Breaking NewsBusinessLead NewsNEWSNewsthen SpecialTRENDINGWorld

കെഞ്ചിപ്പറഞ്ഞിട്ടും കേട്ടില്ല; നികുതി ചുമത്തരുതെന്ന ഇലോണ്‍ മസ്‌കിന്റെ ആവശ്യം ട്രംപ് നിഷ്‌കരുണം തള്ളി; ചൈനയോടു മുട്ടരുതെന്നു പറഞ്ഞിട്ടും കേട്ടില്ല; ഇരുവര്‍ക്കുമിടയില്‍ വിള്ളല്‍? ഡോജ് പദവി ഒഴിയും; മക്‌സിനു നഷ്ടം 130 ബില്യണ്‍ ഡോളര്‍! അതിസമ്പന്നര്‍ക്കും അതൃപ്തി

ന്യൂയോര്‍ക്ക്: ലോകമെമ്പാടും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നികുതി നയം നടപ്പാക്കരുതെന്നു ഇലോണ്‍ മസ്‌ക് ആവശ്യപ്പെട്ടിരുന്നെന്നു റിപ്പോര്‍ട്ട്. ട്രംപിനോടു നേരിട്ടും അദ്ദേഹത്തിന്റെ അടുത്തയാളുകള്‍വഴിയും മസ്‌ക് ഇക്കാര്യം ആവശ്യപ്പെട്ടിട്ടും ട്രംപ് ചെവിക്കൊണ്ടില്ലെന്നും ഇരുവര്‍ക്കുമിടയിലെ അടുപ്പത്തില്‍ വിള്ളലുണ്ടാക്കിയെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ലോകത്തെ മുന്‍നിര കമ്പനികളുടെ ഉടമയായ ഇലോണ്‍ മസ്‌ക്, ട്രംപ് സര്‍ക്കാരിന്റെ കാര്യക്ഷമതാ വകുപ്പിന്റെ മേധാവികൂടിയാണ്. ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയെന്ന നിലയില്‍ ഫ്രീമാര്‍ക്കറ്റിന്റെ ഏറ്റവും വലിയ വക്താവാണ് മസ്‌ക്. എന്നാല്‍, കഴിഞ്ഞയാഴ്ച്ച നികുതി പരിഷ്‌കരണം നടപ്പാക്കരുതെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തീരുമാനത്തില്‍നിന്ന് ഇളകിയില്ല. പത്തുശതമാനം അടിസ്ഥാന നികുതിയും ഓരോ രാജ്യത്തിന് അനുസരിച്ച് അധിക നികുതിയുമാണ് അമേരിക്കയിലേക്കുള്ള ഇറക്കുമതിക്കു ചുമത്തുന്നത്. മസ്‌കിന്റെ മുന്നറിയിപ്പ് അവഗണിച്ചാണു ചൈനീസ് ഇറക്കുമതിക്ക് 50 ശതമാനം അധിക നികുതി ചുമത്തിയത്.

Signature-ad

നേരിട്ടുള്ള അഭ്യര്‍ഥനയ്ക്കു പുറമേ, ജോ ലോണ്‍സ്‌ഡെയ്ല്‍ അടക്കമുള്ള വമ്പന്‍ നിക്ഷേപകന്‍മാര്‍ മുഖേന ട്രംപിന്റെ അടുത്തയാളായ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് എന്നിവരിലൂടെയും നിര്‍ദേശം എത്തിക്കാനും മസ്‌ക് ശ്രമിച്ചു. താരിഫ് വര്‍ധന മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ബാധിക്കുക അമേരിക്കയെ ആയിരിക്കുമെന്നു ജോ പരസ്യമായി പ്രഖ്യാപിക്കുകകൂടി ചെയ്തു.

 

മസ്‌കിന്റെ പരാജയപ്പെട്ട ഇടപെടല്‍ ട്രംപിന്റെ അടുത്ത വൃത്തങ്ങള്‍ക്കിടയിലും വിടവുണ്ടാക്കിയെന്നാണു വിവരം. തെരഞ്ഞെടുപ്പില്‍ 290 ദശലക്ഷം ഡോളര്‍ തുകയാണു ട്രംപിനുവേണ്ടി മസ്‌ക് ചെലവാക്കിയത്. ട്രംപ് തന്റെ നിലപാടില്‍ എത്രമാത്രം കടുംപിടത്തക്കാരനാണെന്നും ഇതു വ്യക്തമാക്കുന്നു. അമേരിക്ക ഫസ്റ്റ് എന്ന ട്രംപിന്റെ അജന്‍ഡയ്‌ക്കെതിരേയും ബിസിനസ് വൃത്തങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തിയുണ്ട്.

വ്യാപാരത്തെ ബാധിക്കുന്ന തീരുമാനങ്ങള്‍ എടുക്കരുതെന്ന മസ്‌കിന്റെ അഭ്യര്‍ഥനയ്ക്കു കാരണമുണ്ട്. ട്രംപിന്റെ ലിബറേഷന്‍ ഡേ പ്രഖ്യാപനത്തിനു പിന്നാലെ സ്‌റ്റോക് മാര്‍ക്കറ്റില്‍ 536 ബില്യണ്‍ ഡോളറാണു ലോകത്തെ 500 സമ്പന്നര്‍ക്കു മാത്രമായി നഷ്ടമായത്. ഇലോണ്‍ മസ്‌കിനു മാത്രം 130 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായി. എന്നാലും 302 ബില്യണ്‍ ഡോളറുമായി ഇപ്പോഴും മസ്‌ക് തന്നെയാണ് ലോകത്തെ ഏറ്റവും വലിയ ധനാഠ്യന്‍. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയ്ക്കും 38 ശതമാനം ഇടിവുണ്ടായി. ഇതിനു പുറമേ, ട്രംപിന്റെ രാഷ്ട്രീയ അജന്‍ഡയുടെ പേരില്‍ ചൈനീസ്, യൂറോപ്യന്‍ മാര്‍ക്കറ്റില്‍ ടെസ്ലയുടെ ഡിമാന്റും കുറഞ്ഞു.

തര്‍ക്കം രൂക്ഷമായതോടെ ഡോജ് (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി) വകുപ്പില്‍നിന്നുള്ള മസ്‌കിന്റെ മടക്കം നേരത്തെയാകുമെന്നാണു കരുതുന്നത്. ട്രംപിന്റെ ഭരണവൃന്ദത്തിലും മസ്‌കിന്റെ പിടി അയയും. കൂടുതല്‍ മികച്ച ഭരണ പോളിസികള്‍ നടപ്പാക്കാന്‍വേണ്ടി മറ്റു ബിസിനസ് നേതാക്കള്‍ ഒന്നിച്ചുചേര്‍ന്നു ട്രംപിനെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നാണു കരുതുന്നത്. ചില താരിഫുകള്‍ പ്രഖ്യാപിച്ചത് ദീര്‍ഘകാലത്തേക്കുള്ള വിലപേശല്‍ തന്ത്രം രൂപീകരിക്കാന്‍ മാത്രമാണെന്നാണു ട്രഷറി സെക്രട്ടറി ബെസെന്റ് പറഞ്ഞത്.

Back to top button
error: