
കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഉലഞ്ഞിരിക്കുന്ന മലയാള സിനിമാ മേഖലയെ പിടിച്ചുലച്ചു ഫിലിം ചേംബര്‍-ഫെഫ്ക തര്‍ക്കവും. ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ടിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടു ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് ഫിലിം ചേംബറിന് പരാതി നല്കി. അതേസമയം, തന്നോട് ഉണ്ണികൃഷ്ണനു വ്യക്തിവിരോധമാണെന്നാണ് സജി നന്ത്യാട്ടിന്റെ പ്രതികരണം. വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേംബര്‍ ഇന്നു യോഗം ചേരുന്നുണ്ട്.
ലഹരി ഉപയോഗിച്ച ശേഷം നടന് ഷൈന്‍ ടോം ചാക്കോ അപമര്യാദയായി പെരുമാറിയെന്ന നടി വിന് സിയുടെ പരാതിയെത്തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്. വിന് സിയുടെ പരാതി ഫിലിം ചേംബറിന്റെ മോണിറ്ററിങ് കമ്മിറ്റി പരിഗണിക്കാനിരിക്കെ, ഫെഫ്ക ഇതിനു സമാന്തരമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരേയും ഷൈന്‍ ഉള്‍പ്പെടെയുള്ളവരേയും വിളിച്ചു വരുത്തിയതിനെതിരെ ഫിലിം ചേംബര്‍ രംഗത്തെത്തിയിരുന്നു. സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് മൊഴി എടുക്കുകയും ഇത് ഫിലിം ചേംബറിന്റെ മോണിറ്ററിങ് കമ്മിറ്റിക്ക് കൈമാറുകയുമാണ് ചെയ്യുക. സിനിമാ മേഖലയിലെ എല്ലാ സംഘടനകളുടെയും പ്രതിനിധികള്‍ ഈ കമ്മിറ്റിയില്‍ അംഗമാണ്. അതുകൊണ്ടു തന്നെ ഈ കമ്മിറ്റി ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കാത്തിരിക്കെ, ചിത്രത്തിന്റെ നിര്‍മാതാവ് അടക്കമുള്ളവരെ ഫെഫ്ക വിളിച്ചു വരുത്തി ചര്‍ച്ച നടത്തിയത് അംഗീകരിക്കാനാവില്ലെന്നാണ് ചേംബറിന്റെ നിലപാട്.
ചിത്രത്തിന്റെ നിര്‍മാതാവ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരെ ഫെഫ്ക ഓഫിസിലേക്ക് വിളിച്ചു വരുത്തിയ ശേഷം ബി.ഉണ്ണികൃഷ്ണനും സിബി മലയിലും അടക്കമുള്ളവര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. തനിക്ക് ഒരവസരം കൂടി നല്‍കണമെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞെന്ന കാര്യം ഉണ്ണികൃഷ്ണന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് തങ്ങളുടെ അധികാരത്തിലേക്കുള്ള കൈകടത്തലായാണ് ഫിലിം ചേംബര്‍ കണക്കാക്കുന്നത്. മാത്രമല്ല, മോണിറ്ററിങ് കമ്മിറ്റിയുടെ യോഗത്തില്‍ ഫെഫ്ക പ്രതിനിധികള്‍ പങ്കെടുക്കാറില്ല എന്നതും ഇരുകൂട്ടരും തമ്മിലുള്ള അകലം വ്യക്തമാക്കുന്നുണ്ട്.
സംവിധായകരായ ഖാലിദ് റഹ്മാന്, അഷറഫ് ഹംസ എന്നിവരെ ലഹരിമരുന്ന് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് ഇരുവരെയും സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഉണ്ണികൃഷ്ണന് അടക്കമുള്ളവര്‍ക്കെതിരെ രംഗത്തു വന്ന സജി നന്ത്യാട്ട്, ഫെഫ്ക അംഗങ്ങളായ സാങ്കേതിക പ്രവര്‍ത്തകരാണ് അഭിനേതാക്കളേക്കാള്‍ കൂടുതല്‍ ലഹരി ഉപയോഗിക്കുന്നത് എന്ന രീതിയില്‍ പറഞ്ഞെന്നും ഇത് അംഗീകരിക്കാനാവില്ല എന്നുമാണ് ഉണ്ണികൃഷ്ണന് കത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്നാണ് സജി നന്ത്യാട്ടിന്റെ വാദം.






