ആലപ്പുഴ: കൊല്ലം- എറണാകുളം മെമുവിന് അനുവദിച്ച പുതിയ സ്റ്റോപ്പായ ചെറിയനാട്ടില്‍ ട്രെയിന്‍ നിര്‍ത്തിയില്ല. ഇന്നുരാവിലെ മുതല്‍ സ്റ്റോപ്പ് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. രാവിലെ 7.14ഓടുകൂടി കൊടിക്കുന്നില്‍ സുരേഷ് എംപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും യാത്രക്കാരും മെമുവിനെ സ്വീകരിക്കുന്നതിനായി കാത്തുനിന്നെങ്കിലും ട്രെയിന്‍ നിര്‍ത്താതെ പോവുകയായിരുന്നു.
പിന്നാലെ സംഭവത്തില്‍ പ്രതികരണവുമായി റെയില്‍വേ രംഗത്തെത്തി. ലോക്കോ പൈലറ്റിനുണ്ടായ അബദ്ധമാണ് ട്രെയിന്‍ നിര്‍ത്താതെ പോകാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു. 11.50ന് തിരികെ വരുമ്പോള്‍ മുതല്‍ ട്രെയിന്‍ ചെറിയനാട്ടില്‍ നിര്‍ത്തുമെന്നും അധികൃതര്‍ പറഞ്ഞു. മെമുവിന്റെ സര്‍വീസ് ആറുമാസത്തേയ്ക്ക് നീട്ടിയപ്പോള്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. പാലരുവി എക്സ്പ്രസ്, വേണാട് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലെ തിരക്ക് പരിഗണിച്ചാണ് മെമുവിന്റെ കാലാവധി നീട്ടിയത്.
ചെറിയനാടിനുള്ള ക്രിസ്മസ് – ന്യൂ ഇയര്‍ സമ്മാനമാണ് പുതിയ സ്റ്റോപ്പ് എന്നാണ് കൊടിക്കുന്നില്‍ സുരേഷ് എം പി പറഞ്ഞത്. ചെറിയനാട്ടില്‍ മെമുവിന് സ്റ്റോപ്പ് അനുവദിക്കുന്നതിനായി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍, ചീഫ് പാസഞ്ചര്‍ ട്രാഫിക് മാനേജര്‍,കേന്ദ്ര റെയില്‍വേ മന്ത്രി എന്നിവര്‍ക്ക് കൊടിക്കുന്നില്‍ സുരേഷ് എം പി നിവേദനം നല്‍കിയിരുന്നു.
ഡിസംബര്‍ 23 തിങ്കളാഴ്ച മുതല്‍ 06169/70 കൊല്ലം – എറണാകുളം മെമു സ്പെഷ്യല്‍ ചെറിയനാട് സ്റ്റോപ്പ് പ്രവര്‍ത്തിച്ചുതുടങ്ങുമെന്നായിരുന്നു റെയില്‍വേ അറിയിച്ചിരുന്നത്. മാവേലിക്കര മണ്ഡലത്തില്‍ മെമുവിന് സ്റ്റോപ്പ് ഇല്ലാതിരുന്നത് ചെറിയനാട് സ്റ്റേഷന് മാത്രമായിരുന്നു. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിലാണ് ചെറിയനാട് സ്റ്റേഷന്‍.