ആലപ്പുഴ: സമൂഹവിവാഹം സംഘടിപ്പിച്ചവര്‍ നല്‍കിയ വാഗ്ദാനവും ഉറപ്പും പാലിച്ചില്ലെന്നാരോപിച്ച് വിവാഹവേദിയില്‍ വധൂവരന്മാരുടെയും കുടുംബാംഗങ്ങളുടെയും തര്‍ക്കവും വാക്കേറ്റവും. 35 വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്ന വേദിയില്‍ നടന്നത് ഒന്‍പതെണ്ണം മാത്രം. തര്‍ക്കത്തെത്തുടര്‍ന്ന് 26 ജോടി വധൂവരന്മാര്‍ വിവാഹത്തില്‍നിന്നു പിന്മാറി.
ചേര്‍ത്തല പോലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. വിവാഹത്തില്‍നിന്നു പിന്മാറിയ 22 പേരുടെയും രണ്ടു നവദമ്പതിമാരുടെയും പരാതിയില്‍ സംഘാടകര്‍ക്കെതിരേ കേസെടുത്തു. ചേര്‍ത്തല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സദ്‌സ്‌നേഹഭവന്‍ ചാരിറ്റബിള്‍ സൊസൈറ്റിയാണ് ഞായറാഴ്ച ഇവിടെയുള്ള ഓഡിറ്റോറിയത്തില്‍ സമൂഹവിവാഹം സംഘടിപ്പിച്ചത്. മറ്റു ജില്ലകളില്‍നിന്നാണ് സംഘാടകര്‍ വധൂവരന്മാരെ തിരഞ്ഞെടുത്തത്.
ഇടുക്കിയിലെ രണ്ടു സമുദായങ്ങളില്‍നിന്നു മാത്രം 22 ജോടി വിവാഹിതരാകാനെത്തിയിരുന്നു. സ്വര്‍ണത്താലിമാലയും രണ്ടുലക്ഷം രൂപയും കല്യാണവസ്ത്രങ്ങളും നല്‍കാമെന്നു പറഞ്ഞാണ് സംഘാടകര്‍ ക്ഷണിച്ചതെന്ന് സമുദായനേതാക്കളിലൊരാളായ തങ്കന്‍ പറഞ്ഞു. വിവാഹത്തിനു മുന്നോടിയായുള്ള കൗണ്‍സലിങ്ങിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
പണവും സ്വര്‍ണവും മറ്റു ചെലവുകളും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും സംഭാവനയിലൂടെയും ഉറപ്പാക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. എന്നാല്‍, ഞായറാഴ്ച വിവാഹത്തിനെത്തിയപ്പോഴാണ് താലിയും വസ്ത്രങ്ങളും മാത്രമാണുള്ളതെന്ന് സംഘാടകര്‍ അറിയിച്ചതെന്ന് തങ്കന്‍ പറഞ്ഞു. ഇതേപ്പറ്റിയുള്ള തര്‍ക്കമാണ് വിവാഹവേദിയില്‍ ബഹളത്തിനു വഴിവെച്ചത്.
പോലീസെത്തി രണ്ടുവട്ടം ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നത്തിനു പരിഹാരമായില്ല. കൂടുതല്‍ പോലീസെത്തി, വേദിയില്‍ നിന്നവരെ താഴെയിറക്കിയ ശേഷമാണ് ഒന്‍പതുപേരുടെ വിവാഹം നടത്തിയത്. ഇടുക്കിയില്‍നിന്ന് വിവാഹിതരാകാന്‍ വന്നവര്‍ക്കൊപ്പം 75 പേര്‍ രണ്ടു വാഹനങ്ങളിലായി എത്തിയിരുന്നു. വാഹനവാടകയ്ക്കുള്ള പണംപോലും സംഘാടകര്‍ നല്‍കിയില്ലെന്നാരോപിച്ച് ഓഡിറ്റോറിയം പരിസരത്തും തുടര്‍ന്ന് ചേര്‍ത്തല പോലീസ് സ്റ്റേഷനിലും ഇവര്‍ പ്രതിഷേധിച്ചു.
പോലീസ് സാന്നിധ്യത്തില്‍ സംഘാടകരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് 25,000 രൂപ വാഹനവാടകയായി നല്‍കി. ആലപ്പുഴ ഡിവൈ.എസ്.പി. എം.ആര്‍. മധുബാബു, ചേര്‍ത്തല എസ്.ഐ. കെ.പി. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സ്ഥിതിഗതി നിയന്ത്രിച്ചത്.