പരിപാടിക്ക് പങ്കെടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തെന്ന കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെ വീണ്ടും കേസെടുത്തു. അതിനാല്‍ താരത്തിനെ ഇനി വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. വിശ്വാസ വഞ്ചന, ചതി, പണമപഹാരം എന്നീ കുറ്റങ്ങളാണ് താരത്തിന് മേല്‍ചുമത്തിയിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതിയാണ് സണ്ണി ലിയോണ്‍, മറ്റ് പ്രതികള്‍ ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും മാനേജര്‍ സണ്ണി രജനിയുമാണ്.
ഷിയാസ് പെരുമ്പാവൂരായിരുന്നു പരാതിക്കാരന്. അങ്കമാലിയില്‍ 2019ലെ വാലന്റൈന്‍സ് ഡേയില്‍ നടക്കാനിരിക്കുന്ന പരാപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം അവസാന നിമിഷം പരിപാടിയില്‍ നിന്ന് പിന്മാറിയെന്നാണ് കേസ്. അതിനായി താരം 39 ലക്ഷം രൂപ വാങ്ങിയെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, കഴിഞ്ഞ ദിവസം കേസില്‍ സണ്ണി ലിയോണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. നോട്ടീസ് നല്‍കാതെ അറസ്റ്റ് ചെയ്യാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.
കേരളത്തില്‍ അവധി ആഘോഷിക്കാനെത്തിയ സണ്ണി ലിയോണിനെയാണ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.താന്‍ ആരുടെയും പണം വാങ്ങിയിട്ടില്ലെന്നും പറഞ്ഞ സമയത്ത് പരിപാടി സംഘടിപ്പിക്കാന്‍ സാധിക്കാതിരുന്നത് സംഘാടകരുടെ കഴിവുകേടാണെന്നുമായിരുന്നു സണ്ണിലിയോണ്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ മൊഴി നല്‍കിയത്. പരിപാടി നടത്തുവാന്‍ സണ്ണിലിയോണ്‍ അഞ്ചുതവണ ഷിയാസിന് ഡേറ്റ് നല്‍കിയിരുന്നു. എന്നാല്‍ അഞ്ചു തവണയും പരിപാടി കോഡിനേറ്റ് ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്നും താരം പറഞ്ഞിരുന്നു.
അതേസമയം, ബഹ്റൈനില്‍ നടത്താനിരുന്ന പരിപാടിക്കായി 19 ലക്ഷം നല്‍കിയിരുന്നെന്ന പരാതിക്കാരന്റെ പുതിയ ആരോപണത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഷിയാസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷമായിരിക്കും ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് ഡിവെഎസ്പി സജീവിനാണ് ഇനി കേസ് അന്വേഷണത്തിന്റെ ചുമതല.