Breaking NewsIndiaLead NewsNEWSpoliticsWorld

സാമ്പത്തിക സഹായം; ഐഎംഎഫുമായുള്ള പാകിസ്താന്റെ നിര്‍ണായക യോഗം വെള്ളിയാഴ്ച; ഇതുവരെ നല്‍കിയ പണത്തിന്റെ വിനിയോഗം വിലയിരുത്തും; മുടക്കാന്‍ ഒരുമുഴം മുമ്പേ എറിഞ്ഞ് ഇന്ത്യ; 1.3 ബില്യണ്‍ ഡോളര്‍ ലഭിച്ചില്ലെങ്കില്‍ വന്‍ പ്രതിസന്ധി

ഇസ്ലാമാബാദ്: ഇന്ത്യയുടെ ശക്തമായ തിരിച്ചടിക്കു പിന്നാലെ പാകിസ്താനെ കാത്തിരിക്കുന്നത് മറ്റൊരു വമ്പന്‍ പരീക്ഷണം. ബലൂച് വിമതരുടെ ആക്രമണം ഒരുവശത്തുകൂടിയും മറ്റൊരു ഭാഗത്ത് ഇന്ത്യയും ആക്രമണം കടുപ്പിക്കുമ്പോള്‍ പിടിച്ചു നില്‍ക്കാനുള്ള അവസാന ശ്രമത്തിലാണ് പാകിസ്താന്‍. ഇതിന്റെ ആദ്യ പടിയെന്നോണം അന്താരാഷ്ട്ര നാണയ നിധിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡുമായുള്ള കൂടിക്കാഴ്ച മേയ് ഒമ്പത് വെള്ളിയാഴ്ച നടക്കും.

പാകിസ്താന് ഇപ്പോള്‍ നല്‍കുന്ന സഹായം തുടരുന്നതിനും എക്സ്റ്റന്റഡ് ഫണ്ടിംഗ് ഫെസിലിറ്റി (ഇഎഫ്എഫ്)യിലൂടെ മറ്റൊരു 1.3 ബില്യണ്‍ ഡോളര്‍ ലഭ്യമാക്കുന്നതിനുമുള്ള നിര്‍ണായക ചര്‍ച്ചയാണു നടക്കുന്നത്. പാകിസ്താനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഈ കൂടിക്കാഴ്ച നിര്‍ണായകമാണെന്നാണു വിലയിരുത്തുന്നത്.

Signature-ad

പാകിസ്താനു സഹായം നല്‍കുന്ന കാര്യം പുനപരിശോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക സഹായം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നെന്ന ആരോപണം ശക്തിപ്പെടുത്തി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഇന്ത്യ ആവശ്യമുന്നയിച്ചിരുന്നു.

നേരത്തെയും പാകിസ്താനെ ഇക്കാര്യങ്ങള്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ നിരീക്ഷിക്കുന്ന ടാസ്‌ക്‌ഫോഴ്‌സ് കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. 2018ല്‍ കൊണ്ടുവന്ന നിയന്ത്രണം ഭീകരവാദികള്‍ക്കുള്ള ഫണ്ടിംഗ് ഉണ്ടാകില്ലെന്ന ഉറപ്പില്‍ പിന്‍വലിക്കുകയും ചെയ്തു. ഭീകരവാദികളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരെ പിടികൂടി ജയിലിടുന്ന ‘പൊടിയിടല്‍’ നീക്കങ്ങള്‍ നടത്തിയതോടെയായിരുന്നു ഇത്.

പാകിസ്താനു സഹായം നല്‍കുന്ന ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ ഏഴു ബില്യണ്‍ പാക്കേജിനെതിരേയും ഇന്ത്യ രംഗത്തുവന്നിട്ടുണ്ട്. ഈ പണം ഭീകരവാദത്തിന് ഉപയോഗിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ആരോപണങ്ങള്‍ കടുപ്പിക്കുന്നത്. മൂന്നുവര്‍ഷത്തെ സാമ്പത്തിക സഹായ പാക്കേജ് 2024ല്‍ ആണു തീരുമാനമായത്. നിലവില്‍ പാകിസ്താന്‍ പിടിച്ചു നില്‍ക്കുന്നത് ഈ സഹായം കൊണ്ടാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദവും ബലൂച് വിമതരുടെ ആക്രമണങ്ങളും തകര്‍ന്ന ജനാധിപത്യവുംമൂലം പൊറുതിമുട്ടിയ പാകിസ്താണ് ഇതു മാത്രമാണ് ഏക ആശ്വാസം. ഐഎംഎഫിന്റെ സഹായം നിലച്ചാല്‍ പാകിസ്താന്‍ വന്‍ പ്രതിസന്ധിയിലേക്കു നീങ്ങും.

എഫ്എടിഎഫിന്റെ നിയന്ത്രണം വീണ്ടുമുണ്ടായാല്‍ പാകിസ്താനിലെ സാമ്പത്തിക രംഗത്തെക്കുറിച്ചു സൂഷ്മ നിരീക്ഷണമുണ്ടാകും. വിദേശ നിക്ഷേപം, രാജ്യത്തേക്കുള്ള പണത്തിന്റെ വരവ് എന്നിവയും നിയന്ത്രിക്കപ്പെടും. അടുത്ത പ്ലീനറി സെഷനുമുമ്പ് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയാണു ലക്ഷ്യം. 40 രാജ്യങ്ങളിലെ അംഗങ്ങളാണു തീരുമാനങ്ങളെടുക്കുന്ന സമഗ്രമായ മീറ്റിംഗില്‍ പങ്കെടുക്കുന്നത്. വര്‍ഷത്തില്‍ ഫെബ്രുവരി, ജൂണ്‍, ഒക്‌ടോബര്‍ മാസങ്ങളിലാണു പ്ലീനറി മീറ്റിംഗ് നടക്കുക.

ഐഎംഎഫിന്റെ സഹായത്തിന്റെ മറവില്‍ ഈ പണം സൈനിക ഇന്റലിജന്‍സ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഉപയോഗിക്കുമെന്നും ലഷ്‌കറെ, ജെയ്‌ഷെ മുഹമ്മദത് തുടങ്ങിയ ഭീകരവാദികളിലേക്കും പണമെത്തുമെന്നും ഇന്ത്യ ആരോപിക്കുന്നു. വെള്ളിയാഴ്ച നടക്കുന്ന മീറ്റിംഗില്‍ പാകിസ്താന് എത്രത്തോളം സഹായം ആവശ്യമാകുമെന്ന കാര്യമാണു വിലയിരുത്തുന്നത്. നേരത്തെ സഹായം നല്‍കുമ്പോള്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ട കാര്യങ്ങളുടെ വിലയിരുത്തലും മീറ്റിംഗില്‍ ഉണ്ടാകും.

2023ല്‍ പാകിസ്താന് 7 ബില്യണ്‍ ഡോളറാണ് ഐഎംഎഫില്‍നിന്ന് ലഭിച്ചത്. കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാനെന്ന പേരില്‍ 2024 മാര്‍ച്ചില്‍ 1.3 ബില്യണ്‍ ഡോളറും ലഭിച്ചു. പാകിസ്താന്റെ ആകെ സമ്പദ് വ്യവസ്ഥ 350 ബില്യണ്‍ ഡോളറാണ്. ഇതിനെ അപേക്ഷിച്ച് ഐഎംഎഫില്‍നിന്ന് എടുത്തത് വന്‍ തുകയാണെന്നാണു കണക്കാക്കുന്നത്.

Back to top button
error: