CrimeNEWS

സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരനെയും അമ്മാവനെയും വെടിവച്ച് കൊന്നു; പ്രതി കുറ്റക്കാരനെന്ന് കോടതി, വിധി ഇന്നുണ്ടായേക്കും

കോട്ടയം: സ്വത്തുതര്‍ക്കത്തെത്തുടര്‍ന്നു സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസിലെ പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ ജോര്‍ജ് കുര്യന്‍ (54) കുറ്റക്കാരനാണെന്ന് അഡിഷനല്‍ സെഷന്‍സ് ജഡ്ജി ജെ.നാസര്‍ കണ്ടെത്തി. ശിക്ഷയെപ്പറ്റി ഇന്നു വാദം നടക്കും. ഇന്നുതന്നെ കോടതി ശിക്ഷ വിധിച്ചേക്കും. കരിമ്പനാല്‍ വീട്ടില്‍ രഞ്ജു കുര്യന്‍ (50), മാതൃസഹോദരനും പ്ലാന്ററുമായ കാഞ്ഞിരപ്പള്ളി പൊട്ടംകുളം മാത്യു സ്‌കറിയ (78) എന്നിവരാണു കൊല്ലപ്പെട്ടത്. വെടിവച്ചു കൊല്ലണമെന്ന ലക്ഷ്യത്തോടെ തോക്കുമായി മനഃപൂര്‍വം വീട്ടില്‍ അതിക്രമിച്ചു കയറല്‍ (ജീവപര്യന്തം തടവുശിക്ഷ ലഭിക്കാം), കൊലപാതകം (ഇരട്ട ജീവപര്യന്തമോ ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാം), വെടിവച്ച ശേഷം വീടിനു പുറത്തിറങ്ങി തോക്കുകാട്ടി വധഭീഷണി മുഴക്കി (7 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം) എന്നീ കുറ്റങ്ങള്‍ ജോര്‍ജ് കുര്യന്‍ ചെയ്തിട്ടുണ്ടെന്നാണു കോടതിയുടെ കണ്ടെത്തല്‍.

50 വെടിയുണ്ടകള്‍ നിറച്ച വിദേശനിര്‍മിത തോക്കുമായെത്തി 6 റൗണ്ട് വെടിവച്ചെന്നാണു തെളിഞ്ഞത്. തോക്കിനു ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചെന്നും കണ്ടെത്തി. പ്രധാന സാക്ഷികള്‍ കൂറുമാറിയെങ്കിലും ശാസ്ത്രീയ തെളിവുകള്‍ പ്രതിക്കെതിരായിരുന്നു.ഹൈദരാബാദ് സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ അസിസ്റ്റന്റ് ഡയറക്ടറും ബാലിസ്റ്റിക് എക്‌സ്‌പെര്‍ട്ടുമായ എസ്.എസ്.മൂര്‍ത്തി കോടതിയില്‍ ഹാജരായി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. പ്രതി ഉപയോഗിച്ച തോക്കുകൊണ്ട് ബാലിസ്റ്റിക് വിദഗ്ധന്‍ വെടിവച്ചു പരിശോധന നടത്തുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരുടെ ദേഹത്തുനിന്നു കണ്ടെടുത്ത വെടിയുണ്ട ഈ തോക്കില്‍ മാത്രമേ നിറയ്ക്കാന്‍ കഴിയൂ എന്നും കണ്ടെത്തി.

Signature-ad

കൊലപാതകത്തിനു തലേദിവസം ജോര്‍ജ് കുര്യന്‍ സഹോദരിയുമായി നടത്തിയ വാട്‌സാപ് ചാറ്റ് അന്വേഷണ സംഘം വീണ്ടെടുത്തിരുന്നു. കൊലപാതകം നടത്തുമെന്നുള്ള സൂചന അതിലുണ്ടായിരുന്നു. ചാറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും എറണാകുളം ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധന നടത്തിയാണു വീണ്ടെടുത്തത്. 2022 മാര്‍ച്ച് ഏഴിനാണു വെടിവയ്പുണ്ടായത്. രഞ്ജു സംഭവസ്ഥലത്തും മാത്യു സ്‌കറിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയുമാണ് മരിച്ചത്. 2023 ഏപ്രില്‍ 24നു വിചാരണ ആരംഭിച്ചു.ജോര്‍ജ് കുര്യന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ തള്ളിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി.എസ്.അജയന്‍, അഭിഭാഷകരായ നിബു ജോണ്‍, സ്വാതി എസ്.ശിവന്‍ എന്നിവര്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: