കണ്ണൂർ വലിയ അരീക്കാമലയിലെ വീട്ടിൽ അനീഷ് എന്ന 40കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലിസ് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് കൊല്ലപ്പെട്ട അനീഷിൻ്റെ ബന്ധുക്കളായ അച്ഛനെയും മകനെയും കുടിയാന്മല പൊലിസ് അറസ്റ്റു ചെയ്തു.
അയൽവാസികളായ ചപ്പിലി പത്മനാഭൻ (55) മകൻ ജിനൂപ് (25) എന്നിവരാണ് അറസ്റ്റിലാത്. അനീഷിൻ്റെ അച്ഛന്റെ ജ്യേഷ്ഠന്റെ മകനാണ് പത്മനാഭൻ.
തലയ്ക്ക് ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് ചോര വാർന്നൊഴുകി അനീഷ് ഇവരുടെ വീട്ടു വരാന്തയിൽ വീണു മരിച്ചിരുന്നു. മരണത്തിൽ സംശയം തോന്നിയ പൊലിസ് ഇന്നലെ (ചൊവ്വ) പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വാക്കു തർക്കത്തിനിടയിൽ അനീഷിനെ ജീവൻ അപായപ്പെടുത്തുന്ന രീതിയിൽ മർദ്ദിച്ചതായി പ്രതികൾ സമ്മതിച്ചത്.
ശനിയാഴ്ച്ച രാത്രി, ബഹളം കേട്ടതിനെ തുടർന്ന് അനീഷ് ഇവരുടെ വീട്ടിലേക്ക് പോയിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് വീട്ടു വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ തുടർന്ന് നാട്ടുകാരാണ് വിവരം പൊലിസിനെ അറിയിച്ചത്.
കണ്ണൂർ റൂറൽ പൊലിസ് കമ്മിഷണർ അനുജ് പലി വാൾ, ഡി.വൈ.എസ്പി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലം സന്ദർശിച്ചു. ഫോറൻസിക് സംഘവും പരിശോധന നടത്തി.