KeralaNEWS

വഖഫ് ബില്ലിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞിട്ടില്ല; മലക്കംമറിഞ്ഞ് ഫ്രാന്‍സിസ് ജോര്‍ജ്

കോട്ടയം: വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ പിന്തുണയ്ക്കുമെന്നല്ല പറഞ്ഞതെന്നും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന പ്രചരണം ശുദ്ധ അസംബന്ധമാണെന്നും ഫ്രാന്‍സിസ് ജോര്‍ജ് എം.പി. വഖഫ് ബോര്‍ഡ് പ്രവര്‍ത്തനം സുതാര്യമായി മുന്നോട്ടുപോകണമെന്നും അഭിപ്രായവ്യത്യാസമുണ്ടായാല്‍ പരിഹരിക്കാന്‍ ട്രിബ്യൂണലിന് മുകളില്‍ അപ്പീല്‍ നല്‍കാനുള്ള സംവിധാനം വേണമെന്നുമാണ് തന്റെയും പാര്‍ട്ടിയുടെയും നിലപാടെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

നീതിന്യായ വ്യവസ്ഥയ്ക്ക് വിധേയമായി ഇത്തരം വിഷയങ്ങളില്‍ തീര്‍പ്പുണ്ടാകണം. ഒരു പൗരന്റെ അടിസ്ഥാന അവകാശങ്ങളില്‍ കോട്ടം സംഭവിക്കരുത്. ബില്ലിന്റെ വിശദാംശങ്ങള്‍ പരിഗണിച്ച് എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Signature-ad

മറ്റു മതസ്ഥരെ വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്നാണ് ബില്ലിലെങ്കില്‍ എതിര്‍ക്കും. വഖഫ് ഭൂമികള്‍ സംരക്ഷിക്കുന്നതിന് വീഴ്ച വരുത്തുന്ന രീതിയിലുള്ള വ്യവസ്ഥകള്‍ ഉണ്ടെങ്കിലും പിന്തുണ നല്‍കില്ല. ന്യൂനപക്ഷങ്ങള്‍ ഒന്നിച്ചുനില്‍ക്കേണ്ട കാലമാണ്. മണിപുര്‍ പ്രശ്‌നങ്ങള്‍ മുന്നിലുണ്ട്. ന്യൂനപക്ഷങ്ങളുടെ ഇടയില്‍ ഒരു ഭിന്നതയുണ്ടാകാതെ യോജിച്ചുനില്‍ക്കണമെന്നാണ് ചിന്ത. സദുദ്ദേശത്തോടെയാണ് അഭിപ്രായം പറഞ്ഞത്, തെറ്റിദ്ധാരണ ഉണ്ടാവരുതെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

കേന്ദ്ര വഖഫ് നിയമത്തെ പാര്‍ലമന്റില്‍ പിന്തുണക്കും. ഒരു ജനപ്രതിനിധി എന്ന നിലയിലും ഒരു രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധി എന്ന നിലയിലും പുതിയ കേന്ദ്ര വഖ്ഫ് നിയമത്തോട് നൂറ് ശതമാനം യോജിക്കുന്നു. തന്റെയും പാര്‍ട്ടിയുടെയും സുവ്യക്തമായ നിലപാട് അതാണ്. പാര്‍ലമെന്റില്‍ ബില്‍ വരുമ്പോള്‍ ആ നിലപാട് വ്യക്തമാക്കി പിന്തുണക്കുമെന്നുമായിരുന്നു മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന റിലേ നിരാഹാര സത്യാഗ്രഹ സമരത്തില്‍ അദ്ദേഹം പറഞ്ഞത്.

മുനമ്പത്ത് സ്വാഭാവിക നീതി ഉറപ്പാക്കണം. അതില്‍ മായം ചേര്‍ക്കരുത്. അക്കാര്യത്തില്‍ വളരെ ഉറച്ച നിലപാടുകാരാണ് തങ്ങള്‍. ബില്ലിന്റെ ചര്‍ച്ച നടക്കുമ്പോള്‍ ഇക്കാര്യങ്ങളില്‍ ഉറച്ച നിലപാട് സ്വീകരിക്കും. അതിലൂടെ ശാശ്വത പരിഹാരമുണ്ടാക്കാന്‍ കഴിയും. കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ഈ ബില്ല് അവതരണത്തില്‍നിന്ന് പിന്നോട്ടുപോവരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: