
കോട്ടയം: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീടിനു സമീപം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ പട്ടിത്താനത്ത് താമസിക്കുന്ന എസ്. ഗണേഷ് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് എഎംവിഐ ആയ ഗണേഷ്, അടൂര്‍ സ്വദേശിയാണ്.
ഗുരുവായൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ച ഗണേഷ് കുമാറിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് തെള്ളകത്തെ ഓഫിസില്‍ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഗണേഷ് കുമാര്‍ എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.

അസുഖങ്ങള്‍ ഉള്ള ആളാണ് ഗണേഷ് കുമാര്‍ എന്നും മുന്‍പും തളര്‍ന്നു വീണിട്ടുണ്ടെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം പ്രാഥമികാന്വേഷണത്തില്‍ അസ്വഭാവികതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂവെന്നും ഏറ്റുമാനൂര്‍ പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഏറ്റുമാനൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: ജൂണ കോട്ടയം ജനറല്‍ ആശുപത്രിയില്‍ നഴ്‌സ് ആണ്. മകന്‍: ആഷോ ഗണേഷ് കുമാര്‍. കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. സംസ്‌കാരം പിന്നീട്.