Breaking NewsKeralaLead NewsLIFELife StyleMovieNEWSSocial MediaTRENDING

‘അന്ന് അമ്മയുടെ രണ്ടാം വിവാഹം ഉള്‍ക്കൊള്ളാനായില്ല; ഇന്ന് എനിക്കത് മനസിലാകും’; കുട്ടിക്കാലത്തെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് നടി ലിജോമോള്‍; ‘പത്തുവര്‍ഷം അച്ഛനുണ്ടായില്ല, അവരുടെ കുടുംബക്കാര്‍ ഒറ്റപ്പെടുത്തി; അന്നത്തെ അനുഭവങ്ങളാണ് ഇന്നെന്റെ കരുത്ത്’

കൊച്ചി: മഹേഷിന്റെ പ്രതികാരമെന്ന സിനിമയിലൂടെ മലയാളികള്‍ക്കു സുപരിചിതയായ നടി ലിജോ മോള്‍ കുട്ടിക്കാലത്തെ അനുഭവം ആദ്യമായി തുറന്നു പറയുന്നു. ചെറുപ്രായത്തില്‍തന്നെ അച്ഛന്‍ മരിച്ചെന്നും പിന്നീടു പത്തു വയസില്‍ രണ്ടാനച്ഛന്‍ വന്നത് ആദ്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നും ലിജോമോള്‍ പറഞ്ഞു. പത്താം വയസിലാണ് അമ്മ രണ്ടാമതും വിവാഹം കഴിച്ചത്. അന്ന് തനിക്ക് അത് ബുദ്ധിമുട്ടായിരുന്നുവെന്നും എന്നാല്‍ ഇന്ന് അമ്മ എന്തുകൊണ്ട് അന്ന് അങ്ങനെ ഒരു തീരുമാനമെടുത്തു എന്ന് മനസിലാവുന്നുണ്ടെന്നും ലിജോ മോള്‍ പറഞ്ഞു. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തിലാണ് ലിജോ മോള്‍ മനസ് തുറന്നത്.

‘ഒന്നര വയസുള്ളപ്പോഴാണ് അച്ഛന്‍ മരിച്ചത്. അപ്പോള്‍ അമ്മ ഗര്‍ഭിണിയായിരുന്നു. എനിക്ക് പത്ത് വയസും അനിയത്തിക്ക് എട്ട് വയസുമുള്ളപ്പോളാണ് അമ്മ വേറെ കല്യാണം കഴിക്കുന്നത്. രണ്ടാനച്ഛന്‍ എന്ന് പറയാന്‍ എനിക്ക് താല്‍പര്യമില്ല. ഇച്ചാച്ചന്‍ എന്നാണ് ഞങ്ങള്‍ വിളിക്കുന്നത്. എനിക്ക് ആ സമയത്ത് അത് അംഗീകരിക്കാന്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു. കാരണം എന്റെ ആദ്യത്തെ പത്ത് വര്‍ഷത്തില്‍ അച്ഛന്‍ എന്ന് പറയുന്ന കാര്യം ഉണ്ടായിട്ടില്ല, അത് എന്താണെന്ന് എനിക്കറിയില്ല.’

Signature-ad

പെട്ടെന്ന് ഒരു ദിവസം ഒരാള്‍ ലൈഫിലേക്ക് കയറി വരുന്നു, അദ്ദേഹം ഇനി നമ്മുടെ കൂടെ ഉണ്ടാകും, ഇയാളെ നമ്മള്‍ ഇനി ഇച്ചാച്ചന്‍ എന്ന് വിളിക്കണം എന്നൊക്കെ അമ്മ പറയുമ്പോള്‍ അത് ആക്സെപ്ട് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. അന്ന് എനിക്ക് അത്ര പ്രായമുള്ളൂ. അമ്മയുമായി അന്ന് എനിക്ക് ചെറിയ അകല്‍ച്ച ഉണ്ട്. വല്യമ്മച്ചിയുടെ കൂടെയായിരുന്നു ഞാന്‍ ഉറങ്ങിയിരുന്നത്. പഠിപ്പിക്കുന്നതൊക്കെ അമ്മയായിരുന്നു. അനിയത്തി അമ്മയുടെ കൂടെയാണ് ഉറങ്ങിയത്.

ഇച്ചാച്ചന്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് വരുമ്പോഴാണ് അച്ഛന്റെ വീട്ടില്‍ നിന്നും പോരുന്നത്. അത്രയും നാള്‍ നിന്ന വീട്ടില്‍ നിന്നും പോരുന്നത് എനിക്ക് ബുദ്ധിമുട്ടായിരുന്നു. അമ്മ ട്രാന്‍സ്ഫര്‍ വാങ്ങി വരികയായിരുന്നു. അമ്മ രണ്ടാമത് വിവാഹം കഴിച്ചതില്‍ അച്ഛന്റെ കുടുംബത്തില്‍ കുറേയേറെ പ്രശ്‌നങ്ങളുണ്ടായിരുന്നു. കസിന്‍സും അങ്കിളുമാരും ആന്റിമാരും ഒന്നും മിണ്ടില്ല. ആ സമയത്ത് അവധിക്ക് പോകാന്‍ വീടൊന്നുമില്ല. ഞങ്ങള്‍ വീട്ടില്‍ തന്നെയായിരിക്കും. അതുകൊണ്ടൊക്കെ ജീവിതത്തില്‍ ഉണ്ടായ ആ മാറ്റത്തെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു.

അന്ന് അമ്മയോട് പേഴ്‌സണലി ഒന്നും പറയാനും പറ്റാതെയായി. അമ്മ അത് ഇച്ചാച്ചനോട് പറയുന്നത് ബുദ്ധിമുട്ടായിരുന്നു. പിന്നെ ഇമോഷണലി വേണ്ട പിന്തുണ ആ സമയത്ത് എനിക്ക് കിട്ടിയില്ല. അമ്മക്ക് ജോലിയുണ്ടായിരുന്നു. അതിന്റേതായ തിരക്കുണ്ടായിരുന്നു. അമ്മ തിരിഞ്ഞുനോക്കിയിട്ടില്ലെന്നല്ല. നല്ല അമ്മ തന്നെയായിരുന്നു. എന്നാല്‍ ഞാന്‍ ആഗ്രഹിച്ച ഒരു പിന്തുണ കിട്ടിയിട്ടില്ല. അമ്മ ഭയങ്കരമായി സ്‌നേഹം പ്രകടിപ്പിക്കുന്ന ആളല്ല.

പിന്നെ ഒരു ഡിഗ്രി ആയപ്പോള്‍ എനിക്ക് മനസിലായി, അമ്മ എന്തുകൊണ്ട് അങ്ങനെ ഒരു തീരുമാനമെടുത്തുവെന്നും അമ്മക്ക് എന്തൊക്കെ ബുദ്ധിമുട്ടുണ്ടായിയെന്നും. അമ്മയോട് എനിക്ക് അകല്‍ച്ചയുണ്ടായിരുന്നു. കൂടുതല്‍ അടുപ്പം അനിയത്തിയോടായിരുന്നു. എനിക്ക് തോന്നിയതുപോലെ അവള്‍ക്ക് തോന്നരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അനിയത്തിക്ക് പ്രൊട്ടക്ടീവായ ചേച്ചിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്കറിയാം അമ്മ എന്തുകൊണ്ട് അങ്ങനെ ഒരു തീരുമാനം എടുത്തുവെന്ന്. അവര്‍ വേറെ കുട്ടികള്‍ വേണ്ട എന്ന് തീരുമാനിച്ചു. ഇപ്പോള്‍ ഞാന്‍ ഗ്രേറ്റ് ഫുളാണ്. താങ്ക്ഫുളാണ്,’ ലിജോ മോള്‍ പറഞ്ഞു.

 

Back to top button
error: