ജയ്പുര്‍: 2022ല്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെ ഓഫിസില്‍ കയറി തല്ലിയ കേസില്‍ ബിജെപി മുന്‍ എംഎല്‍എ ഭവാനി സിങ് രജാവത്തിനെയും സഹായി മഹാവീര്‍ സുമനെയും പ്രത്യേക കോടതി 3 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. എസ്സി/എസ്ടി കോടതി കുറ്റവാളികള്‍ക്ക് 20,000 രൂപ വീതം പിഴയും ചുമത്തി. ശിക്ഷയ്ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് രജാവത്ത് പറഞ്ഞു.
ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (ഡിസിഎഫ്) രവികുമാര്‍ മീണയുടെ പരാതിയില്‍ 2022 മാര്‍ച്ച് 31 നാണ് രജാവത്തിനും സുമനുമെതിരെ ഐപിസി സെക്ഷന്‍ 332, 353, 34, എസ്സി/എസ്ടി ആക്ട് സെക്ഷന്‍ 3(2) എന്നിവ പ്രകാരം കേസെടുത്തത്. ഒരു ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവച്ചതില്‍ പ്രതിഷേധിച്ച് രജാവത്ത് തന്റെ അനുയായികള്‍ക്കൊപ്പം ഡിസിഎഫിന്റെ ഓഫീസിലേക്ക് ഇരച്ചുകയറുകയും ഡിസിഎഫിനെ തല്ലുകയും ചെയ്തുവെന്നാണ് ആരോപണം. തന്റെ ഇടതുകൈ കൊണ്ട് രജാവത്ത് ഡിസിഎഫിനെ തല്ലുന്ന വീഡിയോ അന്ന് സമൂഹ മാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിച്ചിരുന്നു.