KeralaNEWS

അതിദാരുണം: ആലപ്പുഴയിൽ പൊലിഞ്ഞത് 5 മെഡിക്കല്‍ വിദ്യാർത്ഥികളുടെ ജീവൻ, 2  പേരുടെ നില ഗുരുതരം; അപകടം നടന്നത്  സിനിമ കാണാന്‍ പോയപ്പോള്‍

      ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ മരിച്ച മെഡിക്കൽ വിദ്യാർത്ഥികളുടെ പോസ്റ്റ്‌മോര്‍ട്ടം രാവിലെ നടക്കും. വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ അതിദാരുണമായി മരണപ്പെട്ടത്. 5 വിദ്യാര്‍ത്ഥികള്‍ മരിച്ചു. 6 പേര്‍ക്ക് പരിക്കേറ്റു. പോസ്റ്റ് മോർട്ടത്തിന് ശേഷം വണ്ടാനം മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം വീടുകളിലേയ്ക്കു കൊണ്ടുപോകും. വൈറ്റിലയില്‍ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസുമായിട്ടാണ് കാര്‍ കൂട്ടിയിടിച്ചത്. ബസിലെ നാലു യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണ് മരിച്ചത്.

Signature-ad

പുതുക്കുറിച്ചി മരിയനാട് ഷൈന്‍ ലാന്‍ഡില്‍ ഷൈന്‍ ഡെന്റ്‌സണ്‍ (19), എടത്വാ സ്വദേശി ആല്‍വിന്‍ ജോര്‍ജ് (19), ചേര്‍ത്തല മണപ്പുറം മണപ്പുറത്ത് വീട്ടില്‍ കൃഷ്ണദേവ് (19), എറണാകുളം കണ്ണന്‍കുളങ്ങര പാണ്ടിപ്പറമ്പ് ലക്ഷ്മിഭവനത്തില്‍ ഗൗരീശങ്കര്‍ (19), കൊല്ലം ചവറ പന്മന വെളുത്തേടത്ത് മക്കത്തില്‍ മുഹസ്സിന്‍ മുഹമ്മദ് (19), കൊല്ലം പോരുവഴി മുത്തുപിളക്കാട് കാര്‍ത്തിക വീട്ടില്‍ ആനന്ദ് മനു (19) എന്നിവർ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇതില്‍ ഗൗരീശങ്കറിന്റെ നില ഗുരുതരമാണ്.

ആലപ്പുഴയില്‍ സിനിമ കാണാന്‍ പോയതായിരുന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍. പരിക്കേറ്റ് ചികിത്സയിലുള്ള ഗൗരീശങ്കറാണ് കാര്‍ ഓടിച്ചിരുന്നത്. അപകടം സംഭവിച്ച ടവേര കാറിൽ 11 പേർ ഉണ്ടായിരുന്നു. ബസിലേക്ക് ഇടിച്ചു കയറിയ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്തെടുത്തത്. 3 പേര്‍ മരിച്ച നിലയിലായിരുന്നു അപ്പോൾ. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് രണ്ടു പേര്‍ മരിച്ചത്. അമിത വേഗതയിലെത്തിയ കാര്‍ ബ്രേക്ക് ചെയ്തപ്പോള്‍ തെന്നി ബസിനു നേരേ വന്നു. ഇതുകണ്ട് ഡ്രൈവര്‍ ഇടതുവശം ചേര്‍ത്ത് നിര്‍ത്തിയെങ്കിലും ബസിന്റെ മുന്‍വശത്ത് കാര്‍ ഇടിച്ചുകയറുകയായിരുന്നു എന്ന് കെഎസ്ആര്‍ടിസി അധികൃതരുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: