പാലക്കാട് കരിമ്പ വാഹനാപകടത്തിൽ മരിച്ച പെൺകുട്ടികൾക്കു കണ്ണീർപ്രണാമം അർപ്പിച്ച് നാട്. മൃതദേഹങ്ങൾ വീടുകളിൽ നിന്നു തുപ്പനാട് ജുമാ മസ്ജിദിനു തൊട്ടടുത്തുള്ള കരിമ്പനക്കൽ ഹാളിൽ എത്തിച്ചു. പൊതുദർശനം ആരംഭിച്ചതു മുതൽ മൃതദേഹങ്ങൾക്കു മുൻപിൽ ഉറ്റവരും നാട്ടുകാരും സങ്കടം അടക്കാനാവാതെ കരയുകയാണ്.
പൊതുദർശനത്തിനു ശേഷം ജുമാ മസ്ജിദിലാണു കബറടക്കം. പരീക്ഷയെഴുതി സ്കൂളിൽനിന്നു വീട്ടിലേക്കു നടന്നുപോവുമ്പോൾ ലോറി ദേഹത്തേക്കു മറിഞ്ഞാണു കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസുകാരായ ചെറുള്ളി പള്ളിപ്പുറം അബ്ദുൽ സലാമിന്റെയും ഫാരിസയുടെയും മകൾ പി.എ.ഇർഫാന ഷെറിൻ, പെട്ടേത്തൊടി അബ്ദുൽ റഫീഖിന്റെയും ജസീനയുടെയും മകൾ റിദ ഫാത്തിമ, കവുളേങ്ങിൽ സലീമിന്റെയും നബീസയുടെയും മകൾ നിദ ഫാത്തിമ, അത്തിക്കൽ ഷറഫുദ്ദീന്റെയും സജ്നയുടെയും മകൾ എ.എസ്.ആയിഷ എന്നീ 13 കാരികളായ 4 വിദ്യാർത്ഥിനികൾ മരിച്ചത്.
ഇവരുടെ സഹപാഠി അജ്ന ഷെറിൻ സമീപത്തെ ചെറിയ കുഴിയിലേക്കു തെറിച്ചുവീണതിനാൽ പരുക്കില്ലാതെ രക്ഷപ്പെട്ടു. പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ ഒട്ടേറെ അപകടമരണങ്ങൾ നടന്ന കരിമ്പ പനയംപാടം വളവിൽ ഇന്നലെ വൈകിട്ട് 3.40നായിരുന്നു അപകടം. മരിച്ച 4 പേരുടെയും വീടുകൾ അരക്കിലോമീറ്ററിനുള്ളിലാണ്.
പാലക്കാട്ടുനിന്നു മണ്ണാർക്കാട് ഭാഗത്തേക്കു സിമന്റ് കയറ്റിപ്പോയ ലോറി എതിർദിശയിൽ വന്ന ലോറിയുടെ പിൻഭാഗത്ത് ഇടിച്ച് ഇടതുവശത്തേക്കു പാഞ്ഞു കയറി വിദ്യാർഥിനികളുടെ ദേഹത്തേക്കു മറിയുകയായിരുന്നു. അപകടം നടന്നയുടൻ സിമന്റ്പൊടി പറന്നതിനാൽ കുറച്ചു നേരത്തേക്ക് ഒന്നും വ്യക്തമായില്ല. പിന്നീടു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സിമന്റ് ലോഡ് മാറ്റി ലോറി ഉയർത്തിയ ശേഷമാണ് അടിയിൽ കുടുങ്ങിയ വിദ്യാർഥിനികളെ പുറത്തെടുക്കാനായത്. തുടർന്നു ക്രെയിൻ ഉപയോഗിച്ചു ലോറി മാറ്റി കൂടുതൽ പേർ അടിയിൽ ഇല്ലെന്ന് ഉറപ്പാക്കി. 5 പേരും പതിവായി ഒരുമിച്ചാണു സ്കൂളിൽ പോയി വന്നിരുന്നത്.