NEWSSports

തോറ്റമ്പി മടുത്തു; പരിശീലകനെ പുറത്താക്കി ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകസ്ഥാനത്തുനിന്ന് മിക്കേല്‍ സ്റ്റാറേയെ പുറത്താക്കി. സീസണിലെ ടീമിന്റെ ദയനീയപ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് ക്ലബ്ബിന്റെ നടപടി. സഹപരിശീലകരെയും പുറത്താക്കിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ക്ലബ്ബ് ഇക്കാര്യം അറിയിച്ചത്.

സീസണില്‍ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ ടീമിന് സാധിച്ചിരുന്നില്ല. നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് 11 പോയന്റുമായി പട്ടികയില്‍ 10-ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. മൂന്നുമത്സരങ്ങളില്‍ മാത്രമാണ് ലീഗില്‍ ടീമിന് വിജയിക്കാന്‍ സാധിച്ചിരുന്നുള്ളൂ. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചപ്പോള്‍ ഏഴ് മത്സരങ്ങള്‍ തോറ്റു. തുടര്‍ തോല്‍വികളുടെ പശ്ചാത്തലത്തില്‍ ബ്ലാസ്റ്റേഴ്സ് ആരാധകകൂട്ടായ്മയായ മഞ്ഞപ്പടയടക്കം നേരത്തേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.കഴിഞ്ഞ മത്സരത്തില്‍ മോഹന്‍ ബഗാനെതിരേ രണ്ടിനെതിരേ മൂന്നുഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്.

Signature-ad

ഇവാന്‍ വുക്കുമാനോവിച്ചിന്റെ പകരക്കാരനായി സീസണിന്റെ തുടക്കത്തിലാണ് സ്റ്റാറേ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകകുപ്പായമണിഞ്ഞത്. 46-കാരനായ സ്റ്റാറേക്ക് 2026 വരേയാണ് ബ്ലാസ്റ്റേഴ്‌സുമായി കരാറുണ്ടായിരുന്നത്. സ്വീഡന്‍, ഗ്രീസ്, ചൈന, യു.എസ്.എ., തായ്‌ലാന്‍ഡ് തുടങ്ങിയിടങ്ങളിലായി എഐകെ, പാനിയോണിയോസ്, ഐഎഫ്‌കെ ഗോട്ടെന്‍ബെര്‍ഗ്, ഡാലിയാന്‍ യിഫാങ്, ബികെ ഹാക്കെന്‍, സാന്‍ ജോസ് എര്‍ത്ത്ക്വാക്‌സ്, സാര്‍പ്‌സ്‌ബോര്‍ഗ് 08, സര്‍പ്‌സ് ബോര്‍ഗ് 08 തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.

രണ്ട് ദശാബ്ദത്തോളം നീണ്ട പരിശീലന പരിചയസമ്പത്തുള്ള സ്റ്റാറേ വിവിധ ക്ലബ്ബുകളിലായി നാനൂറോളം മത്സരങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സ്വീഡിഷ് ക്ലബായ വാസ്ബി യുണൈറ്റിലൂടെയാണ് പരിശീലക കുപ്പായം അണിയുന്നത്. 2009-ല്‍ സ്വീഡിഷ് ക്ലബായ എഐകെയുടെ മുഖ്യ പരിശീലകനായി. എഐകെയ്‌ക്കൊപ്പം സ്വീഡിഷ് ലീഗ് ആയ ഓള്‍സ്വെന്‍സ്‌കാന്‍, സൂപ്പര്‍കുപെന്‍ നേടിയതും ഐഎഫ്‌കെ ഗോട്ടെന്‍ബെര്‍ഗിനൊപ്പം സ്വെന്‍സ്‌ക കുപെന്‍ നേടിയതും അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങളാണ്. എന്നാല്‍ ആ മികവ് ബ്ലാസ്റ്റേഴ്‌സിനായി പുറത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: