ബെംഗളൂരു: നഗരത്തില്‍ വന്‍ ലഹരി വേട്ട. 24 കോടിയുടെ എം.ഡി.എം.എയുമായി നൈജീരിയന്‍ വനിത പിടിയില്‍. പിടിയിലായത് ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയെന്ന് പോലീസ്. ബെംഗളൂരുവിലെ കെ.ആര്. പുരത്തിന് സമീപം ടി.സി. പാളിയില്‍ നിന്നാണ് യുവതിയെ പോലീസ് പിടികൂടിയത്. ബെംഗളൂരുവിന്റെ നര്‍ക്കോട്ടിക് കണ്ട്രോള് വിങ് നഗരത്തിലുടനീളം നടത്തിവന്ന പ്രത്യേക പരിശോധനയിലാണ് യുവതി പിടിയിലായത്.
ബെംഗളൂരു നഗരത്തില്‍ ഈയടുത്ത് നടന്നിട്ടുള്ളതില്‍ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്. നോര്‍ത്ത് ബെംഗളൂരുവിലെ കമ്മനഹള്ളി പോലെയുള്ള മേഖലകളില്‍ വ്യാപകമായി ലഹരിമരുന്ന് വിതരണം നടക്കുന്നുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് പരിശോധന കടുപ്പിച്ചത്. 12 കിലോ എം.ഡി.എം.എ.യാണ് യുവതിയില്‍ നിന്ന് പോലീസ് പിടികൂടിയത്. മുംബൈയില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ ബെംഗളൂരുവിലേക്ക് എത്തിച്ചത് എന്നാണ് യുവതിയുടെ മൊഴി.
മത്സ്യലോറികള്‍, സോപ്പുപെട്ടികള്‍ എന്നിവയില്‍ ഒളിപ്പിച്ചും ഭക്ഷ്യവസ്തുക്കളുമായി കലര്‍ത്തിയുമാണ് എം.ഡി.എം.എ. കടത്തിയിരിക്കുന്നത്. മൊബൈല്‍ ടവര്‍ ഉപയോഗിച്ച് പിടിക്കപ്പെടാതിരിക്കാനായി നിരവധി മൊബൈല്‍ ഫോണുകളും 70-ഓളം സിംകാര്‍ഡുകളും യുവതി ഉപയോഗിച്ചിരുന്നു. യുവതിക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്നത് ആരാണ് എന്നതടക്കമുള്ള വിവരങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ബെംഗളൂരു പോലീസ് അറിയിച്ചു.