തരൂരിന്റെ ലക്ഷ്യം അച്ചടക്ക നടപടി എടുപ്പിച്ച് പുറത്തുപോകല്‍? ലക്ഷ്യം നയതന്ത്ര പദവി? സര്‍വകക്ഷി സംഘത്തിന്റെ പേരില്‍ വെട്ടിലായി കോണ്‍ഗ്രസ്; തരൂരിനെ തലവനാക്കിയത് എഐസിസി നല്‍കിയ പട്ടിക തള്ളിയശേഷം; പിന്തുണച്ച് കെപിസിസി നേതാക്കള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി നിലപാട് സ്വീകരിക്കുന്നതില്‍ ശശി തരൂരിനോടുള്ള അതൃപ്തി പ്രകടമാക്കി ഹൈക്കമാന്‍ഡ്. പാര്‍ട്ടിയെ വെട്ടിലാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ തരൂര്‍ കൂട്ടുനിന്നുവെന്നും പാര്‍ട്ടിക്ക് പുറത്തേക്കുള്ള വഴി വെട്ടുകയാണെന്നും എഐസിസി വിലയിരുത്തി. പാര്‍ട്ടിയെ കൊണ്ട് അച്ചടക്ക നടപടി എടുപ്പിക്കാനാണ് തരൂരിന്റെ നീക്കമെന്നും നയതന്ത്ര പദവി ലക്ഷ്യമിട്ടാണ് നിലവിലെ പ്രതികരണങ്ങളെന്നും എഐസിസിയുടെ നിഗമനം.
അതേസമയം ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിനിടയിലും സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസിന്റെ ആരോപണം. പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും തലത്തിലേക്ക് കോണ്‍ഗ്രസ് താഴില്ലെന്നും കോണ്‍ഗ്രസിന്റെ അഞ്ച് നേതാക്കളും സംഘത്തിന്റെ ഭാഗമാകുമെന്നും ജയറാം രമേശ് വ്യക്തമാക്കി. എന്നാല്‍ അനുഭവപരിചയവും പദവികളും പരിഗണിച്ചാണ് കോണ്‍ഗ്രസ് സംഘാംഗങ്ങളെ തിരഞ്ഞെടുത്തെതന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
ഭീകരവാദത്തിനെതിരായ രാജ്യത്തിന്റെ നിലപാട് വിശദീകരിക്കുന്ന സംഘത്തെ ശശി തരൂരാണ് നയിക്കുന്നത്. സംഘം യുഎസ്എ, പനാമ, ബ്രസീല്‍, കൊളംബിയ, ഗുയാന രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഇന്തോനീഷ്യ, മലേഷ്യ, കൊറിയ, ജപ്പാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘത്തിലാണ് ജോണ്‍ ബ്രിട്ടാസുള്ളത്.
ഈജിപ്ത്, എത്യോപ്യ, ഖത്തര്‍, സൗത്ത് ആഫ്രിക്ക സംഘത്തില്‍ വി.മുരളീധരന്‍നും ഇ.ടി. മുഹമ്മദ് ബഷീര്‍ യുഎഇ, ലൈബീരിയ, കോംഗോ, സിയറ ലിയോണ്‍ സംഘത്തിലും ഇടംപിടിച്ചു. അടുത്തയാഴ്ചയോടെയാണ് സംഘത്തിന്റെ സന്ദര്‍ശനത്തിന് തുടക്കമാകുക. ഓരോ സംഘത്തിന്റെയും സന്ദര്‍ശനം 10 ദിവസംവരെ നീളും. പുറപ്പെടും മുന്‍പ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതര്‍ സംഘാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും.
എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ വിദേശരാജ്യങ്ങളിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ച് കെപിസിസി നേതാക്കള്‍ പരസ്യ പിന്തുണയുമായി രംഗത്തുവന്നു. സര്‍വകക്ഷി സംഘത്തെ നയിക്കാന്‍ സന്നദ്ധതയറിയിച്ച ശശി തരൂര്‍ എംപിയുടെ നിലപാടിനെ അഭിനന്ദിച്ച് കെപിസിസിയിലെ പ്രമുഖര്‍ രംഗത്തുവന്നു. എഐസിസി അംഗീകരിച്ച് കേന്ദ്രത്തിന് കൈമാറിയ പട്ടികയിലുള്ളവരെ വെട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ശശി തരൂരിനെ ബിജെപി സര്‍ക്കാര്‍ സര്‍വകക്ഷി സംഘത്തിന്റെ തലവനാക്കിയത്.
ജയറാം രമേശ് ഉള്‍പ്പെടെയുള്ള എഐസിസി വക്താക്കള്‍ തരൂരിന്റെ തീരുമാനത്തെ വിമര്‍ശിക്കുമ്പോഴാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി കെപിസിസി വക്താക്കള്‍ പ്രസ്താവന ഇറക്കിയിരിക്കുന്നത്. സംഗതി പാളിയെന്ന് മനസ്സിലായതോടെ ‘ഔദ്യോഗിക’മായി ഒന്നും പറഞ്ഞിട്ടില്ലെന്നും ദേശീയ പ്രശ്‌നമാണെന്നും പറഞ്ഞ് നേതാക്കള്‍ തടിതപ്പി. അഭിമാനത്തോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ക്ഷണത്തെ കാണുന്നതെന്ന് ശശി തരൂര്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു.






