തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ആരോഗ്യ, ആയുഷ് വകുപ്പുകളിലായി ഒരുമിച്ച് 3,000 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഹെല്‍ത്ത് സര്‍വീസ് 1217, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് 527, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് 772, മലബാര്‍ കാന്‍സര്‍ സെന്റര്‍ 33, ആയുഷ് വകുപ്പ് 300, മറ്റ് വിഭാഗങ്ങളായി 151 എന്നിങ്ങനെയാണ് ആകെ 3,000 തസ്തികകള്‍ സൃഷ്ടിച്ചത്. ആരോഗ്യ, ആരോഗ്യ വിദ്യാഭ്യാസ, ആയുഷ് വകുപ്പുകളിലെ ഏതൊക്കെ സ്ഥാപനങ്ങളില്‍ ഏതൊക്കെ വിഭാഗങ്ങളിലാണ് തസ്തികകളെന്ന് പിന്നീട് തീരുമാനിക്കുന്നതായിരിക്കും.
ഇതോടെ തൊഴില്‍ രഹിതരായ 3000 പേര്‍ക്ക് പി.എസ്.സി. വഴി സ്ഥിര നിയമനം ലഭിക്കുന്നതാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആരോഗ്യ മേഖലയില്‍ ഇതുവരെ ആകെ 10,272 തസ്തികകളാണ് സൃഷ്ടിച്ചത്. ആരോഗ്യ മേഖലയില്‍ ഇത്രയേറെ തസ്തികകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതില്‍ സര്‍ക്കാരിന് അഭിമാനമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.