CrimeNEWS

‘കടലില്‍ച്ചാടി ജീവനൊടുക്കിയ’ പോക്‌സോ പ്രതി 2 മാസത്തിനു ശേഷം പിടിയില്‍

കോഴിക്കോട്: ‘കടലില്‍ച്ചാടി ആത്മഹത്യചെയ്ത’ പോക്‌സോ കേസ് പ്രതി രണ്ടുമാസത്തിനുശേഷം പിടിയില്‍. ബേപ്പൂര്‍ കടപ്പുറത്ത് ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് പോലീസിനെ കബളിപ്പിച്ച് മുങ്ങിയ മാളിയേക്കല്‍ സ്വദേശി പള്ളാട്ടില്‍ മുഹമ്മദ് നാഫി(24)യാണ് അറസ്റ്റിലായത്.

രണ്ടുമാസം മുന്‍പാണ് മുഹമ്മദ് നാഫി വീടുവിട്ടത്. കടപ്പുറത്തെത്തി ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് വസ്ത്രങ്ങളടങ്ങിയ ബാഗ് കരയിലുപേക്ഷിച്ച് മുങ്ങി. കടലില്‍ച്ചാടി ആത്മഹത്യചെയ്തുവെന്നു കാണിക്കാനായിരുന്നു ഈ നാടകങ്ങള്‍. തുടര്‍ന്ന് ബേപ്പൂര്‍ പോലീസ് തീരദേശ പോലീസിന്റെ സഹായത്തോടെ കടലിലും തിരച്ചില്‍ നടത്തി. നാഫിയുടെ ഫോണില്‍നിന്ന് എറണാകുളത്തുള്ള ഒരു പെണ്‍സുഹൃത്തിന് അയച്ച എസ്.എം.എസ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. ആലപ്പുഴയില്‍നിന്നാണ് പ്രതിയെ പിടിച്ചത്. ഒളിവില്‍പ്പോയശേഷം വീട്ടുകാരുമായോ സുഹൃത്തുകളുമായോ ബന്ധപ്പെട്ടിരുന്നില്ല.

Signature-ad

നാഫി പ്രതിയായ പോക്‌സോ കേസിന്റെ വിചാരണ കോടതിയില്‍ അന്തിമഘട്ടത്തിലാണ്. കേസില്‍നിന്ന് രക്ഷപ്പെടാനാണ് ആത്മഹത്യാനാടകം ആസൂത്രണംചെയ്തതെന്ന് പോലീസ് പറഞ്ഞു.

കാളികാവ് പോലീസ് ഇന്‍സ്പെക്ടര്‍ വി. അനീഷ്, എസ്.ഐ. ശശിധരന്‍ വിളയില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി. അബ്ദുല്‍സലീം, വി. വ്യതീഷ്, റിയാസ് ചീനി, അരുണ്‍ കുറ്റിപ്പുറത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ടെത്തിയത്.

 

Back to top button
error: