KeralaNEWS

വിമതര്‍ക്ക് ‘പൊതുമാപ്പു’മായി സിപിഐ; തെറ്റ് ഏറ്റുപറഞ്ഞാല്‍ പുനഃപ്രവേശം

തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കേ, സേവ് സിപിഐ ഫോറത്തില്‍ ഉള്‍പ്പെടെയുള്ള വിമതരെ ഉപാധികളോടെ സ്വീകരിക്കാമെന്ന് സിപിഐ നിലപാടെടുത്തു. വിമതരോടു ദാക്ഷിണ്യം വേണ്ടെന്ന മുന്‍നിലപാടാണു തിരുത്തിയത്. വിമതരില്‍ പരസ്യമായി തെറ്റ് ഏറ്റുപറയുന്നവരുടെ പുനഃപ്രവേശം പരിഗണിക്കാനാണു നേതൃത്വത്തിന്റെ തീരുമാനം. വ്യക്തിബന്ധങ്ങള്‍ മൂലം വിമതപക്ഷത്ത് എത്തിയവര്‍ക്കായിരിക്കും ആനുകൂല്യം. വിമതനേതാക്കളുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണു ധാരണ.

നേതൃത്വവുമായി ഇടഞ്ഞ് ഏറെക്കാലം പാര്‍ട്ടി പരിപാടികളില്‍ നിന്നു വിട്ടുനിന്ന മുതിര്‍ന്ന നേതാവ് കെ.ഇ.ഇസ്മായില്‍ സംഘടനയില്‍ സജീവമായതു തീരുമാനത്തിനു പ്രധാന കാരണമായെന്നാണു സൂചന. ഇസ്മായിലിന്റെ സാന്നിധ്യം പരിപാടികളില്‍ ഉറപ്പാക്കാന്‍ നേതൃത്വം ശ്രദ്ധിക്കുന്നുണ്ട്.

Signature-ad

പാലക്കാട്, കൊല്ലം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ വിഭാഗീയത കാര്യമായി പ്രകടമാണെങ്കിലും, പാര്‍ട്ടി കമ്മിഷന്‍ കണ്ടെത്തലില്‍ നടപടി നേരിട്ടവര്‍ പാലക്കാട് സേവ് സിപിഐ ഫോറം രൂപീകരിച്ചതു നേതൃത്വത്തിനു വെല്ലുവിളിയായി. ജില്ലാ നേതൃത്വത്തിന്റെ അഴിമതിയും ഏകാധിപത്യവും ശക്തമായി എതിര്‍ത്തതാണു നടപടിക്കു കാരണമെന്ന് ആരോപിച്ച വിമതര്‍ പോഷകസംഘടനകളും രൂപീകരിച്ചു. 7 ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 30 പേരെയാണു പാലക്കാട്ടു പുറത്താക്കിയത്.

ഫോറം പ്രവര്‍ത്തനം മറ്റു ജില്ലകളിലേക്കു വ്യാപിക്കാതിരിക്കാന്‍ നേതൃത്വം ശ്രദ്ധിച്ചു. അംഗത്വം പുതുക്കല്‍ അവസാനിച്ചതോടെ വിമതര്‍ പാര്‍ട്ടിയില്‍ നിന്നു പൂര്‍ണമായി പുറത്തായി. ഏതാണ്ട് 136 പേര്‍ അംഗത്വം പുതുക്കിയില്ല. പാര്‍ട്ടിയുടെ പേരുപയോഗിച്ച് ഫോറം പണപ്പിരിവു നടത്തുന്നതായി ആരോപിച്ച് നിയമനടപടിക്കും നേതൃത്വം നീക്കം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: