KeralaNEWS

ബിഷപ്സ് ഹൗസില്‍ വൈദികരുടെ പ്രതിഷേധം; പുറത്ത് ‘കുഞ്ഞാടുക’ളുടെ കൂട്ടത്തല്ല്

കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ വൈദികരുടെ പ്രതിഷേധത്തിനിടെ സംഘര്‍ഷം. വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സെയ്ന്റ് തോമസ് മൗണ്ടില്‍ സിനഡ് സമ്മേളനം നടക്കുന്നതിനിടെ കഴിഞ്ഞദിവസം എറണാകുളം-അങ്കമാലി അതിരൂപതപക്ഷത്തെ വൈദികര്‍ ബിഷപ്പ് ഹൗസ് കൈയേറി പ്രാര്‍ഥനാ യജ്ഞം തുടങ്ങിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിശ്വാസികള്‍ തമ്മിലുള്ള സംഘര്‍ഷവും അരങ്ങേറിയത്.

അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാനപക്ഷത്തുള്ള 21 വൈദികരാണ് ബിഷപ്പ് ഹൗസിലുള്ളത്. ഇവരാണ് മെത്രാസന മന്ദിരത്തില്‍ പ്രാര്‍ഥനാ യജ്ഞം നടത്താനെത്തിയത്. കാനോനിക നിയമങ്ങളും സിവില്‍ നിയമങ്ങളും ലംഘിച്ച് വൈദികരെ സസ്‌പെന്‍ഡ് ചെയ്ത നടപടി മാര്‍ ബോസ്‌കോ പൂത്തൂര്‍ പിന്‍വലിക്കും വരെ പ്രതിഷേധങ്ങള്‍ തുടരുമെന്നാണ് വൈദിക കൂട്ടായ്മ വ്യക്തമാക്കിയിരുന്നത്.

Signature-ad

വൈദികര്‍ അരമനയില്‍ കയറിയ ഉടന്‍ ഒരുകൂട്ടം വിശ്വാസികള്‍ ഇവര്‍ക്ക് പിന്തുണയുമായെത്തി. ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്നവരും സംഭവമറിഞ്ഞെത്തി. ഇതിനിടെയാണ് ഇരുപക്ഷത്തെയും വിശ്വാസികള്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്. സെന്‍ട്രല്‍-നോര്‍ത്ത് പോലീസിന്റെ നേതൃത്വത്തില്‍ ആളുകളെ ശാന്തരാക്കി.

അല്‍മായ മുന്നേറ്റത്തിന്റെ നേതൃത്വത്തില്‍ വൈദികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ആളുകള്‍ അരമനയ്ക്ക് പുറത്തുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹവുമുണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് 2-നു ശേഷമാണ് വൈദികര്‍ അരമനയ്ക്കുള്ളില്‍ പ്രവേശിച്ചത്. അരമനയ്ക്ക് പോലീസ് കാവലുള്ളതിനാല്‍ പിന്‍വശത്തുകൂടിയാണ് വൈദികര്‍ പ്രധാന ഹാളില്‍ പ്രവേശിച്ചത്. പോലീസെത്തി പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഒഴിഞ്ഞുപോകാന്‍ വൈദികര്‍ ആദ്യം തയ്യാറായിരുന്നില്ല.

ഫാ. ജോയ്സ് കൈതക്കോട്ടില്‍ അങ്കമാലിയില്‍ നടത്തിവന്ന ത്രിദിന നിരാഹാര സത്യാഗ്രഹത്തിന്റെ സമാപന ദിവസമായിരുന്നു വ്യാഴാഴ്ച. സഭാധികൃതര്‍ വിഷയത്തില്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു അരമന കൈയേറാന്‍ വൈദികര്‍ തീരുമാനിച്ചത്. കൂരിയ അംഗങ്ങളുടെ ബലത്തോടെ അപ്പസ്‌തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ പ്രതികാര നടപടികള്‍ തുടരുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു.

Back to top button
error: