KeralaNEWS

നഴ്‌സിംഗ് കോളേജുകളില്‍ പ്രിന്‍സിപ്പലും ക്ലാസെടുക്കണം; കേന്ദ്ര നഴ്‌സിംഗ് കൗണ്‍സില്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: സര്‍ക്കാര്‍, സ്വകാര്യ നഴ്‌സിംഗ് കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരും വൈസ് പ്രിന്‍സിപ്പല്‍മാരും ഉള്‍പ്പെടെ ക്ലാസെടുക്കണമെന്ന് കേന്ദ്ര നഴ്‌സിംഗ് കൗണ്‍സിലിന്റെ നിര്‍ദ്ദേശം. അക്കാഡമിക് കാര്യങ്ങളില്‍ ഇവര്‍ ഒരു ദിവസം കുറഞ്ഞത് നാലു മണിക്കൂര്‍ ചെലവഴിക്കണം. ഭരണപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നതിനുപോലും സമയം തികയാത്ത സാഹചര്യത്തില്‍ അപ്രായോഗികമെന്നാണ് പ്രിന്‍സിപ്പല്‍മാരുടെ നിലപാട്. വൈസ് പ്രിന്‍സിപ്പല്‍മാര്‍ ക്ലാസെടുക്കുന്നുണ്ട്.

അതിന് സമാനമായി പ്രിന്‍സിപ്പല്‍മാരും പ്രവര്‍ത്തിക്കണമെന്നാണ് കേന്ദ്ര നഴ്‌സിംഗ് കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്നത്. ഓരോ കോളേജിലും 20 അദ്ധ്യാപകേതര ജീവനക്കാര്‍ വേണമെന്നും നിര്‍ദ്ദേശിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ഓഫീസ് സൂപ്രണ്ട്, പി.എ ടു പ്രിന്‍സിപ്പല്‍, അക്കൗണ്ടന്റ്, സ്റ്റോര്‍കീപ്പര്‍ എന്നീ തസ്തികകളില്‍ ഓരോരുത്തരും യു.ഡി ക്ലര്‍ക്ക്, എല്‍.ഡി ക്ലര്‍ക്ക്, ലൈബ്രേറിയന്‍, ക്ലാസ്‌റൂം അറ്റന്‍ഡന്റ് തസ്തികകളില്‍ രണ്ടുപേര്‍ വീതവും പ്യൂണ്‍മാരായി നാലുപേരും ഹോസ്റ്റല്‍ വാര്‍ഡന്‍മാരായി മൂന്നുപേരും വേണം. സംസ്ഥാന നഴ്‌സിംഗ് കൗണ്‍സിലാണ് പരിശോധിച്ച് ഉറപ്പാക്കേണ്ടത്.

Signature-ad

യു.ജി.സി ശമ്പളം കൊടുക്കണം

സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലെ അദ്ധ്യാപകര്‍ക്ക് യു.ജി.സി നിരക്കില്‍ ശമ്പളം നല്‍കണമെന്ന് കേന്ദ്ര നഴ്‌സിംഗ് കൗണ്‍സില്‍ വീണ്ടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

യു.ജി.സി തുടക്കകാര്‍ക്ക് നിശ്ചയിച്ചിട്ടുള്ള ശമ്പളം 57,700 രൂപയാണ്. നിലവില്‍ സ്വാശ്രയ കോളേജുകളില്‍ 20,000 മുതല്‍ 35,000 വരെ മാത്രം.

നേരത്തെ കേന്ദ്രനിര്‍ദ്ദേശം അനുസരിച്ച് സംസ്ഥാന കൗണ്‍സില്‍ കോളേജുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും അവഗണിക്കുകയായിരുന്നു. യു.ജി.സി ശമ്പളം നല്‍കാത്ത കോളേജുകളുടെ അഫിലിയേഷന്‍ പുതുക്കി നല്‍കേണ്ടതില്ലെന്ന നിലപാടുവരെ എത്തിയെങ്കിലും നടപടി ഉണ്ടായില്ല.

 

Back to top button
error: