Breaking NewsIndiaLead NewsNEWSWorld

പുതുതലമുറ സുഖോയ് 35 വിമാനത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഈജിപ്ഷ്യന്‍ സൈനിക ഉദ്യോഗസ്ഥന്‍; റഡാറിലും എന്‍ജിനിലും ഗുരുതര പിഴവുകള്‍; ശത്രു സൈന്യത്തിന് എളുപ്പം കണ്ടെത്താം; ഇന്ത്യക്ക് റഷ്യ വില്‍ക്കാന്‍ ശ്രമിക്കുന്നത് ആക്രി സാധനങ്ങളോ?

ന്യൂഡല്‍ഹി: പുതുതലമുറ സുഖോയ് വിമാനങ്ങള്‍ വാങ്ങുന്നതില്‍നിന്ന് ഈജിപ്റ്റ് പിന്നാക്കം പോയതിനു പിന്നാലെ റഷ്യയുമായുള്ള കരാര്‍ സംബന്ധിച്ച് ഇന്ത്യക്കും ആശയക്കുഴപ്പമെന്നു റിപ്പോര്‍ട്ട്. മുതിര്‍ന്ന ഈജിപ്ഷ്യന്‍ സൈനിക ഉദ്യോഗസ്ഥനാണ് സുഖോയ് വിമാനങ്ങള്‍ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്ത്യക്കു പുടിന്‍ ആക്രി സാധനങ്ങളാണു വില്‍ക്കാന്‍ ശ്രമിക്കുന്നതെന്ന വിമര്‍ശനവും പല കോണുകളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്.

നിലവില്‍ ഫ്രാന്‍സ് നിര്‍മിച്ച റഫാല്‍, റഷ്യന്‍ നിര്‍മിത സുഖോയ് വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമ സേനയിലുള്ളത്. ഇപ്പോള്‍, റഷ്യ അഞ്ചാം തലമുറ യുദ്ധവിമാനമായ സു-57, 4.5 തലമുറ സു-35 എന്നിവയാണ് ഇന്ത്യക്കു വില്‍ക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, ഇതു രണ്ടിലുമുള്ള താത്പര്യം ഇതുവരെ ഇന്ത്യ വെളിപ്പെടുത്തിയിട്ടില്ല. എസ്.യു. 35 (Sukhoi Su-35) വിമാനങ്ങളിലെ നിരവധി സാങ്കേതിക പ്രശ്‌നങ്ങള്‍ മുതിര്‍ന്ന ഇജിപ്ഷ്യന്‍ സൈനികന്‍ എടുത്തുകാട്ടിയതോടെയാണു ഇതു വാങ്ങാന്‍ ആഗ്രഹിച്ച ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പിന്നാക്കം പോയതെന്നും പറയുന്നു. 2018 മുതല്‍ റഷ്യയുമായുള്ള യുദ്ധ വിമാനക്കരാറുകള്‍ നടപ്പാക്കിയിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഠ ഈജിപ്റ്റ്- റഷ്യ കരാര്‍

Signature-ad

2018ല്‍ റഷ്യയില്‍നിന്ന് 24 എസ്.യു-35 ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങാനായിരുന്നു ഈജിപ്റ്റ് 2 ബില്യണ്‍ ഡോളറിന്റെ കരാര്‍ ഒപ്പിട്ടത്. പശ്ചിമേഷ്യയിലെ റഷ്യയുടെ പ്രധാന പ്രതിരോധ കരാര്‍ വിജയമായിട്ടാണ് ഇതു വിശേഷിപ്പിക്കപ്പെട്ടത്. എന്നാല്‍, 2020 ല്‍ ഈ കരാര്‍ ‘കോള്‍ഡ് സ്‌റ്റോറേജി’ലേക്കു പോയെന്നാണു റിപ്പോര്‍ട്ട്. ബഹുമുഖ ഉപയോഗത്തിനായുള്ള എസ്.യു. 35 4.5 തലമുറ വിമാനങ്ങള്‍ നിരവധി ഹൈടെക് ആയുധങ്ങളും റഡാര്‍ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയതാണ്. നിരവധി സാങ്കേതിക പിഴവുകള്‍ ഈ വിമാനത്തില്‍ കണ്ടെത്തിയെന്നാണ് ഈജിപ്റ്റിന്റെ വാദം. റഡാര്‍, എന്‍ജിന്‍, ഇലക്‌ട്രോണിക് പോര്‍മുനകള്‍ എന്നിവയിലാണ് പിഴവുകള്‍ കണ്ടെത്തിയത്. കൗണ്ടറിംഗ് അമേരിക്കാന്‍ അഡ്‌വേസറീസ് ത്രൂ സാങ്ഷന്‍സ് ആക്ട് നിയമപ്രകാരം ഉപരോധങ്ങളുടെ സമ്മര്‍ദവും ഈജിപ്റ്റിനു നേരേയുണ്ടായിരുന്നു.

ഠ പിഴവുകള്‍ എന്തൊക്കെ?

വിമാനത്തിന്റെ സാങ്കേതിക പരിശോധന നടത്തിയ ഘട്ടത്തിലാണ് ഈജിപ്ഷ്യന്‍ വ്യോമസേന വിമാനത്തിന്റെ പിഴവുകള്‍ കണ്ടെത്തിയത്. ഇര്‍ബിസ്-ഇ റഡാര്‍ സാങ്കേതികമായി ദുര്‍ബലമാണെന്നു കണ്ടെത്തി. ഇത് പഴയ രീതിയിലുള്ള പെസ (പാസീവ് ഇലക്ട്രോണിക്കലി സ്‌കാന്‍ഡ് അറേ) സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്. യുഎസിന്റെ എ-35, ഫ്രാന്‍സിന്റെ റാഫേല്‍ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍, അവര്‍ എഇഎസ്എ (ആക്റ്റീവ് ഇലക്ട്രോണിക്കലി സ്‌കാന്‍ന്‍ഡ് അറേ) റഡാര്‍ ഉപയോഗിക്കുന്നു. യുദ്ധ സമയത്ത് എതിര്‍രാജ്യങ്ങള്‍ ‘ജാം’ ചെയ്യാനുള്ള സാധ്യത ഇതിനു കുറവാണ്.

ആധുനിക യുദ്ധരംഗത്ത് ഉപയോഗിക്കുന്ന അമേരിക്കയുടെയും ഫ്രാന്‍സിന്റെയും വിമാനങ്ങളെ അപേക്ഷിച്ച് എസ്.യു. 35 ന്റെ ഇലക്‌ട്രോണിക് പോര്‍മുനകള്‍ ദുര്‍ബലമാണ്. ഇന്നത്തെ ഇലക്‌ട്രോണിക് പ്രതിരോധ നടപടികള്‍ നേരിടാന്‍ ഇതിനു കഴിവില്ലെന്നും ഈജിപ്ഷ്യന്‍ വ്യോമസേന പറയുന്നു.

എസ് യു 35 ല്‍ ഉപയോഗിക്കുന്ന എഎല്‍ 41എഫ് 1എസ് എന്‍ജിന്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കുകയും ഉയര്‍ന്ന താപ, ശബ്ദ തരംഗങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യും. ശക്തമായ എന്‍ജിനാണെങ്കിലും ഉയര്‍ന്ന താപ, ശബ്ദ തരംഗങ്ങളുള്ളതിനാല്‍ ഇവ ഇന്‍ഫ്രാറെഡ്, റഡാര്‍ സംവിധാനങ്ങളിലൂടെ എളുപ്പം കണ്ടെത്താന്‍ കഴിയും. ഈജിപ്ഷ്യന്‍ വ്യോമ സേനയുടെ പ്രവര്‍ത്തന രീതിക്കു വിരുദ്ധമാണിതെന്നു വിലയിരുത്തുന്നു. ലിബിയ, സിനായ് പോലുള്ള മേഖലകളിലുള്ള പ്രവര്‍ത്തനങ്ങളാണ് രാജ്യം നേരിടുന്നത്.

എഡബ്ല്യൂഎസിഎസ് (എയര്‍ബോണ്‍ വാണിംഗ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം) ആശ്രയിച്ചാണ് എസ്.യു. 35 യുദ്ധവിമാനം പ്രവര്‍ത്തിക്കുന്നത്. ഈജിപ്റ്റിന്റെ ഇന്‍ഡിപെന്‍ഡന്റ് ഡിസിഷന്‍ മേക്കിംഗ് കഴിവിനെ ഇതു പരിമിതപ്പെടുത്തുന്നെന്നും പറയുന്നു. റഫാന്‍ ജെറ്റില്‍ ആര്‍ബിഇ-2 എഇഎസ്എ റഡാര്‍, സ്‌പെക്ട്ര ഇലക്ട്രോണിക് വാര്‍ഫെയര്‍ സിസ്റ്റം തുടങ്ങിയ നൂതന കഴിവുകളുണ്ട്. ഇതിനു പുറമേ നിന്നുള്ള സഹായമില്ലാതെ പ്രവര്‍ത്തിക്കാനും കഴിയും. റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങിയാല്‍ ഒരു ബില്യണ്‍ ഡോളറില്‍ അധികം റദ്ദാക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയതും ഈജിപ്റ്റിന്റെ പിന്‍വാങ്ങലിനു പിന്നിലുണ്ടെന്നാണു വിവരം.

Back to top button
error: