രാത്രിയില്‍ വാഹനം ഓടിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് എതിരെ വരുന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റില്‍ നിന്നുള്ള പ്രകാശം. ഹൈബീം ഹെഡ്ലൈറ്റുകളുടെ പ്രകാശം പലപ്പോഴും അസഹനീയമാണ്. പ്രകാശം കണ്ണില്‍വീണ് ഡ്രൈവറുടെ കാഴ്ച മറഞ്ഞ് ഉണ്ടായ അപകടങ്ങളും ധാരാളം. ഇപ്പോഴിതാ അത്തരത്തിലുളളവരെ കുടുക്കാന്‍ പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് വാഹനവകുപ്പ്. ലക്സ് മീറ്റര്‍ എന്ന ഉപകരണം ഉപയോഗിച്ചാണ് ഇത്തരക്കാരെ ഇനി പിടികൂടുക.
മോട്ടോര്‍ വാഹനവകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹന സ്ക്വാഡിനാണ് മെഷീന് നല്‍കിയിട്ടുളളത്. 24 വാട്സുളള ബള്‍ബുകള്‍ അനുവദിച്ചിടത്ത് ശേഷി 70-75 വരെ വാട്സില്‍ കൂട്ടാന്‍ പാടില്ല. 12 വാട്സുളള ബള്‍ബുകള്‍ 60 മുതല്‍ 65 വാട്സിലും കൂടരുത്. ഇതാണ് പുതിയ നിയമം. ഈ നിയമം തെറ്റിച്ച് ലൈറ്റിന്റെ അളവ് കൂട്ടിയാല്‍ ലക്സ് മീറ്റര്‍ കുടുക്കും. ഒട്ടുമിക്ക വാഹനങ്ങളിലും 60 വാട്സ് വരെ ശേഷിയുളള ഹാലജന്‍/ എച്ച്/ എല്‍ഇഡി ബള്‍ബുകളാണ് ഘടിപ്പിച്ചിട്ടുളളത്. ആഡംബര വാഹനങ്ങളിലെ ബീം റെസ്ട്രിക്ടര്‍ അഴിച്ചുമാറ്റുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്.
മോട്ടോര്‍ വാഹന നിയമപ്രകാരം, നഗരവീഥികളിലും എതിരെ വാഹനം വരുമ്പോഴും ഡിം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. രാത്രികാലങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യുമ്പോഴും വളവുകളിലും ഡിം – ബ്രൈറ്റ് മോഡുകള്‍ ഇടവിട്ട് ചെയ്യുക. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം അറിയിക്കാന്‍ വേണ്ടിയാണിത്. മാതമല്ല രാത്രിയില്‍ ഹോണ്‍ ഉപയോഗിക്കുന്നതിന് പകരമാണിത്.