Breaking NewsCrimeLead NewsNEWS

വിദ്യാര്‍ഥിനികളുടെ വസ്ത്രമഴിപ്പിച്ച് ആര്‍ത്തവ പരിശോധന; പ്രിന്‍സിപ്പലും പ്യൂണും പിടിയില്‍, അധ്യാപകര്‍ക്കെതിരെ കേസ്

മുംബൈ: സ്‌കൂളിലെ ശുചിമുറിയില്‍ രക്തത്തുള്ളികള്‍ കണ്ടതിനു പിന്നാലെ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് ആര്‍ത്തവ പരിശോധന നടത്തിയ വനിതാ പ്രിന്‍സിപ്പലിനെയും വനിതാ പ്യൂണിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 2 ട്രസ്റ്റിമാര്‍ക്കും 2 അധ്യാപകര്‍ക്കുമെതിരെ കേസുമെടുത്തു.

താനെ ജില്ലയിലെ ഷഹാപുരിലുള്ള ആര്‍.എസ്. ദമാനിയ സ്‌കൂളില്‍ നടന്ന സംഭവം വലിയ പ്രതിഷേധത്തിനു കാരണമായതോടെ, സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിയമസഭയില്‍ വ്യക്തമാക്കി.

Signature-ad

സ്‌കൂളിലെ ശുചിമുറിയില്‍ രക്തത്തുള്ളികള്‍ കണ്ട പിന്നാലെ 5 മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പല്‍ കണ്‍വന്‍ഷന്‍ ഹാളിലേക്കു വിളിപ്പിച്ചിരുന്നു. തുടര്‍ന്ന്, രക്തത്തുള്ളികളുടെ ചിത്രങ്ങള്‍ പ്രൊജക്ടറില്‍ കാണിച്ച ശേഷം കാരണക്കാരി ആരാണെന്നു ചോദിച്ചു. മറുപടി ലഭിക്കാതിരുന്നതോടെ നിലവില്‍ ആര്‍ക്കൊക്കെ ആര്‍ത്തവമുണ്ടെന്നായി ചോദ്യം. തുടര്‍ന്ന്, പെണ്‍കുട്ടികളെ പ്രിന്‍സിപ്പല്‍ ശുചിമുറിയില്‍ എത്തിക്കുകയും വനിതാ പ്യൂണിനെക്കൊണ്ട് അടിവസ്ത്രം ഉള്‍പ്പെടെ പരിശോധിപ്പിക്കുകയുമായിരുന്നു.

ശുചിമുറിയിൽ രക്തത്തുള്ളി, വിചിത്ര നീക്കവുമായി അധ്യാപക‌ർ; വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിക്കാൻ ശ്രമം, കേസെടുത്ത് പൊലീസ്

വൈകിട്ട് വീട്ടിലെത്തിയ വിദ്യാര്‍ഥിനികള്‍ വിചിത്ര പരിശോധനയെക്കുറിച്ച് അറിയിച്ചതോടെ പല രക്ഷിതാക്കളും പ്രതിഷേധവുമായി സ്‌കൂളിലെത്തി. വിദ്യാര്‍ഥികളെ സന്മാര്‍ഗപാഠങ്ങള്‍ പഠിപ്പിക്കേണ്ട സ്‌കൂള്‍ അധികൃതര്‍ തന്നെ അവരെ മാനസികമായി തളര്‍ത്തിയെന്ന് ആരോപിച്ച രക്ഷിതാക്കള്‍ പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, പോക്‌സോ എന്നിവയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തിട്ടുള്ളത്.

സ്‌കൂളില്‍ നടത്തിയ ആര്‍ത്തവ പരിശോധന വലിയ നാണക്കേടുണ്ടാക്കുന്നതാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് വിഷയം നിയമസഭയിലും ഉയര്‍ത്തി. എല്ലാ സ്‌കൂളുകളിലും സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീനും ശുചിമുറിയില്‍ വെള്ളവും വൃത്തിയും ഉറപ്പാക്കണമെന്നു കോണ്‍ഗ്രസ് എംഎല്‍എ ജ്യോതി ഗായ്ക്വാഡ് ആവശ്യപ്പെട്ടു.

Back to top button
error: