പാലക്കാട്: മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിനു പ്രിന്‍സിപ്പലിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ആനക്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കു കൗണ്‍സലിങ് നല്‍കും. കുട്ടിയുടെ പെരുമാറ്റ പ്രശ്‌നത്തിന്, സ്‌കൂളിന്റെ ഭാഗത്തു നിന്നു സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യാനും സ്‌കൂളിന്റെ ഭാഗമാക്കി ചേര്‍ത്തുനിര്‍ത്താനും അധ്യാപക രക്ഷാകര്‍തൃ സമിതി (പിടിഎ) തീരുമാനിച്ചു.
സംഭവിച്ച കാര്യങ്ങളില്‍ കുട്ടിക്കു പശ്ചാത്താപമുണ്ടെന്നും മാപ്പു പറയാന്‍ തയാറാണെന്നു പൊലീസിനോടും അധ്യാപകരോടും പറഞ്ഞെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. അസാധാരണ പ്രതികരണമാണ് ആ സമയത്തുണ്ടായത്. ആ സാഹചര്യത്തിലാണു വീഡിയോയില്‍ പകര്‍ത്തിയതും പിടിഎയുടെയും സ്‌കൂള്‍ മാനേജിങ് കമ്മിറ്റിയുടെയും (എസ്എംസി) നിര്‍ദേശപ്രകാരം കുട്ടിയുടെ പിതാവിനു ദൃശ്യങ്ങള്‍ കൈമാറിയതും. ശാന്തനാകുന്ന സമയത്തു കുട്ടിയെത്തന്നെ ദൃശ്യങ്ങള്‍ കാണിച്ചു ബോധ്യപ്പെടുത്തി നേര്‍വഴിയിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. വീഡിയോ പ്രചരിപ്പിച്ചതു തങ്ങളല്ലെന്നു സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
സ്‌കൂളില്‍ നടന്ന സംഭവം ഉന്നത അധികൃതരെയും പിടിഎ, എസ്എംസി ഭാരവാഹികളെയും പൊലീസിനെയും അറിയിച്ചിരുന്നുവെന്നു പ്രിന്‍സിപ്പല്‍ എ.കെ.അനില്‍കുമാര്‍ പറഞ്ഞു. റീജനല്‍ ഡപ്യൂട്ടി ഡയറക്ടര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ എല്ലാ വിവരങ്ങളും കൈമാറി.
അതേസമയം, മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതും വീഡിയോ സമൂഹമാധ്യമങ്ങളിലും മറ്റു മാധ്യമങ്ങളിലും പ്രചരിച്ചതും അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോടു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശിച്ചു.