിധായകരായ ഗൗതം മേനോന്, ലോകേഷ് കനകരാജ്, മാരി സെല്‍വരാജ് തുടങ്ങിയവര്‍ കമലിനെ പകര്‍ത്താന്‍ ശ്രമിക്കുന്നു. അത് ഉറക്കെപറയുന്നതില് അവര്‍ അഭിമാനിക്കുന്നു. അടുത്തിടെ ഹിറ്റായ കമലിന്റെ വിക്രം എന്ന സിനിമയുടെ സംവിധായകന് ലോകേഷ് പറയുന്നത്: ‘ഒരു സീനില്‍ സാറിന്റെ കൈമസിലുകള്‍ കാണിക്കണം എന്നുണ്ടായിരുന്നു. അത് സാറിനോടുപറഞ്ഞു. സാര്‍ ഉടനെ അകത്തേക്ക് പോയി. അല്പം ഭയത്തോടെ ഞാന്‍ അകത്തുചെന്ന് നോക്കിയപ്പോള്‍ കാണുന്നത് സര് പുഷ് അപ്പ് എടുക്കുന്നതാണ്. തുടര്‍ന്ന് എനിക്ക് ആവശ്യമുള്ള രീതിയില്‍ സാര്‍ മസില് കാണിച്ച് അഭിനയിക്കുകയുംചെയ്തു. വിക്രം വന്‍ വിജയം നേടി’.
ഏതൊരു യുവതാരത്തിനോടൊപ്പം കിടപിടിക്കാവുന്ന ശാരീരികക്ഷമത ഇപ്പോഴും കമല്‍ കാത്തുസൂക്ഷിക്കുന്നു. ഏറ്റവും പുതിയ സാങ്കേതികവിദ്യയായ എഐയെക്കുറിച്ച് പഠിക്കുവാന്‍ കമല്ഹാസന് ആറുമാസത്തെ കോഴ്സിന് അമേരിക്കയിലെ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നുവെന്നതായിരുന്നു പുതിയ വാര്‍ത്ത.
ആദ്യകാലത്ത് പുറംതിരിഞ്ഞ രാഷ്ട്രീയത്തിനോടും ഇളയരാജ ആവശ്യപ്പെട്ടതുപോലെ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതിലും കമല്‍ ഹാസന് എത്തി. മക്കള്‍ നീതിമയ്യം എന്ന പുതിയ രൂപവും ആശയവും ഉള്ള പാര്‍ട്ടി. അന്ന് കമല്‍ ഹാസന് പ്രഖ്യാപിച്ച പല ആശയങ്ങളും പിന്നീട് ഡിഎംകെ തങ്ങളുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി.
തീര്‍ന്നില്ല ഇന്ത്യയിലും തമിഴിലും ആദ്യമായി പല സാങ്കേതികവിദ്യകളും പരിചയപ്പെടുത്തിയത് കമല്‍ തന്നെ. ഇന്ത്യയില്‍ ആദ്യമായി കമ്പ്യൂട്ടറില്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ചിത്രം വിക്രം ആയിരുന്നു, പ്രൊസ്തെറ്റിക് മേക്കപ്പ് ഉപയോഗിച്ച ചിത്രം ഇന്ത്യന്‍, ന്യൂറോ ത്രീഡി സൗണ്ട് ഉപയോഗിച്ച ചിത്രം വിശ്വരൂപം, ലൈവ് സൗണ്ട് റെക്കോര്‍ഡിംഗ് ഉപയോഗിച്ചത് വിരുമാണ്ടിയില്‍, അവിഡ് സോഫ്റ്റ്വെയറിലൂടെ ആദ്യമായി എഡിറ്റ് ചെയ്ത ചിത്രം മഹാനദി, രചനയ്ക്കായി ആദ്യമായി സോഫ്റ്റ്വെയര് ഉപയോഗിച്ചത് തേവര്‍മകനില്‍, ആദ്യമായി ഡോള്‍ബി സ്റ്റീരിയോ സൗണ്ട് ഉപയോഗിച്ചത് കുരുതിപ്പുനല്‍, മോഷന്‍ കണ്ട്രോള് ടെക്നോളജി ആദ്യമുപയോഗിച്ച ചിത്രം ആളവന്താന്, ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ആദ്യമായി ചിത്രീകരിച്ചത് മുംബൈ എക്സ്പ്രസ്.
ആദ്യകാലത്ത് പുറംതിരിഞ്ഞ രാഷ്ട്രീയത്തിനോടും ഇളയരാജ ആവശ്യപ്പെട്ടതുപോലെ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതിലും കമല്‍ ഹാസന് എത്തി. മക്കള്‍ നീതിമയ്യം എന്ന പുതിയ രൂപവും ആശയവും ഉള്ള പാര്‍ട്ടി. അന്ന് കമല്‍ ഹാസന് പ്രഖ്യാപിച്ച പല ആശയങ്ങളും പിന്നീട് ഡിഎംകെ തങ്ങളുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി. വായനയിലും എഴുത്തിലും കാവ്യ സമ്പുഷ്ടമായ സംഭാഷണ രീതിയിലും തമിഴ്നാട്ടില്‍ ശത്രുക്കള്‍പോലും സമ്മതിക്കുന്ന പെരിയാര്‍, അണ്ണാദുരൈ, കരുണാനിധി എന്നിവര്‍ക്കൊപ്പം നില്ക്കാന് പ്രാപ്തിയുള്ളയാളാണ് കേവലം ഹൈസ്കൂള്‍ പഠനം മാത്രമുള്ള കമല്‍ ഹാസന്. തന്റെ പല സവിശേഷ ചലച്ചിത്രങ്ങളുംപോലെ ആദ്യ മത്സരത്തില്‍ കമല്‍ പരാജയപ്പെട്ടു. ഇപ്പോള്‍ ഡിഎംകെയുമായി സഹകരിക്കാന്‍ കമല്‍ ഹാസന് തയാറായി. രാജ്യസഭയിലേക്കു കമലിനെ അവര്‍ നാമനിര്‍ദേശം ചെയ്തു.
സര്‍വവും സിനിമയ്ക്കായി സമര്‍പ്പിച്ച കമല്‍ ഹാസനെപ്പോലൊരുവ്യക്തിയുള്ളപ്പോള് രജനീകാന്തിന് ഇന്ത്യന്‍ ചലച്ചിത്രലോകത്തെ പരമോന്നത ബഹുമതിയായ ഫാല്‍ക്കെ പുരസ്കാരം ലഭിക്കുന്ന കാഴ്ച നാം കണ്ടു. അതിനു പിന്നിലുള്ള കാരണം എന്തുതന്നെയായാലും അത് രജനീകാന്തിനു പോലും എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. കാരണം അന്നും ഇന്നും കമല്‍ ഹാസന് എന്ന പ്രതിഭയെ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന ഒരു വ്യക്തി രജനീകാന്താണ്. താന്‍ ഇടയ്ക്കിടെ കാണുന്ന രണ്ടു ചിത്രങ്ങളില്‍ ഒന്ന് കമലിന്റെ ഹേ റാമാണെന്ന് രജനി പറഞ്ഞിട്ടുണ്ട്.
ഇന്ന് ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട് എന്ത് പുരസ്കാരമായാലും ഇന്ത്യയിലും ലോകത്തുതന്നെയും അതു നേടാന്‍ അര്‍ഹതപ്പെട്ടവരില്‍ മുന്നിലാണ് കമല്ഹാസന്. അത് ഒസ്കാര്‍ അക്കാദമി തിരിച്ചറിഞ്ഞു എന്നുമാത്രം. കമലിന് ഓസ്കാര്‍ കൊടുത്തില്ലെങ്കിലും ഓസ്കാര്‍ കൊടുക്കാനുള്ളവരെ തെരഞ്ഞെടുക്കാന്‍ അധികാരപ്പെട്ടവരില്‍ ഒരാള്‍ കമല്‍ ആയെന്നത് ചരിത്രത്തിന്റെ മറ്റൊരു കൗതുകം. അവസാനമായി ഒന്നുമാത്രം പറയട്ടെ ഇന്നത്തെ ചില 2ഗ പൈതങ്ങള് സമൂഹമാധ്യമങ്ങളിലും മറ്റും പറയുകയും അറിയുകയും ചെയ്യുന്ന കേവലം ഒരു നടനല്ല കമല്‍ ഹാസന്. അയാള്‍ പൊരുതിയത് വന്മരങ്ങളോടാണ്. അതും യാഥാസ്ഥിതികമായ ഒരു കാലത്ത്. ആ മാമാമാങ്കത്തില് നിഷ്പ്രയാസം വിജയിച്ചുകയറിയ കമലിന് മല്ലയുദ്ധത്തിനുപറ്റിയ ഒരു എതിരാളിപോലും ഇന്നത്തെ ഇന്ത്യന്‍ സിനിമയില്‍ ഇല്ല എന്നതാണു വാസ്തവം.






