KeralaNEWS

‘ബിസിനസ് ചെയ്യുന്നവര്‍ അത് ചെയ്താമതി’യെന്ന് കോടതി; നല്ല വിഷമമുണ്ട്, ധിക്കരിച്ചിട്ടില്ലെന്ന് ബോബി

കൊച്ചി: ഹൈക്കോടതി കടുപ്പിച്ചതോടെ നിലപാട് മാറ്റി വ്യവസായി ബോബി ചെമ്മണൂര്‍. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും കോടതിയോട് എന്നും ബഹുമാനമാണെന്നും ബോബി പറഞ്ഞു. തന്റെ വാക്കുകൊണ്ട് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും മാധ്യമങ്ങളോടു ബോബി വ്യക്തമാക്കി.

”സാങ്കേതികപ്രശ്‌നം കാരണം റിലീസിങ് ഓര്‍ഡര്‍ എത്താന്‍ വൈകിയതിനാലാണ് ഇന്നലെ ജയില്‍മോചനം സാധിക്കാതിരുന്നത്. ഇന്നലെ ഉത്തരവ് എത്തുമെന്നാണു പറഞ്ഞിരുന്നതെങ്കിലും ആരും എന്നെ സമീപിച്ചില്ല. ഇന്നു രാവിലെയാണ് ഉത്തരവ് കിട്ടിയത്, ഉടനെ പുറത്തിറങ്ങുകയും ചെയ്തു. സഹതടവുകാരെ സഹായിക്കാന്‍ വേണ്ടി ജയിലില്‍നിന്ന് ഇറങ്ങാതിരുന്നതല്ല. അങ്ങനൊരു കാരണവും ഉണ്ടായിരുന്നെന്നു മാത്രം.

Signature-ad

റസ്റ്ററന്റില്‍ ഭക്ഷണത്തിന്റെ ബില്‍ കൊടുക്കാതെ പോയതടക്കം ചെറിയ കേസുകളില്‍പ്പെട്ട ഒട്ടേറെപ്പേര്‍ ജയിലില്‍ ഉണ്ടായിരുന്നു. ഒരുപാടുപേര്‍ എന്നോടു സഹായം ചോദിച്ചു. ഇത്തരത്തില്‍ ചെറിയ കേസുകളുള്ള 26 പേരെ കണ്ടു. 5000, 10000 രൂപയൊക്കെ അടച്ചാല്‍ അവര്‍ക്കു പുറത്തിറങ്ങാം. അര്‍ഹരായവരെ സാമ്പത്തികമായി സഹായിക്കാമെന്നു മറുപടി നല്‍കി. നിയമസഹായം നല്‍കുന്നതു പരിഗണിക്കാമെന്നും പറഞ്ഞു. മറ്റു ചാരിറ്റികളുടെ കൂട്ടത്തില്‍ ഇവര്‍ക്കായി ഒരു കോടി രൂപ ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അനുവദിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി ജയിലില്‍ രേഖകള്‍ ഒപ്പിടാന്‍ നിരസിച്ചെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. അത്തരം രേഖകളൊന്നും അവിടെ എത്തിച്ചിരുന്നില്ല. മനപ്പൂര്‍വം ആരെയും വിഷമിപ്പിക്കാന്‍ വേണ്ടി ഞാനൊന്നും പറയാറില്ല. കഴിയാവുന്ന സഹായങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ്. മനപ്പൂര്‍വമല്ലെങ്കില്‍പ്പോലും എന്റെ വാക്കുകൊണ്ട് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയാന്‍ യാതൊരു ബുദ്ധിമുട്ടോ ഈഗോയോ കോംപ്ലക്‌സോ ഇല്ല. മാപ്പ് ചോദിക്കുന്നു. ഭാവിയില്‍ എന്റെ വാക്കുകളില്‍ കൂടുതല്‍ ശ്രദ്ധിക്കും. ദ്വയാര്‍ഥ പ്രയോഗമുണ്ടെന്നു കോടതി പറഞ്ഞതു ബോധ്യപ്പെട്ടു.

കോടതിയെ ബഹുമാനിക്കുന്നു, കോടതിയോടു തീര്‍ച്ചയായും മാപ്പ് ചോദിക്കും. നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. ഇത്രയും കാലത്തിനിടയ്ക്കു കോടതിയെ ധിക്കരിച്ചെന്ന സംഭവം ഉണ്ടായിട്ടില്ല, ഇനിയും ഉണ്ടാകില്ല. ഹൈക്കോടതി പറഞ്ഞതുപോലെ നാടകം കളിക്കാനൊന്നും ഉദ്ദേശിച്ചിട്ടില്ല. ഞാനൊരു ബിസിനസുകാരനാണ്. വിവരമുള്ള ആരെങ്കിലും കോടതിയോടൊക്കെ കളിക്കുമോ? ചെയ്യില്ല. ആ ഉദ്ദേശ്യത്തോടെ ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ഉണ്ടായിട്ടില്ല. കോടതിയോട് എന്നും ബഹുമാനം മാത്രമേയുള്ളൂ, ധിക്കരിച്ചിട്ടില്ല.

ഇന്നലെയും ഇന്നും ജയിലിനു മുന്നില്‍ വരികയും ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ പടക്കം പൊട്ടിക്കുകയും ചെയ്തവരുമായി യാതൊരു ബന്ധവുമില്ല. ജയിലിലേക്ക് ആരും വരരുതെന്ന് എല്ലാ ജില്ലകളിലെയും ‘ബോചെ ഫാന്‍സ്’ കോഓര്‍ഡിനേറ്റര്‍മാര്‍ക്കു നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. അവിടെവന്നു തിക്കുംതിരക്കും ഉണ്ടാക്കിയാല്‍ എന്നെയാണു ബാധിക്കുക, ഞാന്‍ പുറത്തിറങ്ങിയ ശേഷം സന്തോഷമായിട്ടു കൂടാം എന്നാണു പറഞ്ഞിട്ടുള്ളത്. സെലിബ്രിറ്റികളെ ജ്വല്ലറി ഉദ്ഘാടനത്തിനു ക്ഷണിക്കുന്നതു പരസ്യത്തിനാണ്, ഇനിയും ക്ഷണിക്കും. കേസും അറസ്റ്റും ബിസിനസിനെ ബാധിച്ചിട്ടില്ല.” ബോബി വിശദീകരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: