രാഷ്ട്രീയമില്ല, സലിംകുമാറിനെ വിളിക്കാൻ വൈകിയത് ആയിരിക്കുമെന്ന് കമൽ
ഐ എഫ് എഫ് കെ കൊച്ചി എഡിഷൻ ഉദ്ഘാടന ചടങ്ങിൽ നിന്നും തന്നെ ഒഴിവാക്കിയാതായി നടൻ സലിംകുമാർ ആക്ഷേപം ഉന്നയിച്ചിരുന്നു. താൻ കോൺഗ്രസുകാരൻ ആയതിനാലാണ് തന്നെ ഒഴിവാക്കിയത് എന്നുമായിരുന്നു സലിം കുമാറിന്റെ നിലപാട്. ഇത് വിവാദമായതോടെയാണ്മ മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ രംഗത്തെത്തിയത് . സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും ഉദ്ഘാടന ചടങ്ങിൽ വിളിക്കാൻ സംഘാടക സമിതി ഭാരവാഹികൾ വൈകിയത് ആകാമെന്നും അദ്ദേഹം പ്രതികരിച്ചു.
പുതു തലമുറയിൽ പെട്ടവരെ വച്ച് ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനിച്ചത്.സലീമിനെ വിളിച്ചു എന്നാണ് സംഘാടകസമിതി അറിയിച്ചത് എന്നും കമൽ വ്യക്തമാക്കി . സംഭവത്തിൽ രാഷ്ട്രീയം കാണരുതെന്നും കമൽ അഭ്യർത്ഥിച്ചു. സലിംകുമാറിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നും കമൽ പറഞ്ഞു.
ദേശീയ പുരസ്കാര ജേതാക്കൾ ആണ് സാധാരണ ചലച്ചിത്രമേളയ്ക്ക് തിരി തെളിക്കുന്നത്. തന്നെ വിളിക്കാതിരുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ പ്രായം കൂടുതലാണ് എന്നാണ് മറുപടി ലഭിച്ചതെന്നും സലിംകുമാർ പറഞ്ഞിരുന്നു.