Breaking NewsHealthKeralaLead NewsLIFENEWSpolitics

ശൈലി ആപ്പുമായി ആശമാര്‍ വീടുകളില്‍ മാസത്തില്‍ എത്രവട്ടം എത്തി? കേരളത്തില്‍ കൂടുതല്‍ ജോലി ചെയ്തിട്ടും പ്രതിഫലം 230 രൂപയോ? ജനപ്രതിനിധികളെ ചേര്‍ത്തുവച്ച് സാറ ജോസഫ് പറയുന്ന കണക്കിലെ വാസ്തവം എന്ത്? ചില വസ്തുതകള്‍ പറയാതെവയ്യ

കൊച്ചി: എസ് യുസിഐ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ആരംഭിച്ച സമരത്തിനോടു സര്‍ക്കാര്‍ മുഖം തിരിച്ചതോടെ സമൂഹ ധനസമാഹരണത്തിലൂടെ ആയിരം രൂപവീതം നല്‍കുമെന്നു പ്രഖ്യാപിച്ചു എഴുത്തുകാരി സാറ ജോസഫ് രംഗത്തെത്തിയിരുന്നു. പ്രതിദിനം 230 രൂപയാണ് ആശമാര്‍ക്കു ലഭിക്കുന്നതെന്നും ഈ മന്ത്രിസഭ കാലാവധി അവസാനിക്കുന്നതു വരെ 1000 രൂപവരെ നല്‍കുമന്നുമാണു സാറ ജോസഫും സംഘവും വ്യക്തമാക്കിയത്. ഓരോ ആശമാരെയും ഒരോ ആളുകളെക്കൊണ്ടു സ്‌പോണ്‍സര്‍ ചെയ്യിച്ച് യുപിഐ (ഗൂഗിള്‍ പേ പോലെ) വഴി പണം ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് എത്തിക്കുകയാണു പദ്ധതി. കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സരാഭായിയും ഇതിനു പിന്തുണയുമായി എത്തിയിരുന്നു. ഇവര്‍ ആയിരം രൂപയും നല്‍കി.

എന്നാല്‍, ആശമായുടെ ജോലിയും അവരുടെ വേതനവും തമ്മിലുള്ള ബന്ധമാണ് ദിവസ വേതനത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടതോടെ വീണ്ടും ചര്‍ച്ചയിലേക്കു വരുന്നത്. എസ് യുസിഐയുടെ സമരത്തെ എതിര്‍ക്കുമ്പോഴും ആശമാരുടെ കാര്യത്തില്‍ സമൂഹം പൊതുവേ അവര്‍ക്ക് അനുകൂലമായിട്ടാണ് നിലപാട് എടുക്കുന്നത്. പദ്ധതി തുടങ്ങിയശേഷം സംസ്ഥാന സര്‍ക്കാര്‍ ക്രമാനുഗതമായി അവരുടെ ഓണറേറിയം കൂടിക്കൊടുത്തിട്ടുമുണ്ട്. ആശമാര്‍ക്കുള്ള നിബന്ധനകള്‍ എടുത്തു കളഞ്ഞതോടെ ‘വീട്ടിലിരുന്നു ജോലി’ ചെയ്താലും അവര്‍ക്കുള്ള ഓണറേറിയം ലഭിക്കുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

കേരളത്തില്‍ ആശമാര്‍ക്കു കൂടുതല്‍ ജോലി?

Signature-ad

കേരളത്തിലെ ആശമാര്‍ക്കു മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കൂടുതല്‍ ജോലിയുണ്ടെന്ന വാദം ആദ്യം ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ അത് അങ്ങനെയല്ല എന്നു തെളിഞ്ഞിട്ടുണ്ട്. കേന്ദ്രം അവരെ ഏല്‍പ്പിക്കാന്‍ നിശ്ചയിച്ച ജോലിയല്ലാതെ മറ്റൊന്നും നല്‍കിയിട്ടില്ല. ഏറ്റവുമൊടുവില്‍ കുഷ്ഠരോഗ ലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കുകയാണ് ആശമാര്‍ക്കു ലഭിച്ച ജോലി. അതുമായി എത്രപേര്‍ നിങ്ങളുടെ വീട്ടിലെത്തി എന്നതു പരിശോധിക്കേണ്ടതാണ്.

കേന്ദ്രം അനുവദിച്ച പട്ടികയിലുള്ള പത്തു ജോലികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ അധിക വേതനം ലഭിച്ചിരുന്നുള്ളൂ. സിഐടിയു സമരത്തെ തുടര്‍ന്ന് അഞ്ചെണ്ണം പൂര്‍ത്തിയാക്കിയാല്‍ അധിക വേതനം കിട്ടുമെന്ന സ്ഥിതിയായി. പിന്നീട്, എസ് യുസിഐയുടെ സമരത്തിനു പിന്നാലെ സിഐടിയു നട്തിയ എജി ഓഫീസ് മാര്‍ച്ചിനുശേഷം ഈ അഞ്ചു നിബന്ധന പൂര്‍ത്തിയാക്കണമെന്നതും എടുത്തു കളഞ്ഞു. ഇപ്പോള്‍ ഈ പട്ടികയില്‍ പറഞ്ഞിട്ടുള്ള ഒന്നും ചെയ്തില്ലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന തുക ഇവര്‍ക്കു ലഭിക്കുമെന്ന സ്ഥിതിയിലായി.

ആശമാര്‍ ഇപ്പോള്‍ എന്തു ചെയ്യുന്നു?

ആശ വര്‍ക്കര്‍മാര്‍ അവരുടെ ജോലി കൃത്യമായി നിര്‍വഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ‘ശൈലി’ എന്ന ആപ്പ് ഏര്‍പ്പടുത്തിയത്. വിവിധ സര്‍വേകള്‍ക്കു വീടുകള്‍ സന്ദര്‍ശിച്ച് പൂര്‍ത്തിയാക്കേണ്ട ജോലിയാണ് ഇതിലുള്ളത്. ഓരോ വീടുകളിലുമെത്തി ജീവിതശൈലി രോഗങ്ങള്‍ ഉള്ളവരുടെ കണക്കാണ് എടുക്കേണ്ടത്. വിവരങ്ങള്‍ ആപ്ലിക്കേഷനി (ആപ്പ്)ലൂടെ അപ്‌ഡേറ്റ് ചെയ്യണം. ഇതു കൃത്യമായി നിരീക്ഷിക്കാന്‍ ഈ രോഗമുള്ള വ്യക്തിയുടെ കുടുംബത്തിലെ ആധാര്‍ നമ്പരുമായി ബന്ധിപ്പിച്ച ഏതെങ്കിലും ഒരാളുടെ ഫോണിലേക്ക് ഒടിപി വരും. അത് ഫെച്ച് ചെയ്താണ് സ്ഥിതിവിവര കണക്കുകള്‍ പുതുക്കേണ്ടത്. ഇതിനെതിരെ ആശാവര്‍ക്കര്‍മാരുടെ വിവിധ സംഘടനകള്‍ സര്‍ക്കാരിനെ സമീപിച്ചതോടെ ഉദാര സമീപനമുള്ള സര്‍ക്കാര്‍ അതും എടുത്തുകളഞ്ഞു. ഇപ്പോള്‍ രജിസ്‌ട്രേഷനുള്ള ആശമാരില്‍ ആര്‍ക്കും അവരവരുടെ വീട്ടിലിരുന്നോ പഞ്ചായത്ത് ഓഫീസിലോ ഇരുന്ന് ഈ ജോലി ചെയ്യാന്‍ കഴിയും. പലരും ഫോണില്‍ വിളിച്ചാണ് സര്‍വേ പൂര്‍ത്തിയാക്കുന്നതെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ആശമാര്‍ വീടുകളില്‍ എത്തിയിട്ട് എത്രകാലമായെന്ന് ഓരോരുത്തരുടെയും പരിശോധനയ്ക്കു വിടുന്നു.

പ്രതിഫലം 230 രൂപയോ?

സമരത്തിലൂടെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഭൂരിപക്ഷം ആശമാര്‍ക്കും പ്രതിമാസം 13,200 രൂപ ലഭിക്കുന്നുണ്ട്. ചിലര്‍ക്ക് 14,000 നു മുകളിലും ലഭിക്കുന്നു. അതില്‍നിന്ന് പ്രതിദിനം 230 രൂപയെന്ന കണക്ക് പൊളിയുന്നുണ്ട്. പ്രതിമാസം 10,000 രൂപ ലഭിച്ചാല്‍തന്നെ പ്രതിദിനം 333 രൂപ ലഭിക്കും. എന്നാല്‍, ആശമാരുടേത് മുഴുവന്‍ സമയ ജോലിയല്ല. മാസം പത്തുമുതല്‍ 15 ദിവസംവരെയാണ് ശരാശരി ജോലി. 10 ദിവസത്തെ ജോലിക്കുള്ള പ്രതിഫലം കണക്കാക്കിയാല്‍ പ്രതിദിനം 1300 രൂപയോളം ലഭിക്കും.

