
കോഴിക്കോട്: കല്ലായിയില്‍ വിവാഹ വീട്ടില്‍ വരന്റെ സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി മുബീന് പിടിയില്‍. കോഴിക്കോട് കോതിപ്പാലത്ത് വെച്ചാണ് മുബീനെ പന്നിയങ്കര പോലീസ് പിടികൂടിയത്.
സംഭവത്തിന് ശേഷം പ്രതി മംഗലാപുരത്തേക്ക് കടന്നിരുന്നു. ശേഷം തിരിച്ച് കോഴിക്കോട് എത്തി കല്ലായി റെയില്‍വെ സ്റ്റേഷനില്‍വെച്ച് ഭാര്യയെ ഫോണില്‍ വിളിക്കുകയായിരുന്നു. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. പന്നിയങ്കര സ്വദേശി വിഷ്ണുവിന്റെതായിരുന്നു വിവാഹം. പുലര്‍ച്ചെ രണ്ട് മണിയോടെ മുബീന് അതിക്രമിച്ച് വിഷ്ണുവിന്റെ വീടിനുള്ളിലേക്ക് കയറി മദ്യം ചോദിച്ചു. വിഷ്ണു സുഹൃത്തുകളുടെ സഹായത്തോടെ മുബീനെ വീട്ടില്‍ നിന്ന് പിടിച്ചു മാറ്റി. എന്നാല്‍ മുബീന് വീണ്ടും തിരിച്ചെത്തി ആക്രമിക്കുകയായിരുന്നു.
കല്യാണപ്പുരയ്ക്ക് അടുത്തുള്ള റോഡില്‍ വച്ചാണ് മുബീന് വിഷ്ണുവിന്റെ സുഹൃത്ത് ഇന്‍സാഫിനെ ആക്രമിച്ചത്. ബാര്‍ബര്‍ ഷോപ്പിലെ കത്തി കൊണ്ടായിരുന്നു ആക്രമണം. ബഹളം കേട്ടെത്തിയ വിഷ്ണുവും മറ്റു സുഹൃത്തുകളും ചേര്‍ന്നാണ് ഇന്‍സാഫിനെ ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിനു ശേഷം മുബീന് ഓടി രക്ഷപ്പെട്ടു.






