CrimeNEWS

പ്രതിഫലം ഒന്നരക്കോടി, ഇനിയും 80 ലക്ഷം കിട്ടാനുണ്ട്; നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വെളിപ്പെടുത്തലുമായി മുഖ്യപ്രതി പള്‍സര്‍ സുനി. റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് പ്രതി വെളിപ്പെടുത്തല്‍ നടത്തിയത്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടനും കേസിലെ പ്രതിയുമായ ദിലീപ് ആണെന്നാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. ക്വട്ടേഷന്‍ തുകയായി ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തതെന്നും പള്‍സര്‍ സുനി പറയുന്നു. മുഴുവന്‍ തുകയും കിട്ടിയില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്പോള്‍ പലപ്പോഴായി താന്‍ ദിലീപില്‍ നിന്നും പണം വാങ്ങിയെന്നും സുനി വ്യക്തമാക്കി.

2017 ഫെബ്രുവരി 17ന് തൃശൂരില്‍ നിന്ന് കൊച്ചിയിലെ ലൊക്കേഷനിലേക്കുള്ള യാത്രാമദ്ധ്യേയാണ് യുവനടി ആക്രമിക്കപ്പെട്ടത്. കൃത്രിമ വാഹനാപകടം സൃഷ്ടിച്ചാണ് സുനിയും സംഘവും നടിയുടെ വാഹനത്തില്‍ കയറിപ്പറ്റിയത്. നടിയെ കൂട്ടിക്കൊണ്ടുവരാന്‍ നിയോഗിച്ച ഡ്രൈവര്‍ മാര്‍ട്ടിനും അക്രമികള്‍ക്ക് കൂട്ടുനിന്നു. കൊച്ചി മേഖലയില്‍ നടിയുമായി ഒരു മണിക്കൂറിലധികം കറങ്ങി ക്രൂരമായി പീഡിപ്പിച്ചു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.

Signature-ad

ഒടുവില്‍ വാഹനം ഉപേക്ഷിച്ച് കടന്നു. കേസുമായി നടി സധൈര്യം മുന്നോട്ടുപോയതോടെയാണ് പ്രതികള്‍ കുടുങ്ങിയത്. സുനി എറണാകുളത്തെ കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ പൊലീസ് നാടകീയമായി പിടികൂടി. കോടതി ഹാളിലേക്ക് ഓടിക്കയറിയപ്പോഴാണ് ഇന്‍സ്‌പെക്ടര്‍ അനന്തലാലിന്റെ നേതൃത്വത്തില്‍ കീഴ്‌പ്പെടുത്തിയത്.

ആഴ്ചകള്‍ക്കു ശേഷമാണ് ക്വട്ടേഷനില്‍ നടന്‍ ദിലീപിനുള്ള പങ്കിനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. 2017 ജൂലൈയ് 10ന് ദിലീപ് അറസ്റ്റിലായി. 86 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം ദിലീപിന് ജാമ്യം ലഭിച്ചു. നടന്‍ ദിലീപ് ഉള്‍പ്പടെ ഒമ്പത് പ്രതികളാണ് കേസിലുള്ളത്. എട്ടാം പ്രതിയാണ് ദിലീപ്. കഴിഞ്ഞ സെപ്തംബറില്‍ കര്‍ശനവ്യവസ്ഥകളോടെ വിചാരണക്കോടതി പള്‍സര്‍ സുനിയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.

Back to top button
error: