IndiaNEWS

വീണ്ടും രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് കാനഡ; ആശങ്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: സ്റ്റഡി പെര്‍മിറ്റ്, വിസ, മറ്റ് വിദ്യാഭ്യാസ രേഖകള്‍ തുടങ്ങിയവ വീണ്ടും സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ട് കാനഡ. ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്റ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) ആണ് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശവുമായി മെയിലയച്ചത്. ഐആര്‍സിസി അവരുടെ ഫാസ്റ്റ് ട്രാക്ക് സ്റ്റഡി വിസ പ്രോഗ്രാം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഈ നീക്കം. നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഇത് ആശങ്കയിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞയാഴ്ച, പഞ്ചാബില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഇത്തരം ഇമെയിലുകള്‍ ലഭിച്ചിരുന്നു. ചിലരോട് നേരിട്ട് IRCC ഓഫീസുകളില്‍ എത്താനും ആവശ്യപ്പെട്ടു. സമീപ വര്‍ഷങ്ങളില്‍, അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് കാനഡയിലുണ്ടായിരിക്കുന്നത്. ഇതില്‍ സിംഹഭാഗവും ഇന്ത്യന്‍ വിദ്യാര്‍ഥികളാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത് കാനഡയിലാണ്. 4.2 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കാനഡയില്‍ പഠിക്കന്നത്. 3.3 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി അമേരിക്കയാണ് തൊട്ടുപിന്നില്‍.

Signature-ad

സംഭവത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കണമെന്ന് വിദ്യാര്‍ഥികള്‍ ഐആര്‍സിസിയോട് ആവശ്യപ്പെട്ടു. അതേസമയം ഐആര്‍സിസിയുടെ നിര്‍ദേശങ്ങള്‍ പിന്തുടരാനാണ് വിദഗ്ദനിര്‍ദേശം. ഇമിഗ്രേഷന്‍ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2023 മെയ് വരെ പത്തു ലക്ഷത്തിലധികം വിദേശ വിദ്യാര്‍ഥികളാണ് കാനഡയിലുള്ളത്. ഇതില്‍ 3,96,235 പേര്‍ 2023ന്റെ അവസാനത്തോടെ തൊഴില്‍ പെര്‍മിറ്റ് നേടിയിട്ടുണ്ട്. എന്നാല്‍ വിസാ കാലവധി അവസാനിക്കുന്നതിന്റെയും, കുടിയേറ്റ നയം കര്‍ശനമാക്കിയതിന്റെയും ആശങ്കയിലാണ് വിദ്യാര്‍ഥികള്‍.

സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ബന്ധമുണ്ടെന്നാരോപിച്ച് സെപ്തംബറില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞ ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കിയിരുന്നു. ഇതിന് മറുപടിയായി ഇന്ത്യയിലുള്ള കനേഡിയന്‍ ഉദ്യോഗസ്ഥരെയും പുറത്താക്കുകയുണ്ടായി. ഇതിനുപിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

Back to top button
error: