CrimeNEWS

നഴ്സിനെ കൊലപ്പെടുത്തി നദിയിൽ തള്ളി: 2 പേർ കൂടി അറസ്റ്റിൽ, ‘ലൗജിഹാദ്’ എന്ന് ആരോപണം

       മംഗ്ളുറു: കർണാടകയിൽ ഏറെ ചർച്ചയായ രട്ടിഹള്ളി താലൂക്കിലെ മസൂരു സ്വദേശിനിയായ നഴ്സ് സ്വാതി ബ്യാദഗിയുടെ (22) കൊലപാതകത്തിൽ രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. വിനയ്, ദുർഗാചാരി എന്നിവരെയാണ് വെള്ളിയാഴ്ച രാത്രി ഹലഗേരി പൊലീസ് പിടികൂടിയത്. ഇതോടെ ഈ കൊലപാതകത്തിലെ 3 പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. ഒന്നാം പ്രതി നിയാസ് നേരത്തെ അറസ്റ്റിലായിരുന്നു.

മാർച്ച് 3നാണ് നഴ്സായ സ്വാതി ബ്യാദഗിയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാർച്ച് 6ന് ഹാവേരി ജില്ലയിലെ റാണെബെന്നൂർ ടൗണിന് സമീപം തുംഗഭദ്ര നദിയിൽ പട്ടേപുര ഗ്രാമത്തിന് സമീപം സ്വാതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഹലഗേരി പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. അജ്ഞാത മൃതദേഹം എന്ന് കരുതി പൊലീസ് ആദ്യം മൃതദേഹം സംസ്കരിച്ചു. പിന്നീട് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇത് കൊലപാതകമെന്ന് തെളിഞ്ഞു. ഒടുവിൽ കാണാതായ സ്വാതിയുടെ മൃതദേഹമാണെന്നും തിരിച്ചറിഞ്ഞു.

Signature-ad

അതിനിടെ, സംഭവത്തിന് പിന്നിൽ ലൗജിഹാദ് ആരോപണവുമായി മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മൈ എംപി രംഗത്തെത്തി. കർണാടകത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സ്ത്രീകളുടെ സുരക്ഷ അപകടത്തിലായിരിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. പ്രണയം നടിച്ച് യുവതികളെ വഞ്ചിച്ച് കൊലപ്പെടുത്തുന്ന സംഭവങ്ങൾ വർധിച്ചു വരുന്നത് ഞെട്ടിക്കുന്നതാണെന്നും ബൊമ്മൈ പറഞ്ഞു.

എന്നാൽ, ഇതുവരെയുള്ള അന്വേഷണത്തിൽ ലൗജിഹാദിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഹാവേരി എസ്.പി വ്യക്തമാക്കി. സ്വാതിയും ഒന്നാം പ്രതിയായ നിയാസും തമ്മിൽ സൗഹൃദത്തിയിരുന്നു എന്നും ഇരുവരും തമ്മിൽ വഴക്കുണ്ടായതിനെത്തുടർന്ന് നിയാസും മറ്റ് രണ്ടുപേരും ചേർന്ന് സ്വാതിയെ കൊലപ്പെടുത്തി മൃതദേഹം തുംഗഭദ്ര നദിയിൽ തള്ളുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

Back to top button
error: