IndiaNEWS

പുരി രഥയാത്രയ്ക്കിടെ തിക്കും തിരക്കും; മൂന്നു മരണം, പത്തുപേര്‍ക്ക് പരിക്ക്

ഭുവനേശ്വര്‍: ഒഡീഷയിലെ പുരിയില്‍ ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്നുപേര്‍ മരിച്ചു. ഇതില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. പത്തുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ശ്രീ ഗുംഡിച ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. വിഗ്രഹങ്ങളുമായെത്തിയ രഥങ്ങള്‍ ശ്രീ ഗുംഡിച ക്ഷേത്രത്തിന് സമീപത്തെത്തിയ സമയത്തായിരുന്നു അപകടമുണ്ടായത് എന്നാണ് വിവരം.

ഒഡീഷയിലെ ഖുര്‍ദ ജില്ല സ്വദേശികളായ പ്രഭതി ദാസ്, ബസന്തി സാഹു, പ്രേംകാന്ത് മൊഹന്തി എന്നിവരാണ് മരിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രഥയാത്രയില്‍ പങ്കെടുക്കാനാണ് ഇവര്‍ പുരിയിലേക്ക് വന്നത്. തിക്കിലും തിരക്കിലുംപെട്ട മൂവരും തല്‍ക്ഷണം മരിച്ചുവെന്നാണ് വിവരം. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

Signature-ad

രഥങ്ങള്‍ യാത്ര പുറപ്പെട്ട ജഗന്നാഥ ക്ഷേത്രത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ശ്രീ ഗുംഡിച ക്ഷേത്രം. ഞായറാഴ്ച രാവിലെ നാലരയോടെയാണ് രഥങ്ങള്‍ ഇവിടേക്ക് എത്തിയത്. ദര്‍ശനത്തിന് വേണ്ടി വലിയ ആള്‍ക്കൂട്ടമായിരുന്നു ഇവിടെയുണ്ടായിരുന്നത്. രഥങ്ങള്‍ എത്തിയതോടെ ആള്‍ക്കൂട്ടവും വലുതായി. ചിലര്‍ വീഴുകയും പിന്നീട് തിക്കും തിരക്കും രൂപപ്പെടുകയുമായിരുന്നു. അതേസമയം, ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള പോലീസ് നടപടികള്‍ അപര്യാപ്തമായിരുന്നെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Back to top button
error: