KeralaNEWS

ഒരു കുട്ടിയില്‍നിന്ന് 2000 മുതല്‍ 3500 രൂപ വരെ; കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിയുടെ പേരില്‍ വ്യാപക പണപ്പിരിവ്

കൊച്ചി: ഉമാ തോമസ് എംഎല്‍എക്ക് അപകടമുണ്ടായ കലൂരിലെ നൃത്ത പരിപാടിയുടെ പേരില്‍ വ്യാപക പണപ്പിരിവ് നടത്തിയതായി പരാതി. ഒരു കുട്ടിയില്‍ നിന്ന് 2000 മുതല്‍ 3500 രൂപ വരെയാണ് പിരിച്ചത്. അങ്ങനെ 12,000 കുട്ടികളില്‍ നിന്നായി പണം പിരിച്ചുവെന്ന് പരിപാടിയില്‍ പങ്കെടുത്ത കുട്ടിയുടെ രക്ഷിതാവ് ആരോപിച്ചു.

സ്റ്റേഡിയത്തില്‍ കുട്ടികള്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും രക്ഷിതാവ് പറഞ്ഞു. ഇതിന് പുറമേ കല്യാണ്‍ സില്‍ക്ക്‌സ്, ജോയ് ആലുക്കാസ് തുടങ്ങി നിരവധി വ്യവസായികളുടെ പരസ്യവും ലഭിച്ചിട്ടുണ്ട്. കാഴ്ചക്കാര്‍ക്ക് 140 മുതല്‍ 300രൂപയുടെ വരെ ടിക്കറ്റും ആവശ്യമായിരുന്നു. മാതാപിതാക്കളെയും ടിക്കറ്റ് എടുത്താണ് അകത്ത് കയറ്റിയത്. വസ്ത്രങ്ങള്‍ കല്യാണ്‍ സില്‍ക്‌സ് സ്‌പോണ്‍സര്‍ ചെയ്യും എന്നായിരുന്നു അറിയിച്ചിരുന്നതെന്നും രക്ഷിതാവ് ചൂണ്ടിക്കാട്ടുന്നു.

Signature-ad

അതേസമയം, ഉമാ തോമസ് എംഎല്‍എ പങ്കെടുത്ത പരിപാടിക്ക് സ്റ്റേജ് നിര്‍മ്മിച്ചതില്‍ സംഘാടകര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട്. പരിപാടിക്ക് മതിയായ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍.സ്റ്റേജ് നിര്‍മിച്ചത് അനുമതി ഇല്ലാതെയാണെന്ന് ജിസിഡിഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഘാടകര്‍ക്ക് നോട്ടീസ് അയക്കുമെന്നും പൊലീസ് റിപ്പോര്‍ട്ട് വന്ന ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള പ്രതികരിച്ചു. ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കുന്ന രീതിയില്‍ ഗ്യാലറി തുടരണമെന്ന് നിര്‍ദേശം നല്‍കിയിരുന്നുവെന്നും ജിസിഡിഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പരിപാടിയുടെ സംഘാടകര്‍ക്കെതിരെയാണ് കേസ്. സ്റ്റേജ് നിര്‍മിച്ചവരും കേസിലെ പ്രതികളാണ്. അപകടത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്നാണ് എഫ്‌ഐആര്‍. സ്റ്റേജിനു മുന്നില്‍ നടന്നു പോകുന്നതിന് മതിയായ സ്ഥലം ഇട്ടില്ല.സുരക്ഷിതമായ കൈവരികള്‍ സ്ഥാപിച്ചില്ലെന്നും എഫ്‌ഐആര്‍ റിപ്പോര്‍ട്ട്.

 

Back to top button
error: