MovieNEWS

”മമ്മൂക്കയോട് ‘ഡാ ഇവിടെ വാ’ എന്ന് പറയാന്‍ സാധിക്കുക അന്നേരമാണ്! ഞാന്‍ വഴക്ക് പറയുമെന്ന് ആന്റോ കരുതി”

മ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് രാജമാണിക്യം. വേറിട്ട ഗെറ്റപ്പും ഡയലോഗും തുടങ്ങി രാജമാണിക്യം ഹിറ്റാവാന്‍ ഒത്തിരി ഘടകങ്ങളുണ്ടായിരുന്നു. സിനിമയില്‍ ചെറിയ റോളില്‍ അഭിനയിച്ച താരങ്ങള്‍ പോലും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേ സമയം രാജമാണിക്യത്തില്‍ മമ്മൂട്ടിയുടെ പിതാവായി അഭിനയിക്കാന്‍ തനിക്ക് അവസരം ലഭിച്ചതിനെ കുറിച്ച് സായി കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍.

ആന്റോ ജോസഫ് വിളിച്ചിട്ട് വഴക്ക് പറയരുതെന്ന് പറഞ്ഞാണ് തന്നോട് ഇതിനെ പറ്റി സൂചിപ്പിച്ചത്. എല്ലാവരും കരുതുന്നത് സൂപ്പര്‍താരങ്ങളുടെ അച്ഛനായിട്ടും മറ്റും അഭിനയിക്കാന്‍ പറയുന്നത് താന്‍ ചെയ്യില്ലെന്നും അതിന്റെ പേരില്‍ വഴക്ക് കേള്‍ക്കുമെന്നുമാണ്. പക്ഷേ താന്‍ ചിന്തിച്ചത് അങ്ങനെയല്ലെന്നാണ് മുന്‍പൊരു അഭിമുഖത്തിലൂടെ സായി കുമാര്‍ വ്യക്തമാക്കിയത്.

Signature-ad

സായി കുമാര്‍ പറയുന്നതിങ്ങനെയാണ്… ‘ഒരു ദിവസം ആന്റോ എന്നെ വിളിച്ചു. എന്നിട്ട് ‘ചേട്ടാ ഞാന്‍ ആന്റോ ജോസഫാണ്. ഒരു കാര്യം പറയാനുണ്ട്. ചേട്ടനത് കേട്ട് വഴക്ക് പറയുമോന്ന്’ ചോദിച്ചു. ഞാനെന്തിനാ വഴക്ക് പറയുന്നത് കാര്യമെന്താണെന്ന് പറയാന്‍ പറഞ്ഞു. രാജമാണിക്യത്തില്‍ ഒരു ക്യാരക്ടര്‍ ചെയ്യാനുണ്ടെന്നാണ് ആന്റോ പറഞ്ഞത്. അതിനാണോ നിങ്ങള്‍ ഞാന്‍ വഴക്ക് പറയുമോന്ന് ചോദിച്ചത്. ആരാടാ എനിക്ക് കഥാപാത്രം തരുന്നതെന്ന് ചോദിച്ച് വഴക്ക് പറയുമോ എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു.

അതല്ല, മമ്മൂക്കയുടെ അച്ഛനായിട്ട് അഭിനയിക്കണം. അതാണ് വേഷമെന്ന് പറഞ്ഞു. ഞാന്‍ അതിനിപ്പോ എന്താണ് കുഴപ്പം. അഭിനയിക്കാന്‍ വരുമ്പോള്‍ കാശ് തരില്ലേ എന്ന് ചോദിച്ചു. അത് തരാമെന്നും പറഞ്ഞു. എങ്കില്‍ പിന്നെ വേറൊരു പ്രശ്നവുമില്ലെന്ന് ഞാന്‍ തിരികെ പറഞ്ഞു.

മമ്മൂട്ടിയെ പോലെയുള്ളവരുടെ അച്ഛനാവാനൊക്കെ എനിക്കിഷ്ടമാണ്. അപ്പോഴെങ്കിലും ‘ഡാ ഇങ്ങ് വാ’ എന്നൊക്കെ പറഞ്ഞ് വിളിച്ചാല്‍ വരും. അല്ലാതെ മമ്മൂക്കയുടെ അടുത്ത് ചെന്നിട്ട് ഡാ എന്ന് വിളിച്ചാല്‍ അടി എപ്പോള്‍ കിട്ടിയെന്ന് നോക്കിയാല്‍ മതി. അത് മാത്രമല്ല അവരുടെയൊക്കെ അച്ഛനാവുക എന്ന് പറയുന്നത് തന്നെ ഒരു സുഖമാണെന്നും’ സായി കുമാര്‍ കൂട്ടിച്ചേര്‍ത്തു…

അതേ സമയം ഈ കഥാപാത്രത്തിന് ഏറ്റവും പെര്‍ഫെക്ട് സായി കുമാര്‍ തന്നെയായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. സിനിമ മുഴുവന്‍ നിറഞ്ഞ് നില്‍ക്കുന്ന കഥാപാത്രമല്ലെങ്കിലും കിട്ടിയ സമയം കൊണ്ട് തനിക്ക് പറ്റുന്നത് പോലെ ചെയ്ത് വെക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നാണ് കമന്റിലൂടെ ആരാധകര്‍ പറയുന്നത്.

സായി കുമാറിന്റെ അഭിനയത്തിന് വേണ്ട രീതിയില്‍ അഭിനന്ദനങ്ങള്‍ വരാറില്ല. ധാരാളം ഭാവങ്ങള്‍ അഭിനയിക്കുന്ന മഹാനടനാണ്. രാജമാണിക്യത്തിലെ റോള്‍ അതുല്യമായിരുന്നു. ആ ചിത്രത്തില്‍ 20 മിനിട്ടോളാം ഉള്ളൂ എങ്കിലും, ആ കഥാപാത്രം താങ്കളുടെ ഏറ്റവും നല്ല സിനിമകളില്‍ ഒന്നാണ്. താങ്കളും മമ്മൂക്കയും ഒരുമിച്ചുള്ള ഓരോ സീനുകളും മറക്കില്ല. ശരിക്കും ഇദ്ദേഹമാണ് 100% കംപ്ലീറ്റ് ആക്ടര്‍. ഏത് റോളും മനോഹരമായി ചെയ്യും. അതിപ്പോള്‍ വില്ലനായാലും ക്യാരക്ടര്‍ റോളുകള്‍ ആയാലും കോമഡി ആയാലും ശരി ഇയാള്‍ തകര്‍ക്കും…

സായി കുമാര്‍, മാത്രമല്ല അതുപോലെ സിദ്ദിഖ്, ദേവന്‍, ലാലു അലക്സ്, വിജയരാഘവന്‍ തുടങ്ങി തങ്ങള്‍ക്ക് കിട്ടുന്ന വേഷം അതിമനോഹരമായി അഭിനയിക്കാന്‍ കഴിവുള്ള നടന്മാര്‍ മലയാള സിനിമയില്‍ നിരവധിയാണ്. ഇവരൊക്കെ അര്‍ഹിച്ചത് പോലെ അംഗീകരിക്കപ്പെടാറുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് പറയേണ്ടി വരുമെന്നാണ് ആരാധകരും പറയുന്നത്.

 

Back to top button
error: