ന്യൂഡല്‍ഹി: കൊച്ചി വാട്ടര്‍ മെട്രോ ഹിറ്റായതോടെ ഇന്ത്യയിലെ മറ്റിടങ്ങളില്‍ പദ്ധതി വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. വാട്ടര്‍ മെട്രോ മാതൃകയില്‍ ജലഗതാഗതം ആരംഭിക്കാന്‍ നടപടികള്‍ തുടങ്ങി. മികച്ച യാത്രാനുഭവം, മെട്രോ ട്രെയിനിലേതിന് സമാനമായ സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തിയതും പൂര്‍ണമായും പരിസ്ഥിതിസൗഹൃദവുമായ വാട്ടര്‍ മെട്രോ സര്‍വീസുകള്‍ക്ക് വന്‍ സ്വീകാര്യത ലഭിച്ചതോടെയാണ് നടപടി.
തടാകം, പുഴ, കായലുകള്‍, സമുദ്രം തുടങ്ങി വൈവിദ്ധ്യമാര്‍ന്നയിടങ്ങളിലാണ് പദ്ധതി സാദ്ധ്യതാപഠനം. കൊച്ചി വാട്ടര്‍ മെട്രോ 18 മാസം കൊണ്ട് മുപ്പത് ലക്ഷം യാത്രികരെ നേടിയെടുത്തതോടെയാണ് പദ്ധതി വ്യാപിപ്പിക്കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നത്.
കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത വകുപ്പ് കഴിഞ്ഞ നവംബറില്‍ കൊച്ചി മെട്രോയോട് 18 സ്ഥലങ്ങളില്‍ വാട്ടര്‍ മെട്രോ നടപ്പാക്കാനുള്ള സാദ്ധ്യതാ പഠനം നടത്താനാവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കണ്‍സള്‍ട്ടന്‍സി വിഭാഗം രൂപീകരിക്കാന്‍ കെ.എം.ആര്.എല്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയതോടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആവശ്യമെങ്കില്‍ പുറത്തുനിന്നുള്ള വിദഗ്ദ്ധരുടെ സേവനവും തേടും.
മറ്റിടങ്ങളില്‍ പദ്ധതി വെല്ലുവിളിയാണെങ്കിലും പരിചയസമ്പന്നരായ മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തി വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം.
ഗോഹത്തിയില്‍ ബ്രഹ്മപുത്ര നദിയിലും ജമ്മു- കാശ്മീരില്‍ ദാല്‍ നദിയിലും ആന്‍ഡമാനില്‍ ദ്വീപുകളെ തമ്മില്‍ ബന്ധിപ്പിച്ചുമാണ് വാട്ടര്‍മെട്രോ സജ്ജമാക്കാന്‍ ലക്ഷ്യമിടുന്നത്. സാദ്ധ്യതാപഠനത്തിന്റെ അടിസ്ഥാനത്തില്‍ വിശദ പദ്ധതി രേഖ (ഡി.പി.ആര്) തയ്യാറാക്കും.
? സാദ്ധ്യതാപഠനം നടക്കുന്ന സ്ഥലങ്ങള്‍
? അഹമ്മദാബാദ്-സബര്‍മതി
? സൂറത്ത്
? മംഗലാപുരം
? അയോദ്ധ്യ
? ധുബ്രി
? ഗോവ
? ഗോഹത്തി
? കൊല്ലം
? കൊല്‍ക്കത്ത
? പാട്ന
? പ്രയാഗ്രാജ്
? ശ്രീനഗര്‍
? വാരണാസി
? മുംബയ്
? വാസായ്
? ലക്ഷദ്വീപ്
? ആന്‍ഡമാന്‍
? ടെര്‍മിനലുകള്‍– 10
? വൈറ്റില
? കാക്കനാട്
? ഹൈക്കോര്‍ട്ട്
? ഫോര്‍ട്ട് കൊച്ചി
? വൈപ്പിന്‍
? ഏലൂര്‍
? ചേരാനെല്ലൂര്‍
? സൗത്ത് ചിറ്റൂര്‍
? ബോള്‍ഗാട്ടി
? മുളവുകാട് നോര്‍ത്ത്
റൂട്ടുകള്‍– 05
ബോട്ടുകള്‍– 18