KeralaNEWS

ബിജെപിയില്‍ കരുനീക്കം അതിവേഗം; ശോഭയും കൃഷ്ണദാസും ഡല്‍ഹിയില്‍; രമേശിന് അവസരമുണ്ടാകുമോ?

തിരുവനന്തപുരം: പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താന്‍ ബിജെപി നടപടികള്‍ ആരംഭിക്കാനിരിക്കെ നിലവിലെ അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തുടരുമോ ഒഴിയുമോ എന്നതില്‍ ചര്‍ച്ചകള്‍ സജീവം. അഞ്ചു വര്‍ഷമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണ് കെ.സുരേന്ദ്രന്‍. 3 വര്‍ഷമാണ് ഒരു ടേം. കേന്ദ്ര നേതൃത്വം സുരേന്ദ്രന് കാലാവധി നീട്ടി നല്‍കുകയായിരുന്നു. പ്രസിഡന്റായ സുരേന്ദ്രന് മത്സരിക്കാന്‍ തടസ്സമില്ല. മത്സരമില്ലാതെ, കേന്ദ്രം നിര്‍ദേശിക്കുന്ന പേര് അംഗീകരിക്കപ്പെടാനാണ് സാധ്യത. പി.കെ.കൃഷ്ണദാസാണ് മത്സരത്തിലൂടെ അവസാനം സംസ്ഥാന അധ്യക്ഷനായത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ പേരില്‍ സുരേന്ദ്രന്‍ തുടരുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്ഥാനം നീട്ടി നല്‍കാന്‍ സാധ്യതയുണ്ട്. ശോഭാ സുരേന്ദ്രന്‍, പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ് എന്നിവരുടെ പേരുകളും ചര്‍ച്ചകളിലുണ്ട്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വനിത എത്തിയിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശോഭ മത്സരിച്ച മണ്ഡലങ്ങളില്‍ വോട്ട് വിഹിതം വലിയ രീതിയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ശോഭയുടെ പ്രവര്‍ത്തന രീതിയോട് വിയോജിപ്പുള്ളവര്‍ പാര്‍ട്ടിയിലുണ്ട്. ശോഭ സുരേന്ദ്രന്‍ ഡല്‍ഹിയിലെത്തി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു.

Signature-ad

പി.കെ.കൃഷ്ണദാസും എ.എന്‍.രാധാകൃഷ്ണനും ഒരുമിച്ചെത്തിയാണ് കേന്ദ്ര നേതാക്കളെ കണ്ടത്. നേതൃമാറ്റം വേണമെന്ന് സുരേന്ദ്രനെ എതിര്‍ക്കുന്നവര്‍ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. എം.ടി.രമേശിനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് സുരന്ദ്രനെ എതിര്‍ക്കുന്നവര്‍ ആവശ്യപ്പെടുന്നത്. കൃഷ്ണദാസ് വിഭാഗവും എം.ടി.രമേശ് വരുന്നതിന് അനുകൂലമാണ്.

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്കാണ് കേരളത്തിലെ പ്രസിഡന്റിന്റെയും ദേശീയ കൗണ്‍സില്‍ അംഗങ്ങളെയും കണ്ടെത്തേണ്ട ചുമതല. തിരഞ്ഞെടുപ്പ് സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് നേതാക്കള്‍ പറയുന്നു. ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടത് ദേശീയ കൗണ്‍സില്‍ അംഗങ്ങളാണ്. കേരളത്തില്‍നിന്ന് 36 പേരുണ്ട്. മണ്ഡലം പ്രസിഡന്റുമാരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക നേതാക്കളുമായി സംസാരിച്ച് സമവായ അടിസ്ഥാനത്തിലായിരിക്കും നിയമനം. 10നകം നടപടികള്‍ പൂര്‍ത്തിയാക്കും. ഇരുപതിനകം പുതിയ സംസ്ഥാന അധ്യക്ഷന്റെ കാര്യത്തിലും തീരുമാനത്തിലെത്തും.

Back to top button
error: