
ന്യൂഡല്‍ഹി: തീവ്രവാദികള്‍ക്കെതിരായ ശക്തമായ നിലപാടിന്റെ പേരില്‍ മോദിയെ അഭിനന്ദിക്കുന്ന ബാലന്റെ വീഡിയോ വൈറല്‍. ഡല്‍ഹി ജുമാ മസ്ജിദിലെ ഷാഹി ഇമാമിന്റെ ചെറുമകന്‍ സയ്യിദ് അരീബ് ബുഖാരിയാണു ‘ഭീകരതയ്ക്കെതിരായ ഉറച്ച നടപടിക്ക്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ സായുധ സേനയ്ക്കും നന്ദി പറയുന്നത്.
ന്യൂഡല്‍ഹിയിലെ ജുമാ മസ്ജിദ് കുടുംബത്തിലെ 15-ാം തലമുറയെ പ്രതിനിധീകരിക്കുന്ന ഏഴുവയസുകാരന്‍ പള്ളിയുടെ മുന്നില്‍ ഇരിക്കുന്നതായിട്ടാണു വീഡിയോയിലുള്ളത്. ‘ബഹുമാനപ്പെട്ട മോദി അങ്കിള്‍, നിങ്ങള്‍ തീവ്രവാദത്തിനെതിരെ ശക്തമായ ഒരു ചുവടുവയ്പ് നടത്തി. അത് പ്രവര്‍ത്തനത്തിലൂടെ നിങ്ങള്‍ കാണിച്ചുതന്നു. നിങ്ങള്‍ ഞങ്ങളുടെ നായകനാണ്’.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷം തന്നെ ഭയപ്പെടുത്തിയെന്നും അസ്വസ്ഥനാക്കിയെന്നും ഇപ്പോള്‍ ആത്മവിശ്വാസവും ശാന്തതയും അനുഭവിക്കുന്നെന്നും അരീബ് പറഞ്ഞു. ‘ഇപ്പോള്‍ എനിക്ക് വീണ്ടും എന്റെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. ഇന്ത്യാ സര്‍ക്കാരിനും നമ്മുടെ ധീരരായ ജവാന്‍മാര്‍ക്കും നന്ദി. ജയ് ഹിന്ദ്- അരീബ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും പാകിസ്ഥാനും സൈനിക നടപടി നിര്‍ത്താന്‍ സമ്മതിച്ചതിന്റെ ഒരു ദിവസത്തിന് ശേഷമാണ് കുട്ടിയുടെ വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തത്. ജമ്മു കശ്മീര്‍, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവയുള്‍പ്പെടെ നിരവധി അതിര്‍ത്തി പ്രദേശങ്ങള്‍ കടുത്ത ഭീതിയിലേക്കു വഴിമാറിയിരുന്നു. പൂഞ്ച്, രജൗരി, ഉറി, കുപ്വാര എന്നിവയുള്‍പ്പെടെ ജമ്മു കശ്മീര്‍ പ്രദേശങ്ങളിലും കനത്ത ഷെല്ലാക്രമണം ഉണ്ടായി. നിരവധി സ്ഥലങ്ങളില്‍ സാധാരണക്കാരും കൊല്ലപ്പെട്ടു.
അതേസമയം, രാജ്യത്തെ ഓരോ പൗരനുംവേണ്ടി സൈന്യത്തെ അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സൈന്യത്തിന് ബിഗ് സല്യൂട്ട്. അവരുടെ പോരാട്ടം അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും സമര്‍പ്പിക്കുന്നു. പഹല്‍ഗാമില്‍ നിരപരാധികളെ ഭീകരര്‍ കൊലപ്പെടുത്തി. രാജ്യം ഒറ്റക്കെട്ടായി ഭീകരവാദത്തിനെതിരെ ശക്തമായി രംഗത്തെത്തി. ഓപ്പറേഷന്‍ സിന്ദൂര്‍ വെറും പേരല്ല. സഹോദരിമാരുടെ സിന്ദൂരം മായ്ക്കാന്‍ ശ്രമിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് ബോധ്യപ്പെടുത്തി. നമ്മുടെ വികാരങ്ങളെ സൂചിപ്പിക്കുന്ന പേരാണ് ഓപ്പറേഷന്‍ സിന്ദൂര്‍.
ഭീകരരെ മണ്ണിലൊതുക്കാന്‍ സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കി. ഭീകരകേന്ദ്രങ്ങളില്‍ കടന്നുകയറി ആക്രമിച്ചു. നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടു. ഇത്രവലിയ ആക്രമണം ഭീകരര്‍ സ്വപ്നത്തില്‍പോലും പ്രതീക്ഷിച്ചില്ല. ഇന്ത്യയുടെ നടപടി പാക്കിസ്ഥാനെ നിരാശരാക്കി. ഈ നിരാശയില്‍നിന്ന് പാക്കിസ്ഥാന്‍ ഭീകരര്‍ക്കുപകരം ഇന്ത്യക്കുനേരെ തിരിഞ്ഞു. പാക്കിസ്ഥാന്‍ ഇന്ത്യയുടെ ജനവാസ കേന്ദ്രങ്ങളും സ്‌കൂളുകളും ആക്രമിച്ചു. ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. പാക്ക് വ്യോമതാവളങ്ങള്‍ തകര്‍ത്തു.
വെടിനിര്‍ത്തലിന് ആദ്യം തയ്യാറായത് പാക്കിസ്ഥാനാണ്. അപ്പോഴേക്കും ഇന്ത്യ ലക്ഷ്യംകണ്ടുകഴിഞ്ഞിരുന്നു. ആണവ ഭീഷണിക്ക് ഇന്ത്യ വഴങ്ങില്ല. ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരവാദത്തിനെതിരായ ഇന്ത്യയുെട നയമാണ്. എന്ത് ആക്രമണശ്രമം ഉണ്ടായാലും ശക്തമായി തിരിച്ചടിക്കും. സേനകള്‍ തയാറാണ്. അവര്‍ ജനങ്ങളെ സംരക്ഷിക്കാന്‍ ഏത് അറ്റംവരെയും പോകും. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ഭീകരതയാണ്. ഭീകരതയും വ്യാപാരവും ഒരുമിച്ച് നടക്കില്ല. ‘രക്തവും വെള്ളവും ഒരുമിച്ച് നടക്കി’ല്ലെന്നും നരേന്ദ്ര മോദി പറഞ്ഞു.






