NEWSWorld

വിലയേറിയ ആഭരണങ്ങള്‍, ആഡംബര കാറുകള്‍ എല്ലാം കൊള്ളയടിക്കപ്പെട്ടു; ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും പിന്നാലെ സിറിയയും

ഡമാസ്‌ക്‌സ്: ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും സമാനമായി പ്രതിഷേധക്കാര്‍ സിറിയന്‍ പ്രസിഡന്റിന്റെ വസതിയിലെ വിലപിടിപ്പുള്ള ആഡംബര വസ്തുക്കളെല്ലാം കൊള്ളയടിക്കപ്പെട്ടു. ബഷാര്‍ അല്‍ അസദും കുടുംബവും രാജ്യംവിട്ടതിന് പിന്നാലെ തലസ്ഥാനത്തിന്റെ നിയന്ത്രണം വിമതര്‍ പിടിച്ചെടുക്കുകയായിരുന്നു. അസദിന്റെ കൊട്ടാരവും മറ്റും കയ്യേറിയ വിമതര്‍ ഇറാന്റെ സ്ഥാനപതികാര്യാലയത്തിലും അതിക്രമിച്ചുകയറി.

31,500 ചതുരശ്ര മീറ്റര്‍ വരുന്ന അല്‍ റവാദയിലെ അസദിന്റെ കൊട്ടാരം മുഴുവന്‍ കൊള്ളയടിക്കപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന വിമതസംഘം അസദിന്റെ കിടപ്പുമുറിയും ഔദ്യോഗികാവശ്യത്തിന് ഉപയോഗിക്കുന്ന കാബിനുകളും കൊട്ടാരത്തോട് ചേര്‍ന്ന പൂന്തോട്ടവുമെല്ലാം പൂര്‍ണമായും നശിപ്പിച്ചു. ഫര്‍ണിച്ചറുകള്‍, ആഭരണങ്ങള്‍, ലൂയി വിറ്റന്‍ ബാഗുകള്‍, ആഡംബര കാറുകള്‍ തുടങ്ങിയവയെല്ലാം കൊള്ളയടിക്കപ്പെട്ടു. പലരും കൊട്ടാരത്തിനുള്ളിലിരുന്ന് ചിത്രങ്ങള്‍ പകര്‍ത്തി. ജനങ്ങളുടെ കൊട്ടാരം എന്നാണ് അവരിതിനെ വിശേഷിപ്പിച്ചത്.

Signature-ad

കെട്ടിടങ്ങള്‍ തകര്‍ത്ത വിമതര്‍ അസദിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ നശിപ്പിച്ചു. കൊട്ടാരത്തില്‍ ഉപയോഗിച്ചിരുന്ന മെഴ്‌സിഡസ് ബെന്‍സ് കാര്‍, എസ്യുവികള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവ ഉള്‍പ്പെടെ വിമതര്‍ കൈക്കലാക്കി. കൊട്ടാരത്തിലെ വസ്ത്രങ്ങള്‍, പ്ലേറ്റുകള്‍, ഷോപ്പിംഗ് ബാഗ് തുടങ്ങി കയ്യില്‍ കിട്ടിയതെല്ലാം വിമതര്‍ തട്ടിയെടുത്തു. കൊട്ടാരത്തിലെ കസേരകള്‍ ചുമലിലെടുത്തുകൊണ്ടുപോയി. സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളെല്ലാം നിലത്ത് വാരിയിട്ടശേഷം കപ്‌ബോര്‍ഡുകളും എടുത്തുകൊണ്ട്പോയി. ചിലര്‍ കൊട്ടാരത്തിനുള്ളില്‍ വെടിയുതിര്‍ത്താണ് സന്തോഷം പ്രകടിപ്പിച്ചത്. അവസാനം കൊട്ടാരത്തിലെ മുറികള്‍ക്ക് തീ വയ്ക്കുകയും ചെയ്തു.

ബംഗ്ലാദേശിലും സമാനമായ സാഹചര്യമാണ് ഉണ്ടായിരുന്നത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷേഭങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജിവച്ച ഷെയ്ഖ് ഹസീന ബംഗ്ലാദേശ് വിട്ടതിന് പിന്നാലെ പ്രക്ഷോഭകര്‍ അവരുടെ ഔദ്യോഗിക വസതിയില്‍ അതിക്രമിച്ച് കയറി. ബംഗ്ലാദേശ് മുന്‍ പ്രസിഡന്റും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ പ്രതിമയും ഓഫീസും തകര്‍ത്തു. ഷെയ്ഖ് ഹസീനയുടെ അടിവസ്ത്രങ്ങള്‍, സാരികള്‍ ഉള്‍പ്പെടെയുള്ളവയും വസതിയിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളുമെല്ലാം പ്രക്ഷോഭകര്‍ കൊള്ളയടിച്ചു. ശ്രീലങ്കയിലും സമാനമായ സാഹചര്യമാണ് ഉണ്ടായത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: