ഇടുക്കി: വര്‍ക്ക്ഷോപ്പ് ഉടമയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. സെവന്‍മല എസ്റ്റേറ്റ് ന്യൂ മൂന്നാര്‍ ഡിവിഷനില്‍ എസ്. തങ്കരാജ് (29), സഹോദരന്‍ എസ്. സേതുരാജ് (27), സുഹൃത്ത് വി. സോമസുന്ദരം (24) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പഴയ മൂന്നാറില്‍ ബൈക്ക് വര്‍ക്ക്ഷോപ്പ് നടത്തുന്ന ഇവരുടെ അയല്‍വാസിയായ എം. രാധാകൃഷ്ണനാണ് (45) വെട്ടേറ്റത്.
പ്രതികള്‍ കെ.ഡി.എച്ച്. ക്ലബ്ബിന് സമീപത്തുള്ള രാധാകൃഷ്ണന്റെ വീട്ടില്‍ അതിക്രമിച്ച് കയറി വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. രാധാകൃഷ്ണന്റെ തോളിനാണ് വെട്ടേറ്റത്.
നേരത്തെ പഴയ മൂന്നാര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കവും അടിപിടിയും ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഉണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്. മൂന്നാര്‍ എസ്.ഐ. അജേഷ് കെ. ജോണിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂന്നുപേരെയും ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.