കോഴിക്കോട്: ഡിഎംഒ പദവി തര്‍ക്കത്തില്‍ ഒടുവില്‍ തീരുമാനമായി. ഡോ ആശാദേവിയെ ഡിഎംഒ ആക്കി ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയതോടെയാണ് കസേരകളിയില്‍ തീരുമാനമായത്.സ്ഥലം മാറി എത്തിയ ഡോ ആശാദേവിക്ക് പദവി ഒഴിഞ്ഞു കൊടുക്കാതെ നിലവിലെ ഡിഎംഒ ഡോ എന്‍ രാജേന്ദ്രന്‍ തുടര്‍ന്ന സാഹചര്യമാണ് പ്രതിസന്ധിയായത്. സ്ഥലംമാറ്റ ഉത്തരവില്‍ സ്റ്റേ വാങ്ങിയിട്ടുണ്ടെന്നും പദവി ഒഴിയില്ലെന്നുമായിരുന്നു രാജേന്ദ്രന്റെ നിലപാട്.
ഈ മാസം ഒമ്പതിനാണ് ആരോഗ്യവകുപ്പിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയത്. നിലവിലെ കോഴിക്കോട് ഡിഎംഒ ഡോ എന്‍ രാജേന്ദ്രന് ഡിഎച്ച്എസില്‍ ഡെപ്യൂട്ടി ഡയറക്ടറായും എറണാകുളം ഡിഎംഒ ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയുമാണ് നിയമിച്ചത്. പത്താം തീയതി ജോലി പ്രവേശിക്കാനായിരുന്നു ആശാദേവിക്ക് നല്‍കിയ ഉത്തരവ്. എന്നാല്‍, പത്താം തീയതി തിരുവനന്തപുരത്ത് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ കോഴിക്കോട് എത്താന്‍ കഴിഞ്ഞില്ല. ഈ സമയം ഡോ. രാജേന്ദ്രന്‍ ട്രിബ്യൂണലിനെ സമീപിക്കുകയും സ്ഥലംമാറ്റ ഉത്തരവില്‍ സ്റ്റേ വാങ്ങുകയും ചെയ്തു. ഇതോടെ ആശാദേവിയും ട്രിബ്യൂണലിനെ സമീപിക്കുകയും സ്റ്റേ നീക്കുകയും ചെയ്തു.
സ്ഥാനം ഒഴിയാന്‍ തയ്യാറല്ലെന്ന് ഡോ. രാജേന്ദ്രന്‍ വ്യക്തമാക്കിയതോടെ കോഴിക്കോട് ഡിഎംഒ ഓഫീസിലെ കാബിനില്‍ രണ്ട് പേര്‍ ഒന്നിച്ചിരിക്കുന്ന സ്ഥിതിയിലേക്കെത്തി. കസേരകളി തുടര്‍ന്നതോടെയാണ് ആരോഗ്യവകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.ഡോ. രാജേന്ദ്രന്‍ ഉടന്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ ജോയിന്‍ ചെയ്യണമെന്നും ആശാദേവി കോഴിക്കോട് ഡിഎംഒ ആയി ചാര്‍ജെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.