കോൺഗ്രസ് മുക്ത കേരളം ആണ് ബിജെപിയുടെ ലക്ഷ്യം എന്ന് പ്രഖ്യാപിച്ച് ബി ഗോപാലകൃഷ്ണൻ .കോൺഗ്രസിനെ തോൽപ്പിക്കാതെ കേരളത്തിൽ ബിജെപിക്ക് മുന്നോട്ടുപോകാനാവില്ല. ഭരണത്തിൽ ബിജെപി വരണമെങ്കിൽ രണ്ടാം സ്ഥാനക്കാരൻ ഇല്ലാതാകണം. എങ്കിൽ മാത്രമേ ഒന്നാംസ്ഥാനത്തുള്ളവരുമായി നേരിട്ട് യുദ്ധം ചെയ്യാൻ ബിജെപിക്ക് ആവൂയെന്ന് രാധാകൃഷ്ണൻ പറഞ്ഞു.
ശബരിമല വിഷയത്തിൽ നേട്ടമുണ്ടാക്കിയത് കോൺഗ്രസ് ആണ്. വിഷയം ഉയർത്തിക്കൊണ്ടുവന്നത് ബിജെപിയാണ്. കേരളത്തിൽ ബിജെപിയെ ജയിപ്പിക്കാൻ കഴിയാവുന്ന ഒരു സംഭവമായിരുന്നു അത്. എന്നാൽ പിണറായി വിജയൻ തോൽക്കണം എന്നുള്ളത് മാത്രമായിരുന്നു കേരളത്തിലെ അന്നത്തെ രാഷ്ട്രീയ അന്തരീക്ഷം. പിണറായി വിജയൻ തോൽക്കണം എങ്കിൽ ആർക്ക് വോട്ട് ചെയ്യണം? കോൺഗ്രസിന് എന്ന് ജനം ചിന്തിച്ചു – ഗോപാലകൃഷ്ണൻ പറഞ്ഞു.
കോൺഗ്രസ് മുക്ത ഭാരതം എന്നതിന്റെ അടിസ്ഥാനത്തിൽ അതിന്റെ ഭാഗമായി തന്നെ കോൺഗ്രസ് മുക്ത കേരളം എന്ന ആശയവും വരേണ്ടതാണ്. കേരളത്തിലെ ബിജെപി അണികളിൽ ബഹുഭൂരിപക്ഷത്തിനും സിപിഎം വിരുദ്ധവികാരം ആണുള്ളത്. ഈ മനോഭാവം പല ഘട്ടങ്ങളിലും പാർട്ടിക്ക് പ്രതികൂലം ആകാറുണ്ട് എന്നുള്ളതാണ് യാഥാർത്ഥ്യം. സിപിഎമ്മിനും അതിന്റെ ദോഷം ഉണ്ടാകാറുണ്ട്. എന്നാൽ നേട്ടം കോൺഗ്രസിനാണ് – ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.