മറ്റു സമയത്ത് അവര്‍ക്കു മറ്റു ജോലികള്‍ക്കു പോകാന്‍ കഴിയും. മുഴുവന്‍ സമയ മറ്റു ജോലികള്‍ ഉള്ളവര്‍ക്കു മാത്രമാണ് ആശമാരാകുന്നതില്‍നിന്ന് വിലക്ക്. തൊഴിലുറപ്പ് ജോലികള്‍ക്കു പോകുന്നവര്‍ ഇതിലുണ്ട്. ഇന്‍ഷുറന്‍സ് ഏജന്റുമാരായും രാഷ്ട്രീയ പ്രവര്‍ത്തകരായും പ്രവര്‍ത്തിക്കുന്ന ആശമാരുണ്ട്. സന്നദ്ധ സേവനം ചെയ്തുകൊള്ളാം എന്ന് ഒപ്പിട്ടു കൊടുത്ത് ജോലിയില്‍ കയറുന്നവരാണ് ആശമാര്‍ എന്നതും കണാതിരുന്നുകൂട.

ജനപ്രതിനിധികള്‍ കൈയിട്ടു വാരുന്നവരോ?

ഒരു വാര്‍ഡ് മെംബര്‍ക്കു കിട്ടുന്ന പ്രതിഫലം പ്രതിമാസം 8000 രൂപയാണ്. പഞ്ചായത്തിലെ നാല് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളില്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി സ്ഥാനം ലഭിക്കുക വൈസ് പ്രസിഡന്റിനാണ്. വൈസ് പ്രസിഡന്റിന് 11,600 രൂപയാണു പ്രതിഫലം. മറ്റു മൂന്നുപേര്‍ക്ക് 9200. പഞ്ചായത്ത് പ്രസിഡന്റിന് ലഭിക്കുന്നത് 14,200 രൂപ. പഞ്ചായത്ത് പ്രസിഡന്റിന്റെയും മെംബറുടെയും ജോലി എപ്പോള്‍ തുടങ്ങുമെന്ന് അറിയാത്തവരല്ല സാറ ടീച്ചറും സംഘവും. അവരെ ഒരാവശ്യത്തിനു വിളിച്ചാല്‍ കിട്ടിയില്ലെങ്കില്‍ എന്താകും പ്രതികരണം? മരണംമുതല്‍ ആശുപത്രി ആവശ്യങ്ങള്‍ക്കുവരെ കൈയില്‍നിന്നു പണം പോകുന്നവരാണ് മിക്ക മെംബര്‍മാരും. അഞ്ചുവര്‍ഷത്തെ ഭരണം കഴിയുമ്പോള്‍ ധനാഠ്യരാകുന്ന കൗണ്‍സിലര്‍മാരെ കാണാനാകും. എന്നാല്‍, കുത്തുപാളയെടുക്കുന്നവരാണ് മിക്കവരും.

എത്രപേര്‍ക്ക് 1000 രൂപവീതം നല്‍കും?

സാറ ജോസഫിന്റെ പരിപാടിയില്‍ 110 ആശമാര്‍ക്ക് 1000 രൂപവീതം നല്‍കാന്‍ കഴിയുന്ന ആളുകളെയാണു സംഘടിപ്പിക്കാന്‍ കഴിഞ്ഞത്. കേരളത്തിലെ കാല്‍ലക്ഷം ആശമാര്‍ക്കും ഇതു നല്‍കാന്‍ കഴിഞ്ഞാല്‍തന്നെ ബാക്കിവരുന്ന സന്നദ്ധ സേവകരായ, 365 ദിവസത്തില്‍ അവധിക്കാലം ഒഴിച്ചു ബാക്കി എല്ലാ ദിവസവും ജോലി ചെയ്യേണ്ടിവരുന്ന അംഗന്‍വാടി ജീവനക്കാര്‍ക്കും പാചക തൊഴിലാളികള്‍ക്കും കൂടി കൊടുക്കണ്ടേ? പഞ്ചായത്ത് അംഗങ്ങള്‍ ഈ തുച്ഛമായ ജോലി ചെയ്തു ജീവിച്ചാല്‍ മതിയോ? കേരളത്തിലെ നഴ്‌സുമാര്‍ക്കും ക്ലിനിക്കില്‍ ജോലി ചെയ്യുന്നവര്‍ക്കും ഖാദി നെയ്ത്തുശാലകളിലും ജോലിയെടുക്കുന്നവരുടെ ശമ്പളം അന്വേഷിച്ചു നോക്കിയിട്ടുണ്ടോ? സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വരുമാനം ഇവര്‍ക്കു ലഭിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചിട്ടുണ്ടോ? കേന്ദ്രത്തില്‍നിന്നു ലഭിക്കേണ്ട പണം ലഭിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചിട്ടുണ്ടോ? കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ട് തൊഴില്‍ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തുന്നില്ല എന്നു അന്വേഷിക്കുന്നുണ്ടോ? അക്കൗണ്ടബിലിറ്റി എന്നത് പൊതുബോധമായി വികസിക്കേണ്ടതുണ്ട്. എഴുത്തുകാരായാലും സാമൂഹിക പ്രവര്‍ത്തകരായാലും.

Back to top button
error: