CrimeNEWS

51 കാരിയെ കൊലപ്പെടുത്തിയത് 29 കാരനായ ഭര്‍ത്താവ്; കേസ് കേള്‍ക്കുന്നത് ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വിധിച്ച ജഡ്ജി

തിരുവനന്തപുരം: ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരി ശാഖകുമാരിയെ കൊലപ്പെടുത്തിയ കേസില്‍ നെയ്യാറ്റിന്‍കര അഡിഷണല്‍ ജില്ല കോടതി ഇന്നലെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. ഷാരോണ്‍ വധക്കേസിലും കോവളം ശാന്തകുമാരി വധക്കേസിലും നിര്‍ണ്ണായക വിധി പ്രഖ്യാപിച്ച ജില്ലാ ജഡ്ജി എ. എം. ബഷീര്‍ മുമ്പാകെയാണ് ശാഖകുമാരിയുടെ കേസ് വിചാരണ നടക്കുന്നത്. കൊലപാതകം ചെയ്യാന്‍ ഉപയോഗിച്ച ഇലക്ട്രിക് വയറുകളും ഭര്‍ത്താവ് അരുണിന്റെ വസ്ത്രങ്ങളും ശാഖകുമാരി ധരിച്ചിരുന്ന വസ്ത്രങ്ങളും കോടതിയില്‍ സാക്ഷികള്‍ തിരിച്ചറിഞ്ഞു.

കാരക്കോണം ത്രേസ്യാപുരം പ്ലാങ്കാലപുത്തന്‍വീട്ടില്‍ ഫിലോമിനയുടെ മകള്‍ ശാഖ കുമാരി (51) 2020 ഡിസംബര്‍ 25നാണ് കൊലപ്പെട്ടത്. പ്രായത്തില്‍ കുറവായിരുന്ന ബാലരാമപുരം സ്വദേശി അരുണ്‍ (29) സ്വത്ത് തട്ടിയെടുക്കാന്‍ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നാണു ബന്ധുക്കളുടെ ആരോപണം. സംഭവം നടന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് അരുണ്‍ അയല്‍ക്കാരെ അറിയിച്ചത്. ആള്‍ക്കാര്‍ എത്തിയപ്പോള്‍ ശാഖ വീടിന്റെ ഹാളില്‍ മരിച്ച നിലയില്‍ നിലത്തു കിടക്കുകയായിരുന്നു. തറയില്‍ രക്തവും കാണപ്പെട്ടു. അലങ്കാരത്തിനായി മീറ്റര്‍ ബോര്‍ഡില്‍ നിന്നെടുത്ത വൈദ്യുത വയറുകളും ഉണ്ടായിരുന്നു.

Signature-ad

ശാഖയുടെ അമ്മ ഫിലോമിനയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ കഴിഞ്ഞിരുന്നപ്പോഴാണ് അരുണിനെ പരിചയപ്പെട്ടത്. 2020 ഒക്ടോബര്‍ 19ന് ആയിരുന്നു വിവാഹം. വിവാഹത്തില്‍ നിന്നു ശാഖയെ പിന്തിരിപ്പിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ശ്രമിച്ചിരുന്നു. അരുണ്‍ മദ്യവും, മറ്റു ലഹരികളും ഉപയോഗിക്കാറുണ്ടെന്നു ശാഖ സുഹൃത്തിനോടു പറഞ്ഞിട്ടുണ്ട്.

വിവാഹ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിനെ ചൊല്ലി അരുണും ശാഖയും വഴക്കിട്ടിരുന്നു. ഭാര്യയ്ക്കു പ്രായം കൂടുതലായതു കാരണം ചിത്രം കണ്ടു കൂട്ടുകാര്‍ കളിയാക്കുമെന്നാണ് അരുണ്‍ പറഞ്ഞത്.

ശാഖയ്ക്കു പത്തേക്കറോളം ഭൂമിയും ആഡംബര വീടും ഉണ്ട്. റബര്‍മരം കടുംവെട്ടിനു നല്‍കിയപ്പോള്‍ ലഭിച്ച 20 ലക്ഷം രൂപയില്‍ 10 ലക്ഷത്തോളം അരുണിനു നല്‍കി. കാറും വാങ്ങിക്കൊടുത്തു. പ്രായ വ്യത്യാസംമൂലം ഇവരുടെ ബന്ധം അരുണിന്റെ വീട്ടുകാര്‍ എതിര്‍ത്തു. വീടുവിട്ട അരുണ്‍ വാടകവീട്ടിലായിരുന്നു താമസം. വിവാഹത്തിനു മുന്‍പ് 5 ലക്ഷത്തോളം രൂപ അരുണ്‍ വാങ്ങി. സ്ത്രീധനമായി 100 പവനും 50ലക്ഷം രൂപയും ആയിരുന്നു ആവശ്യം.

 

 

 

Back to top button
error: