Breaking NewsKeralaLead NewsNEWS

9,531 കോടി വലിയ തുക; നഷ്ടപരിഹാരം നല്‍കാനാകില്ല; എം.എസ്.സി. കമ്പനി കോടതിയില്‍; ‘ഇന്ധന ചോര്‍ച്ച ഉണ്ടായിട്ടില്ല, കേസ് കൊടുക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍’; എത്ര നല്‍കാനാകുമെന്ന് അറിയിക്കാന്‍ ഹൈക്കോടതി

കൊച്ചി: കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പല്‍ മുങ്ങിയതിനു പിന്നാലെ നഷ്ടപരിഹാരത്തില്‍നിന്ന് ഒഴിഞ്ഞുമാറി കമ്പനി. നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക ഭീമമാണെന്നും, ഇത് നല്‍കാനാവില്ലെന്നും മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി ഹൈക്കോടതിയെ അറിയിച്ചു. കപ്പല്‍ മുങ്ങി എന്നതിലും പരിസ്ഥിതി മലിനീകരണമുണ്ടായി എന്നതിലും തര്‍ക്കമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കപ്പലിന്റെ ഉടമസ്ഥര്‍ തങ്ങളല്ലെന്ന വാദമാണ് പ്രധാനമായും മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി മുന്നോട്ടു വെക്കുന്നത്. വിവിധ വിഭാഗങ്ങളില്‍ നഷ്ടപരിഹാരമായി 9,531 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് ഭീമമായ തുകയാണ്. ഇത് നല്‍കാനാവില്ല. ഇന്ധനം ചോര്‍ന്നിട്ടില്ലാത്തതിനാല്‍ സമുദ്ര ആവാസ വ്യവസ്ഥയ്ക്ക് പ്രശ്‌നമൊന്നും സംഭവിച്ചിട്ടില്ല. പ്ലാസ്റ്റിക് പെല്ലെറ്റുകള്‍ കരയ്ക്കടിഞ്ഞത് മാത്രമാണ് പ്രശ്‌നം.

Signature-ad

കപ്പല്‍ മുങ്ങിയത് സംസ്ഥാനത്തിന്റെ സമുദ്രാതിര്‍ത്തിക്ക് ഉള്ളിലല്ല എന്നതിനാല്‍ കേന്ദ്രസര്‍ക്കാരാണ് നഷ്ടപരിഹാരത്തിനായി സ്യൂട്ട് നല്‍കേണ്ടതെന്നും കപ്പല്‍ കമ്പനി വാദിച്ചു. കപ്പല്‍ മുങ്ങി എന്നതിലും പരിസ്ഥിതി മലിനീകരണമുണ്ടായി എന്നതിലും തര്‍ക്കമില്ലെന്നു ജസ്റ്റിസ് എം.എ. അബ്ദുള്‍ ഹക്കീം ചൂണ്ടിക്കാട്ടി. എത്ര രൂപ നഷ്ടപരിഹാരമായി നല്‍കാനാകുമെന്ന് കമ്പനി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിഴിഞ്ഞം തുറുമുഖത്തുള്ള എംഎസ്‌സി അകിറ്റേറ്റ – 2 ഇന്നുവരെ തടഞ്ഞുവച്ചു കൊണ്ടുള്ള ഉത്തരവും കോടതി നീട്ടി. കൂടുതല്‍ കപ്പലുകള്‍ അറസ്റ്റ് ചെയ്താല്‍ അത് സംസ്ഥാന താല്‍പര്യത്തിന് എതിരാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തിന്റെ അഡ്മിറാലിറ്റി സ്യൂട്ടില്‍ ഓഗസ്റ്റ് ആദ്യവാരം ഹൈക്കോടതി അന്തിമ വാദം കേള്‍ക്കും.

Back to top button
error: