ഭുവനേശ്വര്‍: റെയില്‍വേ ട്രാക്കില്‍ ആനകള്‍ എത്തിയാല്‍ മുന്നറിയിപ്പ് നല്‍കാനായി ഒഡിഷയിലെ വനത്തില്‍ സ്ഥാപിച്ച എഐ ക്യാമറകള്‍ വിജയകരം. റൂര്‍ക്കേല ഫോറസ്റ്റ് ഡിവിഷനിലെ നാല് എഐ ക്യാമറകള്‍ ആനക്കൂട്ടത്തെ കണ്ടതിന് പിന്നാലെ കണ്ട്രോള് റൂമിലേക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. തുടര്‍ന്ന് ട്രെയിനുകള്‍ പിടിച്ചിട്ട് അപകടം ഒഴിവാക്കി.
വിരമിച്ച ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സുശാന്ത് നന്ദയാണ് തന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ എഐ ടെക്നോളജി ആനകളുടെ ജീവന് രക്ഷിച്ച നേട്ടം പങ്കുവെച്ചത്. ട്രെയിനുകള്‍ കടന്നുപോകുമ്പോള്‍ ആനകളെ ഇടിക്കുകയും അപകടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ ഒഡിഷയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഈ സാഹചര്യത്തിലാണ് എഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.
പരീക്ഷണാടിസ്ഥാനത്തിലാണ് റൂര്‍ക്കേല ഫോറസ്റ്റ് ഡിവിഷനില്‍ പദ്ധതി നടപ്പിലാക്കിയത്. പദ്ധതി വിജയകരമായതോടെ കിയോഞ്ജര്‍, ബോണായി ഫോറസ്റ്റ് ഡിവിഷനുകളിലും ഈ രീതി തുടരാനാണ് ഒഡിഷ വനംവകുപ്പിന്റെ തീരുമാനം. ‘റെയില്‍വെ ലൈനിലേക്ക് നടന്നടുക്കുന്ന ആനകളെ എഐ ക്യാമറ തിരിച്ചറിഞ്ഞ് സൂം ചെയ്യുന്നു. പിന്നീട് ട്രെയിന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട് കണ്ട്രോള് റൂമിലേക്ക് അലര്‍ട്ടുകള്‍ അയച്ചു. ഞങ്ങള്‍ പരിഹാരം കണ്ടെത്തിയിരിക്കുന്നു. ഈ പദ്ധതി വിജയകരമായതില്‍ ഞങ്ങള്‍ക്ക് സന്തോഷം ഉണ്ട്. വനത്തിലെ മൃഗങ്ങള്‍ക്ക് സംഭവിക്കുന്ന അപകടങ്ങള്‍ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമറകള്‍ സ്ഥാപിച്ചത്,’ സുശാന്ത് നന്ദ എക്സില്‍ കുറിച്ചു. എഐ ക്യാമറ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളും അദ്ദേഹം ഒപ്പം പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് വിഡിയോക്കടിയില്‍ സന്തോഷം അറിയിച്ച് കമന്റുകള്‍ പങ്കുവെച്ചിട്ടുള്ളത്.